കൊച്ചി: കേരളത്തിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര സംരക്ഷണ കേന്ദ്രത്തിലെത്തിച്ച കുട്ടിയാന മായയുടെ ആരോഗ്യനിലയിൽ ആശ്വാസകരമായ പുരോഗതിയെന്ന് റിപ്പോർട്ട്. പുതിയ സാഹചര്യങ്ങളുമായി മായ പതുക്കെ പൊരുത്തപ്പെട്ടു വരികയാണെന്നും, എല്ലുകൾക്കുണ്ടായ ഒന്നിലധികം ഒടിവുകൾക്കും 'റിക്കറ്റ്‌സ്' രോഗത്തിനും തീവ്രപരിചരണവും പോഷകാഹാര ചികിത്സയും നൽകിവരികയാണെന്നും അധികൃതർ അറിയിച്ചു.
നേരത്തെ കണ്ടെത്തിയ റിക്കറ്റ്‌സിനും രണ്ട് മുൻകാലുകളിലെയും ഒടിവുകൾക്കും പുറമെ, ഇടത് പിൻകാലിലെ എല്ലിനും പൊട്ടലുള്ളതായി എക്സ്-റേ പരിശോധനയിൽ കണ്ടെത്തി. ഒടിഞ്ഞ ഭാഗത്തിന് സ്ഥാനചലനം സംഭവിച്ചിട്ടുണ്ടെന്നും ചുറ്റുമുള്ള പേശികളിൽ നീർക്കെട്ടുണ്ടെന്നും ആനക്കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രക്തപരിശോധനയിൽ ശരീരത്തിലെ നീർക്കെട്ടിനെ സൂചിപ്പിക്കുന്ന ഹെറ്ററോഫിൽ അളവ് കൂടുതലാണെന്നും, പുതിയ എല്ലുകളുടെ രൂപീകരണത്തെ സൂചിപ്പിക്കുന്ന ഓസ്റ്റിയോകാൽസിൻ അളവ് വളരെ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് എല്ലുകൾ കൂടിച്ചേരുന്നതിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ വിറ്റാമിൻ ഡി, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് കൃത്യമായി നിരീക്ഷിച്ചുവരികയാണ്.
എല്ലുകളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനുമായി മായയുടെ ഭക്ഷണക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 6 മുതൽ 7 ലിറ്റർ വരെ പാൽ മായ കുടിക്കുന്നുണ്ട്. ഇതിനുപുറമെ പച്ചപ്പുല്ല്, തണ്ണിമത്തൻ, പപ്പായ, വാഴപ്പഴം, വെള്ളരിക്ക തുടങ്ങിയ ഖരാഹാരങ്ങളും കഴിക്കാൻ താല്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ, സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഭക്ഷണത്തിലൂടെയും കുത്തിവയ്പ്പിലൂടെയും നൽകുന്നുണ്ട്.
ഒടിവുകൾ സംഭവിച്ച രണ്ട് മുൻകാലുകളിലും ഇടത് പിൻകാലിലും ചലനം നിയന്ത്രിക്കുന്നതിനായി ഫൈബർഗ്ലാസ് കാസ്റ്റുകൾഇട്ടിരിക്കുകയാണ്. കിടപ്പിലായതിനാൽ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാകാതിരിക്കാൻ മൃദുവായ കിടക്ക ഒരുക്കുകയും ഓരോ 6-7 മണിക്കൂർ കൂടുമ്പോഴും കിടക്കുന്ന വശം മാറ്റിക്കൊടുക്കുകയും ചെയ്യുന്നു. രാവിലത്തെ ഇളംവെയിൽ കൊള്ളിക്കുന്നതിനായി ചലിക്കുന്ന ട്രോളിയിലാണ് മായയെ പുറത്തേക്ക് കൊണ്ടുവരുന്നത്.
ഒടിവുകൾ ഭേദമാകുന്നത് വിലയിരുത്താൻ ആഴ്ചതോറും എക്സ്-റേ പരിശോധനകൾ നടത്തും. എല്ലുകൾ കൂടിച്ചേരുന്ന മുറയ്ക്ക്, ബാഹ്യസഹായത്തോടെ മായയെ എഴുന്നേറ്റ് നിൽക്കാൻ പരിശീലിപ്പിക്കും. ശരീരത്തിന് സ്ഥിരത കൈവരിക്കുന്നതോടെ തുടർചികിത്സയുടെ ഭാഗമായി 'ഹൈഡ്രോതെറാപ്പി' നൽകാനും ഡോക്ടർമാരുടെ സംഘം തീരുമാനിച്ചിട്ടുണ്ട്
2025 ഏപ്രിൽ 18-നാണ് ആനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. തുടർന്ന് കോടനാട് അഭയാരണ്യത്തിൽ പരിചരണത്തിലായിരുന്ന മായയ്ക്ക് ജൂണിൽ കേന്ദ്രമന്ത്രി കീർത്തി വർധൻ സിംഗാണ് പേര് നൽകിയത്. പിന്നീട് കളിക്കുന്നതിനിടെ വീണ് തോളിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റതോടെയാണ് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മായയെ ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റിയത്. വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്താൽ മായയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates