Elite Foods Founder T.R. Raghulal Passes Away at 64. Elite Foods
Kerala

എലൈറ്റ് ഫുഡ്സ് സ്ഥാപകൻ ടി ആർ രഘുലാൽ അന്തരിച്ചു

കർഷകരിൽ നിന്ന് നേരിട്ട് അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന 'ഫാം ടു ഫോർക്ക്' ആശയം നടപ്പാക്കിയതും രഘുലാലിന്റെ ശ്രദ്ധേയമായ പ്രവർത്തനമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൃശൂർ: പ്രമുഖ വ്യവസായിയും എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.ആർ. രഘുലാൽ (64) അഹമ്മദാബാദിൽ അന്തരിച്ചു. 1986ൽ ആലപ്പുഴ അരൂരിൽ ചെറിയ ബ്രഡ് നിർമാണ യൂണിറ്റായി ആരംഭിച്ച എലൈറ്റ് ഫുഡ്സിനെ രാജ്യത്തെ പ്രമുഖ ഭക്ഷ്യബ്രാൻഡുകളിലൊന്നാക്കി വളർത്തിയതിൽ രഘുലാലിന്റെ സംരംഭക മികവാണ്.

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് മാനേജ്മെന്റിൽ ബിരുദം നേടിയ തണ്ടാശ്ശേരി രാഘവൻ രഘുലാൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) മുൻ ചെയർമാനുമായിരുന്നു. ഇന്ന് 20 രാജ്യങ്ങളിൽ സാന്നിധ്യമുള്ള എലൈറ്റ് ഗ്രൂപ്പിനെ ഭക്ഷ്യമേഖലയ്ക്ക് പുറമെ റിയൽ എസ്റ്റേറ്റ്, സൗരോർജം തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം വളർത്തി. എലൈറ്റ് ഡെവലപ്പേഴ്സ്, സോൾജെൻ എനർജി എന്നിവയാണ് ഈ മേഖലയിലെ പ്രധാന സംരംഭങ്ങൾ.

കർഷകരിൽ നിന്ന് നേരിട്ട് അസംസ്കൃത വസ്തുക്കൾ ശേഖരിച്ച് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന 'ഫാം ടു ഫോർക്ക്' ആശയം നടപ്പാക്കിയതും രഘുലാലിന്റെ ശ്രദ്ധേയമായ പ്രവർത്തനമാണ്. ബേക്കറി യൂണിറ്റുകൾക്ക് ആവശ്യമായ ഗുണമേന്മയുള്ള ഗോതമ്പുപൊടി ലഭ്യമാക്കുന്നതിനായി 1991ൽ എലൈറ്റ് റോളർ ഫ്ലവർ മില്ലിങ് യൂണിറ്റും ആരംഭിച്ചു. രാജ്യത്ത് റസ്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിച്ച ആദ്യ കമ്പനിയെന്ന നേട്ടവും എലൈറ്റിനുണ്ട്.

രാജ്യാന്തര വിപണി ലക്ഷ്യമിട്ട് എലൈറ്റ് ഗ്രീൻ എന്ന സംരംഭത്തിനും തുടക്കമിട്ടു. ഭക്ഷ്യസുരക്ഷയ്ക്കും ഗുണനിലവാരത്തിനും പ്രാധാന്യം നൽകിയ അദ്ദേഹം ജൈവകർഷക കൂട്ടായ്മകൾ രൂപീകരിക്കുകയും കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വ്യവസായിയും സംരംഭകനും എന്നതിലുപരി പ്രകൃതിസ്നേഹിയും സാമൂഹിക പ്രവർത്തകനുമായിരുന്നു രഘുലാൽ.

പാലക്കാടൻ മട്ട, നവര അരി എന്നിവയ്ക്ക് ഭൗമസൂചികാ പദവി ലഭിക്കുന്നതിനും പെരിയാർ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ രഘുലാൽ നിർണായക പങ്കുവഹിച്ചു. രക്താർബുദം ബാധിച്ച കുട്ടികൾക്ക് സൗജന്യ മരുന്നുകൾ നൽകുന്ന 'വി കെയർ' സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. കേരള ടെന്നീസ് അസോസിയേഷൻ ട്രഷററായും പ്രവർത്തിച്ചു. ഭാര്യ സരിഗ. മക്കൾ ധനിസ, രഘുറാം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് തൃശൂർ പുഴയ്ക്കലിലെ വസതിയായ എലൈറ്റ് ഗാർഡനിയയിൽ നടക്കും.

Elite Foods Founder T.R. Raghulal Passes Away at 64.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിഎസ്ടി സമരപ്പന്തല്‍ പുനഃസ്ഥാപിച്ച് ഡിവൈഎഫ്‌ഐ, വളര്‍മതിക്ക് പകരം നിരാഹാരവുമായി ജയകൃഷ്ണന്‍; സമരത്തിന് പിന്തുണയുമായി യുവമോര്‍ച്ചയും

കൈകാലുകൾ കെട്ടിയിട്ട്, രക്തം വാർന്ന നിലയിൽ; മുംബൈയിലെ ഫ്ലാറ്റിൽ മലയാളി സ്ത്രീ കൊല്ലപ്പെട്ടു

എല്‍പിഎസ്ടി സമരപ്പന്തല്‍ പുനഃസ്ഥാപിച്ചു, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചേരാനല്ലൂർ വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും

സൗദി യാത്രയ്ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യൻ വിമാന സർവീസുകൾ നവംബർ അവസാനം വരെയില്ല