പത്തനംതിട്ട: ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ ബാലസുബ്രഹ്മണ്യനെതിരെ പമ്പ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിനാണ് കേസ്. ഐപിസി 279, 337, 338 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഗുരുതര പിഴവ് വരുത്തിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു.
ഇറക്കം ഇറങ്ങുമ്പോള്‍ ഗിയര്‍ മാറ്റി ന്യൂട്രലില്‍ ഇട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഇന്ധനം ലാഭിക്കാനാണ് ഇങ്ങനെ ചെയ്തത്. എഞ്ചിന്‍ ഓഫാക്കുകയും, ഇടയ്ക്കിടെ ബ്രേക്ക് ചെയ്യുകയും ചെയ്തതുവഴി ബ്രേക്കിങ്ങ് സംവിധാനത്തില്‍ നിന്ന് എയര്‍ ചോര്‍ന്നു പോയി.
ഇതേത്തുടര്‍ന്ന് ബ്രേക്കിട്ടപ്പോള്‍ ബ്രേക്ക് ലഭിക്കാതെ വന്നു. ഡ്രൈവര്‍ ബസ് ഇടത്തേക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് വലതുഭാഗത്തേക്ക് മറിയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായ പിഴവുണ്ടായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവര്‍ ബാലസുബ്രഹ്മണ്യം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇദ്ദേഹത്തിന്റെ മൊഴിയെടുത്ത ശേഷമാകും തുടര്‍നടപടിയെടുക്കുക. ഇലവുങ്കലില്‍ നിന്നും എരുമേലിയിലേക്കുള്ള പാതയില്‍ കുത്തനെ ഇറക്കവും കൊടും വളവുകളുമുണ്ട്. ശബരിമല റൂട്ടില്‍ വരുന്ന വാഹനങ്ങള്‍ ഇറക്കമിറങ്ങുമ്പോള്‍ ഗിയര്‍ മാറ്റി ന്യൂട്രലില്‍ സഞ്ചരിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പല തവണ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.
അതേസമയം ഇലവുങ്കല്‍ അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അപകടകാരണം അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 50 പേര്‍ക്കാണ് പരിക്കേറ്റത്.
ഇലവുങ്കല്‍ കഴിഞ്ഞ് എരുമേലി റൂട്ടില്‍ നാറാണുതോട്ടിലേക്കു വരുന്ന മൂന്നാമത്തെ വളവിലാണ് ബസ് ഏകദേശം 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. 8 കുട്ടികളടക്കം തഞ്ചാവൂര്‍ സ്വദേശികളായ 64 തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates