VD Satheesan, KN Balagopal Sabha TV
Kerala

'ആ മണ്ടത്തരം ഞങ്ങള്‍ ചെയ്യണോ?, നിങ്ങള്‍ വരുത്തിവെച്ച കടം വീട്ടേണ്ടേ'യെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്, അനുമതി നിഷേധിച്ചു

നോട്ടീസിന് അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar NA

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പതിനാറാം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിലെ കെഎന്‍ ബാലഗോപാലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ വിലയില്‍ അധിക നികുതി കുറയ്ക്കണമെന്ന് ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇളവ് നല്‍കാനുള്ള സാമ്പത്തികമുണ്ട്. പാചകവാതക വിലയിലും നികുതി ഇളവ് നല്‍കണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അടിക്കടി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി ഇളവ് ഇപ്പോള്‍ നല്‍കാനാകില്ല. കുറച്ചു ദിവസം കൂടി കാത്തിരുന്നിട്ട് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. എന്നെങ്കിലുമൊരു സമയത്ത് വിലക്കയറ്റം നിന്നിട്ട് സഭ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത് നടക്കാത്ത സംഗതിയാണെന്ന് കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കി. ഇതിനു പിന്നില്‍ ഗുരുതരമായ വിഷയമുണ്ടെന്നത് നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നതാണ്. പാചകവാതക വില വര്‍ധന കാരണം ഹോട്ടലുകള്‍ പോലും പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയാണെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍, പെട്രോള്‍- ഡീസല്‍ വിലയില്‍ സംസ്ഥാനത്തിന്റെ നികുതി ഇളവു ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതു പറഞ്ഞ വിഡി സതീശന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, വര്‍ധിച്ച അധിക നികുതി സംസ്ഥാനത്തിന് ലഭിക്കുന്നത് ഇളവുചെയ്തു കൊടുക്കുന്നത് ജനങ്ങളോടുള്ള മര്യാദയാണ്. മുഖ്യമന്ത്രി അതില്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 3100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ട് ഒരു രൂപ പോലും കുറച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ മറുപടി നല്‍കി. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് പറഞ്ഞത് അത്തരം മണ്ടത്തരം ഞങ്ങള്‍ ചെയ്യില്ലെന്നാണ്. നികുതി കുറയ്ക്കുന്ന മണ്ടത്തരം ചെയ്യില്ലെന്ന് തോമസ് ഐസക്കാണ് പറഞ്ഞത്. അത്തരം മണ്ടത്തരം ചെയ്യാനാണോ ഇപ്പോള്‍ മുന്‍ ധനകാര്യമന്ത്രി ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മുമ്പ് യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പെട്രോളിന് നാലു തവണയും ഡീസലിന് രണ്ടു തവണയും അധിക നികുതി വരുമാനം ഉപേക്ഷിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ മറുപടി നല്‍കി. അന്ന് 619 കോടി രൂപയാണ് വേണ്ടെന്നു വെച്ചത്. കഴിഞ്ഞ 11 മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാണ്യപ്പെരുപ്പവും വില വര്‍ധനവ് ഉണ്ടായതുമായ ഒന്നാംമത്തെ സംസ്ഥാനം കേരളമാണ്. വിപണിയില്‍ ഇടപെടുന്നതില്‍ മുന്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതാണ് ഇതിന് കാരണം. 2893 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കടം കൊടുക്കാനുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിവെച്ച കടം വീട്ടേണ്ടേ?. ഞങ്ങള്‍ ഈ പണം വേണ്ടെന്ന് വെച്ചാല്‍ വിലക്കയറ്റം നേരിടാന്‍ എന്തു ചെയ്യും?. ആ കടം വീട്ടിയാല്‍ മാത്രമേ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് മാര്‍ക്കറ്റില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗള്‍ഫില്‍ നിന്നുള്ള പണം കുറയുകയാണ്. വിലക്കയറ്റവും കരിഞ്ചന്തയും തടയാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. പെട്രോള്‍- ഡീസല്‍ വില വര്‍ധന ഏറ്റവും കൂടി നിന്നപ്പോഴാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ധന സെസ് രണ്ടു രൂപ വര്‍ധിപ്പിച്ചത്. അതു തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുമതി നിഷേധിച്ചു. നോട്ടീസിന് അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി മുഖവുര പറഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്. വിലക്കയറ്റം സാധാരണക്കാരെ രൂക്ഷമായി ബാധിച്ചിരിക്കുന്നു. വിലക്കയറ്റം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ധന- പാചകവാതക വില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

First emergency resolution notice in the 16 th Kerala Assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം; മാര്‍ക്ക് പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സംവിധാനം

ചാലക്കുടിയിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികൾ മരിച്ച നിലയിൽ, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് സംശയം

ലേബലില്‍ തെറ്റായ വിവരങ്ങള്‍; ദഖിലിയയില്‍ നിന്ന് വ്യാജ ടയറുകള്‍ പിടികൂടി

കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കും

ഇന്ത്യക്കാരുടെ കൈവശമുള്ളത് 32,000 ടണ്‍ സ്വര്‍ണം! മാര്‍ക്കറ്റിലെത്തിയാല്‍ രാജ്യത്തിന് വന്‍നേട്ടം; മോദിയുടെ ആഹ്വാനം ചുമ്മാതല്ല

SCROLL FOR NEXT