തിരുവനന്തപുരം: മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളില്‍ ലഘുഭക്ഷണത്തിനും കുടിവെള്ളത്തിനും തീ വീല ഈടാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍. മള്‍ട്ടിപ്ലക്‌സുകളില്‍ നടക്കുന്നത് കൊള്ളയാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
'സാധാരണ തീയറ്ററുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് ലഘുഭക്ഷണത്തിനായി വലിയ തുക ഈടാക്കുന്നില്ല. മള്‍ട്ടിപ്ലക്‌സില്‍ നടക്കുന്നത് പരസ്യമായ കൊള്ളയടിക്കലാണ്. ഞാന്‍ ഒരു പടം കാണാന്‍ പോയപ്പോള്‍ 240 രൂപയുടെ ടിക്കറ്റ് ആണ് എടുത്തത്. ഒരുപോപ്‌കോണ്‍ വാങ്ങിച്ചപ്പോള്‍ 483 രൂപയും ഒരുകുപ്പി വെള്ളത്തിന് 90 രൂപയുമാണ് ഈടാക്കിയത്. ഈ പോപ്പ് കോണില്‍ സ്വര്‍ണം അരച്ചിട്ടുണ്ടോ?, സുപ്രീം കോടതി വിധിയുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇതിന് ഒരു അറുതി വേണ്ടേ. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ ഇടപെടേണ്ട കാലം കഴിഞ്ഞു'- സുരേഷ് കുമാര്‍ പറഞ്ഞു.
'ഒരു സിനിമ ടിക്കറ്റിനെക്കാള്‍ ഇരട്ടി പോപ്‌കോണിന് ചെലവാണങ്കില്‍ ഒരുകുടുംബത്തിന് ഒരു സിനിമ കാണാന്‍ എത്ര രൂപ വേണ്ടിവരും. കാശുള്ളവന് ഇതൊന്നും വലിയ പ്രശ്‌നമായിരിക്കില്ല. സാധാരണക്കാരന് ഒരു മള്‍ട്ടിഫ്‌ലക്‌സില്‍ വന്ന് സിനിമ കാണുകയാണെങ്കില്‍ എന്തു ചെയ്യും. സാധാരണക്കാര്‍ ആരും ഇവിടെ വരരുതെന്നാകും അവരുടെ ധാരണ. വെളിയില്‍ നിന്ന് ഒരു സാധനവും കൊണ്ടുവരാന്‍ അവര്‍ സമ്മതിക്കില്ല. നിയമത്തിന്റെ പഴുതുവച്ചാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. സുപ്രീം കോടതി വിധി റിവ്യൂ ചെയ്യുന്നതിനായി എന്തെങ്കിലും ചെയ്യണം'- സുരേഷ് കുമാര്‍ പറഞ്ഞു.
ലഘുഭക്ഷണത്തിന് വില കുറച്ചാല്‍ ആളുകള്‍ കൂടുതലായി സിനിമ കാണാന്‍ തീയറ്ററുകളില്‍ എത്തുമെന്ന് ജി സുരേഷ് കുമാര്‍ പറഞ്ഞു. ഇപ്പോള്‍ സെലക്ട് ചെയ്താണ് ആളുകള്‍ സിനിമയ്ക്ക് എത്തുന്നത്. കുട്ടികളുമായി എത്തുമ്പോള്‍ ഇന്റര്‍വെല്‍ സമയത്ത് അവര്‍ പോപ്പ് കോണിനായി ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് പറയാന്‍ പറ്റില്ല. അത് മുതലെടുക്കുകയാണ് അവര്‍ ചെയ്യുന്നത്. അവര്‍ക്ക് ന്യായമായ വില വാങ്ങാം. എന്നാല്‍ കൊള്ളയടി അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
തീയറ്ററുകളിലെ തീവെട്ടി കൊള്ളക്കെതിരെ ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മാളുകളിലുള്ള മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്നാണ് സംയുക്ത പരിശോധന നടത്തിയത്. മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നു എന്ന പരാതി ശക്തമായതോടെയായിരുന്നു പരിശോധന. കൊച്ചി എംജി റോഡ് മാളിലുള്ള സിനിപോളിസില്‍ പരിശോധനയില്‍ 360 ഗ്രാം പോപ്കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി. എന്നാല്‍ ഇത് അണ്‍പാക്ട് ഫുഡ് ഗണത്തില്‍ വരുന്നതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ വാദം. അതിനിടെ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ തിയറ്റര്‍ ഉടമകളുടെ യോഗം വിളിക്കുമെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates