Body found in drain in oonnukal Kothamangalam  
Kerala

ചെവി മുറിച്ച നിലയില്‍, കവര്‍ന്നത് 12 പവന്‍, പ്രഷര്‍ കുറഞ്ഞെന്ന് പറഞ്ഞ് മുങ്ങി; മാലിന്യടാങ്കില്‍ കൊന്നുതള്ളിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം

കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ 61കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ 61കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഒളിവില്‍. പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേല്‍ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളിവില്‍ പോയ ഇയാളെ പിടികൂടിയിട്ടില്ല.

ഊന്നുകല്ലില്‍ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകല്‍ സ്റ്റേഷനില്‍ വൈദികന്‍ പരാതി നല്‍കിയിരുന്നു.

വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍ തകര്‍ത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു. ഇവര്‍ ധരിച്ചിരുന്ന 12 പവനോളം സ്വര്‍ണവും നഷ്ടമായിട്ടുണ്ട്. വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് നിഗമനം.

ശാന്തയുടെ ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വച്ച് ശനിയാഴ്ചയാണ് മൃതദേഹം ശാന്തയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഓഗസ്റ്റ് 18 മുതല്‍ ശാന്തയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ അന്നോ പിറ്റേന്നോ കൊലപാതകം നടന്നിട്ടുണ്ടാകുമെന്നാണ് അനുമാനം. വര്‍ക്ക് ഏരിയയില്‍ മാലിന്യക്കുഴിയുടെ മാന്‍ഹോളില്‍ കാണാനാകാത്ത വിധത്തിലായിരുന്നു മൃതദേഹം ഒളിപ്പിച്ചിരുന്നത്. അഞ്ച് അടിയിലേറെ താഴ്ചയുള്ള കുഴിയാണിത്. എയര്‍ പൈപ്പ് വഴി ദുര്‍ഗന്ധം പുറത്തേക്ക് പരന്നതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.

മാന്‍ഹോളില്‍ മൃതദേഹം കണ്ടെന്ന വിവരം ലഭിച്ച് ഏറെ വൈകാതെ തന്നെ ശാന്തയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ശാന്തയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു. ഫോണ്‍ കോളുകളുടെ പരിശോധനയിലാണ് രാജേഷിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. കൊലപാതക കാരണവും കൊലപാതകം നടത്താനും മൃതദേഹം ഒളിപ്പിക്കാനും ഈ വീട് എങ്ങനെ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശവാസികളായ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസിനുണ്ട്.

രാജേഷിനായി പ്രത്യേക അന്വേഷണ സംഘം ഊര്‍ജിതമായ തിരച്ചില്‍ നടത്തുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെയും പെരുമ്പാവൂര്‍ എഎസ്പിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തലയുടെ പിന്‍ഭാഗത്ത് ഇരുമ്പുവടി പോലുള്ള ആയുധം കൊണ്ട് അടിയേറ്റാണ് ശാന്ത മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.

കോതമംഗലത്തെ ഒരു ഹോട്ടലില്‍ കുക്ക് ആയ രാജേഷിന്റെ കാര്‍ പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ 7.30-ന് ജോലിചെയ്യുന്ന ഹോട്ടലില്‍ എത്തിയ രാജേഷ് പൊലീസ് അന്വേഷിച്ചെത്തും മുന്‍പേ തന്ത്രപൂര്‍വം സ്ഥലം വിടുകയായിരുന്നു. ഹോട്ടലില്‍ ഉള്ളവരോട് പ്രഷര്‍ കുറഞ്ഞതിനാല്‍ ആശുപത്രിയില്‍ പോകുന്നു എന്നുപറഞ്ഞാണ് രാജേഷ് പോയത്. പൊലീസ് പരിസരത്തെ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും ആശുപത്രിയില്‍ എത്തിയില്ലെന്ന് വ്യക്തമായി. കോതമംഗലത്തെ ഒരു ആക്‌സസറിസ് ഷോപ്പില്‍ കാര്‍ ഏല്‍പ്പിച്ച് പെരുമ്പാവൂര്‍ ഭാഗത്തേക്ക് നടന്നുപോയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. വെള്ളിയാഴ്ച മുതല്‍ ഫോണ്‍ സ്വിച്ച്ഓഫാണ്.

deadbody in decomposed state found in oonnukal; updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT