തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ പേരില്‍ നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അടിയന്തരാവസ്ഥ രാജ്യത്തെ ഇരുണ്ട കാലഘട്ടമാണ്. പറഞ്ഞറിയിക്കാനാകാത്ത ക്രൂരതകളാണ് അടിയന്തരാവസ്ഥ കാലത്ത് അരങ്ങേറിയത്. കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണ്. അടിയന്തരാവസ്ഥാക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരതകളാണെന്നും, അടിയന്തരാവസ്ഥ പാഠമുള്‍ക്കൊണ്ട് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ മൂടിക്കെട്ടി. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. അമ്പതു വര്‍ഷങ്ങല്‍ക്കിപ്പുറവും ആ കാലഘട്ടം അടിയന്തരാവസ്ഥയായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നുവെന്ന് ശശി തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി വലിയ ക്രൂരതകളാണ് നടത്തിയത്. അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളായി മാറി. നിര്‍ബന്ധിത വന്ധ്യംകരണം ഇതിന് ഉദാഹരണമാണ്. ഗ്രാമീണമേഖലകളില്‍ സ്വേച്ഛാപരമായ ലക്ഷ്യം നേടുന്നതിന് ബലപ്രയോഗവും അക്രമവും സഞ്ജയ് ഉപയോഗിച്ചു. ഡല്‍ഹി പോലുള്ള നഗരകേന്ദ്രങ്ങളില്‍ ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി.
ഈ പ്രവൃത്തികളെ നിര്‍ഭാഗ്യകരമായ അതിക്രമങ്ങളായി പിന്നീട് ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നല്‍കേണ്ടിവന്നു. ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാത്ത മുറിവേല്‍പ്പിച്ചു. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠങ്ങള്‍ നാം ഉള്‍ക്കൊള്ളണമെന്നും ലേഖനത്തില്‍ ശശി തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates