Vellappally Natesan File
Kerala

Fact Check: കേരളം മുസ്ലിം ഭൂരിപക്ഷ നാടാവുമോ?, വെള്ളാപ്പള്ളി പറഞ്ഞതിലെ വസ്തുതയെത്ര?; കണക്കുകള്‍ ഇങ്ങനെ

കേരളത്തിൽ ഇനിയൊരു മണ്ഡല പുനർ നിർണ്ണയം വരുമ്പോൾ പൊതുവിൽ മലബാറിലെ ജില്ലകളിൽ ഏഴ് മുതൽ 10 വരെ സീറ്റ് വർദ്ധിക്കുകയും തെക്കൻ, മധ്യ കേരളത്തിൽ സീറ്റുകൾ കുറയുകയും ചെയ്യുമെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല മുൻ പ്രോവൈസ് ചാൻസിലറും സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് മുൻ ഡീനും നിലവിൽ ഷിപ്പിങ് കോ‍ർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറുമായ ഡോ കെ ജയപ്രസാദ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും മുഖ്യമന്ത്രിസ്ഥാനമാണ് മുസ്ലിംലീഗിന്റെ ലക്ഷ്യമെന്നുമുള്ള, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വന്‍ വിവാദമാണ് ഉയര്‍ത്തിവിട്ടത്. മുസ്ലീങ്ങളുടെ ജനസംഖ്യ വർദ്ധിക്കുകയാണ്, കേരളത്തിലെ മറ്റിടങ്ങളിൽ ജനസംഖ്യ കുറഞ്ഞപ്പോൾ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങൾ കൂടുകയാണ് ചെയ്യുന്നത്, മുസ്ലിങ്ങൾ ജനസംഖ്യ വർദ്ധിപ്പിക്കുകയാണ്, ലീഗ് തിരു- കൊച്ചിയിൽ സീറ്റ് ചോദിച്ചുവാങ്ങും എന്നൊക്കെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. ഈ പ്രസ്താവനയെ തുടർന്ന് വിവിധ മേഖലകളിൽ നിന്ന് വെള്ളാപ്പള്ളിയെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായ പ്രകടനങ്ങൾ ഉയർന്നു. കേരളത്തിലെ മണ്ഡലപുനർനി‍ർണയം, ജനസംഖ്യ, ലീഗ് മത്സരിക്കുന്നത് എങ്ങനെ എന്നൊക്കെയുള്ള അഭിപ്രായങ്ങളിലെ വസ്തുതകളെന്താണ്?

കേരളത്തിൽ ഇനിയൊരു മണ്ഡല പുനർ നിർണ്ണയം വരുമ്പോൾ പൊതുവിൽ മലബാറിലെ ജില്ലകളിൽ ഏഴ് മുതൽ 10 വരെ സീറ്റ് വർദ്ധിക്കുകയും തെക്കൻ, മധ്യ കേരളത്തിൽ സീറ്റുകൾ കുറയുകയും ചെയ്യുമെന്ന് കാസർക്കോട് കേന്ദ്ര സർവകലാശാല മുൻ പ്രോവൈസ് ചാൻസലറും സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് മുൻ ഡീനും നിലവിൽ ഷിപ്പിങ് കോ‍ർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറുമായ ഡോ. കെ ജയപ്രസാദ് പറഞ്ഞു.

''കേരളത്തിൽ 2001 ലെ സെൻസസിനെ അടിസ്ഥാനമാക്കി 2002 ഓഗസ്റ്റിൽ ആരംഭിച്ച മണ്ഡല പുന‍ർനിർണ്ണയം 2008ല്‍ നിലവിൽ വന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2011 ലാണ് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. കൊല്ലം, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ ഓരോ മണ്ഡലം വീതവും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രണ്ട് മണ്ഡലം വീതവും ഏഴ് മണ്ഡലങ്ങൾ തെക്കൻ, മധ്യ കേരളത്തിൽ കുറഞ്ഞു. അതേസമയം കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഓരോ മണ്ഡലം വീതവും മലപ്പുറത്ത് നാല് മണ്ഡലങ്ങളും പുതുതായി വന്നു. അതോടെ മലാബറിൽ ഏഴ് മണ്ഡലങ്ങൾ വർദ്ധിച്ചു.

പുനർനിർണയം നടക്കുമ്പോൾ മണ്ഡലങ്ങളിൽ വ്യത്യാസം വരുന്നതിന് അടിസ്ഥാനം ജനസംഖ്യയാണ്. 2011 ലെ സെൻസസ് നോക്കിയാൽ തെക്കൻ ജില്ലകളിൽ പൊതുവേ ജനസംഖ്യാ വർദ്ധനവ് കുറവാണ് എന്ന് കാണാം. പത്തനംതിട്ടയിലും ഇടുക്കിയിലും ജനസംഖ്യാ വർദ്ധനവിൽ മൈനസ് ട്രെൻഡാണ് കാണിക്കുന്നത്. ഇതിന് പല സാമൂഹിക കാരണങ്ങളുണ്ട്. ഈ കണക്ക് വച്ചാണ് പുനർനിർണ്ണയത്തിൽ മലബാറിൽ പൊതുവിൽ മണ്ഡലങ്ങൾ കൂടാനാണ് സാധ്യത എന്ന് വിശകലനം ചെയ്യുന്നത്'' - അദ്ദേഹം വിശദീകരിച്ചു.

District wise Census population data 2011

കഴിഞ്ഞ പുനർനിർണ്ണയത്തിൽ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ കൂടുകയോ കുറയുകയോ ചെയ്തില്ല, നിലവിലെ മണ്ഡലങ്ങളെ പുനക്രമീകരിക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തപ്പോൾ, ചില ജില്ലകളിൽ മണ്ഡലങ്ങളുടെ എണ്ണം കുറഞ്ഞു. മറ്റ് ചിലയിടത്ത് കൂടി. മണ്ഡലങ്ങൾ കുറഞ്ഞത് തെക്കൻ, മധ്യകേരളത്തിലെ ജില്ലകളിലാണ്. വ‍ർദ്ധിച്ചത് മലബാ‍റിലെ ജില്ലകളിലുമായിരുന്നുവെന്ന് കാസർകോട് കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലറും കേരള സർവകലാശാല പൊളിറ്റിക്സ് വിഭാഗം മുൻ മേധാവിയുമായ ഡോ ജി ഗോപകുമാര്‍ പറഞ്ഞു

ദേശീയ തലത്തിൽ മണ്ഡല പുന‍ർനി‍ർണ്ണയം 2026 വരെ മരവിപ്പിച്ചിരിക്കുകയാണ്. 2026 ലെ സെൻസസ് വന്ന ശേഷമായിരിക്കും അടുത്ത പുനർ നിർണ്ണയം നടക്കുക. ജനസംഖ്യയിലെ കുറവ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാണാമെങ്കിലും വടക്കേ ഇന്ത്യയിൽ ജനസംഖ്യയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. അവിടുത്തെ ഹിന്ദുസമൂഹത്തില്‍ ജനസംഖ്യാ വർദ്ധനവ് ഉണ്ട്. അവിടെ ചെറിയപ്രായത്തിൽ ( കേരളം, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവയെ അപേക്ഷിച്ച്) തന്നെ, പെൺകുട്ടികളുടെ വിവാഹം നടക്കുന്നതാണ്. അതുകൊണ്ടാകാം അവിടെ ഹിന്ദുസമൂഹത്തിലെ ജനസംഖ്യയിൽ വർദ്ധനവ് ഉണ്ടാകുന്നതെന്ന് ജയപ്രസാദ് പറഞ്ഞു.

കേരളത്തിൽ പൊതുവിൽ ജനസംഖ്യ കുറഞ്ഞുവരികയാണെന്നും എല്ലാ വിഭാഗങ്ങളിലും ആ കുറവ് കാണാനാകുമെന്നും ഡോ. ജി ഗോപകുമാർ അഭിപ്രായപ്പെട്ടു. തെക്കൻ, മധ്യ കേരളത്തിൽ പൊതുവേ ജനസംഖ്യ കുറവാണ്. കേരളത്തിൽ കുടിയേറ്റം ഉൾപ്പടെയുള്ള കാരണങ്ങളാൽ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കുറവ് കാണിച്ചിട്ടുള്ള ജില്ലയാണ് പത്തനംതിട്ട. മലബാറിൽ പൊതുവേ ജനസംഖ്യാനുപാതം കൂടുതലാണ്. ഇത് പുന‍ർ നിർണ്ണയത്തിലും തെളിഞ്ഞിട്ടുണ്ടാകാം. അടുത്ത സെൻസസ് കണക്കുകൾ വന്ന ശേഷം മാത്രമേ പുനർനിർണ്ണയത്തിന്റെ കൃത്യമായ ധാരണ ഉണ്ടാവുകയുള്ളൂ - അദ്ദേഹം പറഞ്ഞു.

census data 2011

മുസ്ലിം ജനസംഖ്യ - വസ്തുതകളും വ്യാഖ്യാനങ്ങളും

കേരളത്തിലെ 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാകണക്ക് പരിശോധിക്കുമ്പോൾ ഹിന്ദു-54.73%, മുസ്ലിം-26.56%, ക്രിസ്ത്യൻ-18.38% എന്നിങ്ങനെയാണ് മതപരമായ അനുപാതം. പിന്നീട് സെൻസസ് നടത്തിയിട്ടില്ലാത്തിനാൽ, പുതിയ കണക്കുകൾക്ക് ആശ്രയിക്കാനാവുന്നത് നവജാത ശിശുക്കളുടെ എണ്ണം സംബന്ധിച്ച സംസ്ഥാന സർക്കാ‍ർ ഡാറ്റയാണ്. സംസ്ഥാനത്ത് 2006 ലെ നവജാതശിശുക്കളുടെ ജനനനിരക്ക് മതപരമായി വേർതിരിച്ച് പരിശോധിച്ചാൽ മൊത്തം ജനനനിരക്കിൽ 46 % ഹിന്ദുസമദായത്തിലും 35% മുസ്ലിം സമുദായത്തിലും 17 % ക്രൈസ്തവ സമുദായത്തിലുമാണ്. 2015ൽ ഇതേ കണക്ക് പരിശോധിച്ചാൽ, ഇവ യഥാക്രമം 42.87%, 41.45%,15.42 % എന്നിങ്ങനെ മാറിയതായി കാണാം. 2020 ലെത്തുമ്പോൾ ഇത് യഥാക്രമം, 41.04%, 44.35%,14.61% എന്നിങ്ങനെ മാറിയതായും കാണാനാകുമെന്ന് ഡോ. ജയപ്രസാദ് പറയുന്നു. 2021 ശേഷം സംസ്ഥാന സർക്കാ‍ർ ഇത് സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ദശകാടിസ്ഥാനത്തിൽ ഇപ്പോഴത്തെ വിലയിരുത്തൽ പറയാനാകില്ല. എന്നാൽ, ഈ പാറ്റേൺ കാണിക്കുന്നത് 2038 ആകുമ്പോൾ വോട്ടിങ് അവകാശമുള്ള പൗരരുടെ എണ്ണത്തിൽ ഓരോ സമുദായത്തിലും ഇതിനനുസൃതമായ വർദ്ധനവ് ഉണ്ടാകും. ഇതിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണത്തിലെ വർദ്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ വോട്ടർമാരുടെ എണ്ണത്തിലെ വർദ്ധനവ് കുറവാകുമെന്ന് ഡോ. കെ. ജയപ്രസാദ് അഭിപ്രായപ്പെടുന്നു.

ഇതിന് സാമൂഹിക ശാസ്ത്രപരമായ കാരണങ്ങളുണ്ട്. പ്രധാനമായും മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരാകുന്നു. അവരുടെ ശരാശരി വിവാഹ പ്രായം 19 വയസ്സാണ്. അതുകൊണ്ട് തന്നെ പ്രത്യുൽപ്പാദനപരമായ അനുകൂലമായൊരു ഘടകം അവർക്ക് ലഭിക്കുന്നു. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ ശരാശരി വിവാഹ പ്രായം 25 ആണ്. ഇത് ശിശുജനനനിരക്കിലെ കുറവിനെ ബാധിക്കുന്നുണ്ട്. മറ്റൊന്ന് ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറിക്കഴിഞ്ഞു. ദമ്പതിമാ‍ർ രണ്ട് പേരും ജോലിക്ക് പോകുന്നവരാകുന്നതും ഇതിനൊരുകാരണമാണ്. മുസ്ലിം കുടുംബങ്ങളിൽ പെൺകുട്ടികളിൽ നല്ലൊരു പങ്കും വിദ്യാഭ്യാസം നേടുന്നുവെങ്കിലും ജോലിക്ക് പോകുന്നില്ല. അതുകൊണ്ട് കുട്ടികളെ നോക്കലും മറ്റും അവരെ സംബന്ധിച്ചടത്തോളം ബുദ്ധിമുട്ടുള്ള കാര്യമല്ലാതെ വരുന്നു. ഇതിനെല്ലാം പുറമെ പലകാരണങ്ങളാൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന ദമ്പതിമാരുടെ എണ്ണം മുൻപത്തേക്കാൾ കൂടുന്നതും വൈകിയുള്ള ഗർഭധാരണവുമൊക്കെ ഇതിന് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള വിദേശത്തേക്കുള്ള കുടിയേറ്റം, വിദേശ രാജ്യങ്ങളിൽ പൗരത്വം സ്വീകരിക്കൽ എന്നിവയെല്ലാം പൊതുവിൽ കൂടുതലായി കാണുന്നത് തെക്കൻ, മധ്യ കേരള ജില്ലകളിൽ നിന്നാണ്. അതാണ് ഇവിടെ ജനസംഖ്യ കുറയാൻ മറ്റൊരു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

New born data

എന്നാൽ, നവജാത ശിശുക്കളുടെ കണക്ക് വച്ചു മാത്രം ഭാവി ജനസംഖ്യയെ വിലയിരുത്തുന്നത് കുറ്റമറ്റതാകണമെന്നില്ലെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ സമകാലിക മലയാളത്തോട് പറഞ്ഞു. പ്രധാനമായും കണക്കിനെ എങ്ങനെയും വ്യാഖ്യാനിക്കാം എന്നുവരുന്നിടത്ത് ഈ അപകടം പതിയിരിക്കുന്നു. 2011ലെ സെൻസസ് വച്ച് 2020 വരെ കൂടിയ ജനസംഖ്യ നവജാത ശിശുക്കളുടെ എണ്ണം വച്ച് കൂട്ടി നോക്കിയാലും ഹിന്ദുക്കളാണ് മുന്നിൽ. 2011 ലെ ഹിന്ദു ജനസംഖ്യ 54.73%, മുസ്ലിം ജനസംഖ്യ 26.56 % ആണ്. അതായത് 28.17 % വ്യത്യാസം എന്ന് കാണാം. ഇനി, നിങ്ങൾ പറഞ്ഞ മുഴുവൻ ജനനവും കൂട്ടി നോക്കൂ, ( 2011 ലെ സെൻസസ് 54.73%, നവജാത ശിശുക്കളുടെ കണക്ക്- 2006-46% 2015-42.87% 2020-41.04-% ഇത് 184.64% ആകും. ഇനി 2011 മുതലുള്ള മുസ്ലിം ജനസംഖ്യ നോക്കാം (2011 ലെ സെൻസസ് -26.56%, നവജാത ശിശുക്കളുടെ കണക്ക് 2006-35%, 2015-41.45%, 2020-44.35%- 147.36%) അതായത് നിങ്ങൾ പറയുന്ന നവജാത ശിശുക്കളുടെ കണക്ക് വച്ചാണെങ്കിൽ ഹിന്ദു ജനസംഖ്യ മുസ്ലിം ജനസംഖ്യയേക്കാൾ 32.78% ശതമാനം കൂടുതലാണ്. ഭാവിയെ കുറിച്ച് പറയുകയാണെങ്കിൽ പൊതുവിൽ എല്ലാ സമൂഹങ്ങളിലും ജനസംഖ്യ നിയന്ത്രണം വരുന്നുണ്ട്. കേരളത്തിലെ എല്ലാ സമൂഹത്തിലും ജനനനിരക്കിൽ കുറവുണ്ടാകുന്നുണ്ട്. പിന്നെ ജനസംഖ്യയുടെ വർദ്ധനവിലെ തോത് വളരെ പതുക്കെ മാത്രമേ കുറഞ്ഞു വരുകയുള്ളൂ. ഹിന്ദു, ക്രിസ്ത്യൻ ജനനനിരക്കിലെ തോത് കുറഞ്ഞുവന്നതിലെ കണക്കുകൾ നോക്കിയാൽ അത് മനസ്സിലാകും.

നവജാത ശിശുക്കളുടെ കണക്ക് വച്ച് മാത്രം ഇത്തരം കാര്യങ്ങൾ കാണുന്നത് പല കാരണങ്ങൾ കൊണ്ട് പൂർണ്ണമായും ശരിയാകണമെന്നില്ല.

ഒന്ന് ജനനം പോലെ തന്നെ മരണവും നടക്കുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ നിലവാരവും ചികിത്സാ ലഭ്യതാ നിലവാരവും മറ്റ് പലയിടത്തേക്കാളും മെച്ചമായതിനാൽ നമ്മുടെ ജീവിത ദൈർഘ്യം കൂടുതലാണെന്നേ ഉള്ളൂ, ആളുകൾ മരിക്കാതിരുന്നില്ല. അതുകൊണ്ട് ജനനനിരക്ക് വച്ച് മാത്രം കണക്ക് പറയുന്നത് അടിസ്ഥാനപരമായി വ്യാഖ്യാനം മാത്രമാകുന്നു എന്ന് പറയുന്നത്. നിങ്ങൾ കുറച്ചു കാലം മുമ്പ് ജനനനിരക്ക് നോക്കിയാൽ കേരളത്തിൽ ആൺകുട്ടികൾ കൂടുതൽ ജനിച്ചതായി കാണാൻ കഴിയും. അന്ന് പലരും റിപ്പോർട്ട് ചെയ്തു കേരളത്തിൽ സ്ത്രീകളുടെ എണ്ണം കുറഞ്ഞു പുരുഷന്മാർ കൂടി എന്നൊക്കെ, എന്നിട്ട് എപ്പോഴെങ്കിലും കേരളത്തിൽ സ്ത്രീ പുരുഷാനുപാതത്തിൽ അങ്ങനെയൊരു വ്യത്യാസം വന്നിട്ടുണ്ടോ? അതുകൊണ്ട് നവജാത ശിശുക്കളുടെ എണ്ണം വച്ച് മാത്രം ജനസംഖ്യയുടെ ഭാവി വിലയിരുത്തുന്നത് പൂർണ്ണമായ അർത്ഥത്തിൽ ശരിയാവുകയില്ല. പിന്നെ മൈഗ്രേഷൻ കണക്ക് നോക്കണം. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ച് കുടിയേറുന്നവരിൽ കൂടുതലും ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണ്. അവരുടെ കുട്ടികൾ അവിടെ പൗരരാകും. അപ്പോൾ സ്വാഭാവികമായും വരുന്ന വ്യത്യാസമുണ്ട്.

തിരു- കൊച്ചിയും മലബാറും തമ്മിൽ ചരിത്രപരമായി തന്നെ വലിയ വ്യത്യാസങ്ങളുണ്ട്. പഴയകാല മലബാ‍ർ കുടിയേറ്റം, മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാർ ജീവിതം എന്നിങ്ങനെ പലതും. അതൊക്കെ പരിഗണിച്ചുകൊണ്ടു വേണം ഇത്തരം വിഷയങ്ങളെ പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ കാര്യത്തിൽ മലയാളി യുവതലമുറയിൽ വന്നിട്ടുള്ള പുതിയ പ്രവണത ജനസംഖ്യനിരക്ക് കുറയുന്നതിൽ പ്രധാന കാരണമായിട്ടുണ്ടെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പിലെ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇതേ കുറിച്ചുള്ള വിശദമായ റിപ്പോ‍ർട്ട് നേരത്തെ സമകാലിക മലയാളം നൽകിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ റിപ്പോർട്ട് കണ്ടാൽ കാര്യങ്ങൾ മനസ്സിലാകും. പിന്നെ സെൻസസ് ഡാറ്റയാണ് അടിസ്ഥാനപരമായി ജനസംഖ്യാ കണക്ക് എടുക്കുന്നതിൽ പ്രധാനം. ഇങ്ങനെ വരുന്ന കണക്കുകൾ പിന്നിൽ അതിനുള്ള സാമൂഹിക കാരണങ്ങളും ഉണ്ടാകും. അതൊന്നും പരിശോധിക്കാതെ ഡാറ്റയിലെ ഒരുഭാഗം മാത്രം വച്ച് മുൻവിധികളോടെ കാര്യങ്ങൾ പറയുന്നത് സാമൂഹിക ശാസ്ത്രപരമായി പറഞ്ഞാൽ യുക്തിസഹമാണെന്ന് തോന്നുന്നില്ല.

തെക്കൻ കേരളത്തിൽ ലീഗിന്റെ സീറ്റ്

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമൊക്കെ വർഷങ്ങളായി ലീഗ് മത്സരിക്കുന്നുണ്ട്. സീറ്റുകൾ വിട്ടുകൊടുക്കുകയും മാറി കൊടുക്കുകയും ഒക്കെ ചെയ്ത ചരിത്രവും ലീഗിനുണ്ട്. കൊല്ലം ജില്ലയിൽ മുസ്ലിം ലീഗിലെ പി കെ കെ ബാവ ജയിച്ച സീറ്റ് പിന്നീട് ആർ എസ് പി യു ഡി എഫിലെത്തിയപ്പോൾ അവർക്ക് കൊടുത്തു. തിരുവനന്തപുരം വെസ്റ്റ് ( ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ) ലീഗ് സ്ഥാനാർത്ഥി മത്സരിച്ച ജയിച്ച മണ്ഡലമാണ്. ചാരക്കേസിൽ കരുണാകരൻ രാജിവച്ചപ്പോൾ പകരം മുഖമന്ത്രിയായ എ കെ ആന്റണിക്ക് മത്സരിക്കാൻ തിരൂരങ്ങാടി സീറ്റ് ആന്റണിക്ക് വിട്ടു നൽകിയത് ലീഗായിരിന്നു. ലീഗ് എറണാകുളത്തും തൃശൂരുമൊക്കെ നേരത്തെ തന്നെ മത്സരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയാണ്. അതുകൊണ്ട് തിരു- കൊച്ചിയിൽ സീറ്റ് ലീഗ് പുതുതായി ചോദിക്കുന്നതല്ല. സീറ്റുകൾ വച്ച് മാറുകയോ ഒഴിഞ്ഞു കൊടുക്കുകയോ ചെയ്യുകയാണ് നേരത്തെ ലീഗ് ചെയ്തിരുന്നതെന്ന് നിയസഭാ തെരഞ്ഞെടുപ്പ് രേഖകൾ വ്യക്തമാക്കുന്നു.

What is the Facts behind the statement made by SNDP General Secretary Vellappally Natesan regarding constituency delimitation and population growth?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT