തദ്ദേശ തെരഞ്ഞെടുപ്പ്  ഫയൽ ചിത്രം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറരുത്, ജാതിഭ്രഷ്ട് പാടില്ല, മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശം. മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ പാടില്ല.

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌ക്കരണം, സാമൂഹിക ജാതിഭ്രഷ്ട്യ തുടങ്ങിയ ഭീഷണികളും പാടില്ല. വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ അയാളുടെ അനുവാദം കൂടാതെ ബാനര്‍, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കലനോ മുദ്രാവാക്യം എഴുതാനോ പാടില്ല. മറ്റു കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും മാറ്റി വച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ എഴുതി വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കും. അതിന് വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.

പൊതുയോഗങ്ങള്‍

പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിച്ചിരിക്കണം. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ത്ഥിയോ ഉറപ്പു വരുത്തണം. അത്തരത്തില്‍ ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതാണ്. തങ്ങളുടെ അനുയായികള്‍ മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പു വരുത്തണം. യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുവാദം വാങ്ങിയിരിക്കണം.

ജാഥകള്‍

ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം.

ജാഥകള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും ജാഥയുടെ റൂട്ടും, ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കേണ്ടതും അവ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്. ജാഥ കടന്നുപോകുന്ന പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായി പാലിക്കണം. ഗതാഗതകുരുക്ക് ഒഴിവാക്കുകയും ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. മറ്റ് പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടു നടക്കുന്നതും പരസ്യമായി കോലം കത്തിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ലഘുലേഖകള്‍, പോസ്റ്ററുകള്‍

ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. കൂടാതെ അച്ചടിക്കുന്നതിനു മുന്‍പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫാറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നല്‍കേണ്ടതും അച്ചടിച്ചശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫാറത്തില്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്.

തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളത് സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിച്ചിരിക്കണം.

മാധ്യമ പരസ്യങ്ങള്‍

രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ പാടില്ല.

വാഹനങ്ങള്‍

വാഹനങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മോട്ടോര്‍വാഹന നിയമങ്ങളും മറ്റ് നിയമങ്ങളും പാലിച്ചായിരിക്കണം.

ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയ ശേഷം മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ, വീഡിയോ പ്രചാരണവാഹനമായോ ഉപയോഗിക്കാവൂ.

പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല

Election campaigning model code of conduct must follow state election commission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

കമ്പ്യൂട്ടർ ഹാർഡ്‌വെയർ,പൈത്തൺ,അഡ്വാൻസ്ഡ് എക്സൽ ഓൺലൈനായി പഠിക്കാം

'വാരാണസി‌യിലൂടെ തെലുങ്ക് സിനിമയിൽ പുത്തൻ പരീക്ഷണവുമായി രാജമൗലി'; വരാൻ പോകുന്നത് ദൃശ്യ വിസ്മയം

'കൃഷിയിടത്തില്‍ വെക്കുന്ന പേക്കോലം പോലെ'; മന്ത്രി വിഎന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

'ബിജെപിയില്‍ കൂട്ട ആത്മഹത്യ നടക്കുന്നു; മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ പോലും സിപിഎം നിലം തൊടില്ല'

SCROLL FOR NEXT