ധനപ്രതിസന്ധിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന് ധനമന്ത്രി മറുപടി പറയുന്നു 
Kerala

ചെക്ക് മാറാന്‍ പോലും കഴിയുന്നില്ലെന്ന് സതീശന്‍; ഇതുപോലൊരു ഓണം മുന്‍പുണ്ടായിട്ടില്ലെന്ന് കെഎന്‍ ബാലഗോപാല്‍; ധന പ്രതിസന്ധിയില്‍ സഭയില്‍ ചര്‍ച്ച

ഏതെങ്കിലും കോണ്‍ട്രാക്ടര്‍ക്ക് പണം കിട്ടാത്ത അവസ്ഥ ഇപ്പോള്‍ ഉണ്ടോ? കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന് തടസമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നില്ല എന്നാണ് ആക്ഷേപം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും പ്രതിസന്ധി ഘട്ടത്തിലും ഒന്നും മുടങ്ങിയിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നികുതി, നികുതിയേതര വരുമാനങ്ങള്‍ കൂടി. ഇതുകൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്. ഇത് പോലൊരു ഓണം മുന്‍പ് ഉണ്ടായിട്ടില്ലെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ധനപ്രതിസന്ധിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധന വിനിയോഗ മാനേജ്‌മെന്റ് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഏതെങ്കിലും കോണ്‍ട്രാക്ടര്‍ക്ക് പണം കിട്ടാത്ത അവസ്ഥ ഇപ്പോള്‍ ഉണ്ടോ? കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന് തടസമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നില്ല എന്നാണ് ആക്ഷേപം. പണം നല്‍കുന്നതില്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ പണം കൊടുത്തിരിക്കും. അതില്‍ യുഡിഎഫിന് വിഷമം വേണ്ടെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം. ഇപ്പോള്‍ ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ചെക്ക് പോലും മാറാന്‍ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചര്‍ച്ചക്കിടെ ആരോപിച്ചു. പ്രതിസന്ധി ഇന്ന് തീരും നാളെ തീരും എന്ന പ്രതീതി ധനമന്ത്രി നല്‍കിയെന്നും എന്നാല്‍ ഇപ്പോള്‍ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണെന്നും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും പ്രതിസന്ധിയിലാണെന്നും വിഡി സതീശന്‍ പറഞ്ഞു. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യ കുടിശികയായി നല്‍കാനുള്ളത് ഒരു ലക്ഷം കോടിയാണ്. ചെക്കു മാറാന്‍ പോലും കഴിയാതിരിക്കുന്നതിന് അര്‍ഥം പ്രതിസന്ധി ഇല്ലെന്നാണോ? ജിഎസ്ടി നികുതി നിരക്കിലെ വ്യത്യാസം കാരണം ജനങ്ങളുടെ കയ്യില്‍ പൈസ ഉണ്ടാകും. എന്നാല്‍ നികുതി വരുമാനം കൂട്ടാന്‍ എന്ത് പദ്ധതിയാണ് സര്‍ക്കാരിന് ഉള്ളതെന്ന് ചോദിച്ച വിഡി സതീശന്‍ വിവിധ വിഭാഗങ്ങള്‍ക്കായി 2000 കോടി കുടിശികയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ജിഎസ്ടി ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും റൂള്‍സിന് വിരുദ്ധമായതിനാല്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഗുരതര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുവെന്നും വലയുന്നത് സാധാരണ ജനങ്ങളാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. കേവലം പത്ത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ കടം മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചു എന്നാല്‍ കേരളത്തില്‍ വികസനമൊന്നും നടക്കുന്നില്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ടിലുണ്ടെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും ഗ്രാന്റുകളും മുടങ്ങുകയാണെങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ലെന്നും മാത്യു കുഴല്‍നാടന്‍ സഭയില്‍ കുറ്റപ്പെടുത്തി.

ഇന്ന് ഹൃദയദിനമാണെന്നും ഇനിയെങ്കിലും ഹൃദയമുള്ള സര്‍ക്കാരായി മാറണമെന്നും സര്‍ക്കാരിനെ ഉപദേശിച്ചുകൊണ്ടാണ് മാത്യു കുഴല്‍നാടന്‍ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നികുതി പിരിവില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും സ്വര്‍ണവില കൂട്ടിയിട്ടും നികുതി പിരിവ് കൂട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ജിഎസ്ടി വളര്‍ച്ചയില്‍ 2.52 ശതമാനം കുറവുണ്ടായി. 2023-24ല്‍ വളര്‍ച്ച 6.59 ആയിരുന്നത് 2024-25ല്‍ 4.07 ആയി കുറഞ്ഞെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ടേക്ക് ഓഫ് നടത്തി എന്ന് അദ്ദേഹം പറഞ്ഞാല്‍ അത് അഹമ്മദാബാദിലെ എയര്‍ ഇന്ത്യ ടേക്ക് ഓഫ് പോലെ ആയെന്നേ പറയാനുള്ളൂവെന്ന് മാത്യു കുഴല്‍നാടന്‍ പരിഹസിച്ചു. തങ്ങള്‍ ഭരിച്ച ഇക്കാലയളവില്‍ ഏത് വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ ജീവിതമാണ് മെച്ചപ്പെട്ടതെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സമ്മേളനം തുടങ്ങിയതിന് ശേഷം പ്രതിപക്ഷത്തിന്റെ നാലാമത്തേതും ചര്‍ച്ചയ്‌ക്കെടുക്കുന്ന മൂന്നാമത്തെ അടിയന്തര പ്രമേയവുമാണിത്. 15ാം കേരള നിയമസഭ ചര്‍ച്ചയ്‌ക്കെടുക്കുന്ന പതിനേഴാമത് അടിയന്തര പ്രമേയമാണിത്.

kerala's financial situation emergency resolution:Even though Kerala has financial difficulties, nothing has been stalled during the crisis, says K.N. Balagopal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

വഴിയോരത്ത് കെട്ടുകണക്കിന് പിഎസ്‌സി ചോദ്യ പേപ്പറുകള്‍-വിഡിയോ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചൈൽഡ് കെയർ ആൻഡ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് പരീക്ഷ ജനുവരിയിൽ, ഫീസ് ഡിസംബ‍ർ 12 വരെ അടയ്ക്കാം

'ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരും, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്'

SCROLL FOR NEXT