കൊച്ചി: വിലയിടിവും രോഗബാധയും മൂലം തെങ്ങുകൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കൃഷി അവസാനിപ്പിച്ച കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ നാളികേര വികസന ബോര്‍ഡ് ശ്രമം തുടങ്ങി. രോഗബാധയും, കീടങ്ങളുടെ ആക്രമണവും മൂലം തെങ്ങിന്റെ കായ്ഫലം കുറഞ്ഞതോടെയാണ് കര്‍ഷകര്‍ മറ്റു വിളകളിലേക്കു തിരിഞ്ഞത്. തെങ്ങു കയറ്റക്കാരെ കിട്ടാതായതും ഉയര്‍ന്ന കൂലിയും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടിയായപ്പോള്‍ തേങ്ങ കിട്ടാക്കനിയായി. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും തമിഴ്നാട്ടിലും തേങ്ങയുടെ ഉത്പാദനം കുത്തനെ ഇടിഞ്ഞു. ഒരു കിലോ തേങ്ങയുടെ വില 80 രൂപയെത്തിയപ്പോള്‍ വെളിച്ചെണ്ണ വില ലിറ്ററിന് 400 രൂപ കടന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകരെ നാളികേര കൃഷിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ബോര്‍ഡ് ശ്രമം തുടങ്ങിയത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ നാളികേരള വികസന ബോര്‍ഡ് 33000 പേര്‍ക്ക് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കിയെങ്കിലും ഇവരില്‍ 675 പേര്‍ മാത്രമേ ഇപ്പോള്‍ ഈ മേഖലയില്‍ തുടരുന്നുള്ളൂ. അതിനാല്‍ പഴയ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ രണ്ടാം ഘട്ടമായി കോക്കോമിത്ര എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ബോര്‍ഡ്. പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റം ഉപജീവന മാര്‍ഗ്ഗമാക്കുന്നതിന് താല്പര്യമുള്ളവര്‍ക്കായി ഒരു ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കും. ഇവരെ ചേര്‍ത്ത് തെങ്ങു കയറ്റക്കാരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. തേങ്ങയിടാന്‍ മാത്രമല്ല, വളമിടലും, തെങ്ങിന്റെ മണ്ട വൃത്തിയാക്കലും രോഗപ്രതിരോധവും ഉള്‍പ്പടെ എല്ലാ ജോലികളും ഏറ്റെടുക്കാന്‍ പര്യാപ്തരായിരിക്കും ഇവര്‍. ഒരു ടാസ്‌ക് ഫോഴ്സില്‍ പത്തുപേരാണ് ഉണ്ടാവുക. ഇവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സഹകരണ സംഘത്തിന് ബോര്‍ഡ് തെങ്ങുകയറ്റ യന്ത്രവും ഇരു ചക്രവാഹനവും വാങ്ങാന്‍ 2.5 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും. ബോര്‍ഡിന്റെ 'ഹലോ നാരിയല്‍കാള്‍' സെന്റര്‍ മുഖേന ഇവരുടെ സേവനം കര്‍ഷകര്‍ക്ക് ബുക്ക് ചെയ്യാം.
'കേരളത്തില്‍ തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാനായി നാളീകേര വികസന ബോര്‍ഡ് പ്രതിവര്‍ഷം 20 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തെങ്ങിന്റെ ഉദ്പാദന ക്ഷമത കുറഞ്ഞതോടെ കര്‍ഷകര്‍ മറ്റു വിളകളിലേക്കു ചേക്കേറി. സംസ്ഥാനത്തെ 38% തെങ്ങുകളും പ്രായമേറിയവയും ഉദ്പാദനം കുറഞ്ഞവയുമാണ്. കീടങ്ങളുടെ ആക്രമണവും രോഗബാധയും മൂലവും ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ഇത്തരം തെങ്ങുകള്‍ മാറ്റി പുതിയ ഉത്പാദന ക്ഷമത കൂടിയ തെങ്ങുകള്‍ വച്ച് പിടിപ്പിക്കണം. തെങ്ങു കയറ്റക്കാരെ കിട്ടാത്തതാണ് മറ്റൊരു കാരണം. അത് പരിഹരിക്കാന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഒരു തൊഴില്‍ സേന രൂപീകരിക്കാനാണ് ശ്രമം,' നാളികേരബോര്‍ഡ് ചീഫ് കോക്കനട്ട് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ബി ഹനുമന്ത ഗൗഡ പറഞ്ഞു.
മികച്ച തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് ഒരു തൈയ്ക്ക് 90 രൂപ സബ്സിഡി നല്‍കും. സ്വകാര്യ സംരംഭകര്‍ക്ക് ഒരു തൈയ്ക്ക് 45 രൂപ ലഭിക്കും. സംരംഭങ്ങള്‍ക്ക് ഒരേക്കറില്‍ പരമാവധി ഒരു വര്‍ഷം 25000 തൈകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. ചെറിയ കമ്പനികള്‍ക്കു കുറഞ്ഞത് 25 സെന്റ് ഭൂമിയില്‍ 6250 തൈകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം. പ്രതിവര്‍ഷം 20000 തൈകള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബോര്‍ഡിന്റെ അക്രെഡിറ്റേഷന്‍ ലഭിക്കും.
നല്ല ഉത്പാദന ശേഷിയുള്ള തെങ്ങിന്റെ ന്യൂക്ലിയസ് സീഡ് ഉത്പാദിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് ഹെക്ടറിന് 3.6 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. ഒരു ന്യൂക്ലിയസ് സീഡ് തോട്ടത്തിന്റെ കുറഞ്ഞ വിസ്തീര്‍ണം രണ്ടു ഹെക്ടര്‍ ആയിരിക്കും. പരമാവധി 4 ഹെക്ടര്‍ വരെ വിസ്തീര്‍ണമുള്ള ഫാമുകള്‍ക്ക് സഹായം ലഭിക്കും.
തെങ്ങിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഒരു ഹെക്ടറിന്റ് പരമാവധി 42000 രൂപ സബ്സിഡി ലഭിക്കും. രണ്ടു ഗഡുക്കളായി ലഭിക്കുന്ന സബ്സിഡി പരമാവധി രണ്ടു ഹെക്ടര്‍ വരെയുള്ള തോട്ടങ്ങള്‍ക്കാണ് ലഭിക്കുക. ഗ്രാമങ്ങളില്‍ കുറഞ്ഞത് 25 ഹെക്ടര്‍ വിസ്തീര്‍ണമുള്ള തോട്ടങ്ങളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാം. ഒരു ക്ലസ്റ്ററിനു പരമാവധി 200 ഹെക്ടര്‍ ഭൂമിയാവാം. ക്ലസ്റ്ററില്‍ നാളികേര കൃഷി സംരക്ഷിക്കുന്നതിന് ശാസ്ത്രീയ കൃഷി രീതികള്‍ നടപ്പാക്കാം. അഞ്ചു വര്‍ഷം പ്രായമുള്ള പത്തു തെങ്ങുകളുള്ള ഏത് കര്‍ഷകനും പദ്ധതിയില്‍ ചേരാം.
കൂടുതല്‍ മേഖലകളിലേക്ക് തെങ്ങു കൃഷി വ്യാപിപ്പിക്കാന്‍ ഒരു ഹെക്ടറിന് 52000 രൂപ സബ്സിഡി നല്‍കും. പരമാവധി രണ്ടു ഹെക്ടര്‍ സ്ഥലത്തു തെങ്ങുകൃഷിക്ക് സബ്‌സിഡി ലഭിക്കും. കുറഞ്ഞ ഏരിയ 25 സെന്റ് ആണ്.
അതേസമയം നാളികേര വികസന ബോര്‍ഡിന്റെ പദ്ധതികള്‍ യാഥാര്‍ഥ്യ ബോധമുള്ളവയല്ലെന്നു കര്‍ഷകര്‍ പറയുന്നു. ഒരു വാര്‍ഡില്‍ പത്തിലേറെ തെങ്ങുകള്‍ ഉള്ള കര്‍ഷകര്‍ ഒന്നോ രണ്ടോ പേര്‍ ആയിരിക്കും. തേങ്ങയ്ക്കു വില സ്ഥിരതയും തൊഴിലാളികളുടെ ലഭ്യതയും ഉറപ്പാക്കണം. കൂടാതെ വനമേഖലയില്‍ വന്യജീവി ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കണം.
'നാളികേര കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ കേരളത്തില്‍ പ്രായോഗികമല്ല. അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളത്തില്‍ ക്ലസ്റ്റര്‍ രൂപീകരിക്കാനുള്ള കര്‍ഷകരെ ലഭ്യമല്ല. ഒരു പഞ്ചായത്തില്‍ അഞ്ചോ ആറോ കര്‍ഷകര്‍ മാത്രമാണുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മുപ്പതിലേറെ തെങ്ങുകളുള്ള കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് കര്‍ഷകനായ അരുണ്‍ജിത് പറയുന്നു. ഇപ്പോള്‍ സംരക്ഷണമില്ലാതെ നശിക്കുന്ന തെങ്ങുകള്‍ പാട്ടത്തിന് ഏറ്റെടുത്തു കൃത്യസമയത്തു വളമിട്ടും വൃത്തിയാക്കിയും ഉത്പാദനം കൂട്ടാനാണ് ശ്രമം. പക്ഷേ പല കര്‍ഷകരും താല്പര്യം കാണിക്കുന്നില്ലെന്നും അരുണ്‍ജിത് പറഞ്ഞു.
When coconut farming plunged into losses due to falling prices and disease outbreaks, the Coconut Development Department began efforts to bring back farmers who had stopped farming.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates