

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ ഗാർഫീൽഡ് സോബേഴ്‌സ് അന്തരിച്ചു. 90-ാം പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിട വാങ്ങൽ. 93 ടെസ്റ്റ് മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസിന്റെ ജേഴ്‌സിയണിഞ്ഞ സോബേഴ്‌സ് കളിക്കളത്തിലെ എല്ലാ മേഖലയിലും അസാമാന്യ മികവ് കാഴ്ചവെച്ച താരം കൂടിയാണ്. താരത്തിന്റെ മികച്ച പ്രകടങ്ങൾ ഓർത്തെടുക്കുകയാണ് സുനിൽ ഗാവസ്കറും വിരാട് കോഹ്‌ലിയും.
"ക്രിക്കറ്റ് കളിയുടെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിലൊന്നാണിത്. ഈ ഭൂമിയിൽ കളിച്ച ഏറ്റവും മികച്ച ക്രിക്കറ്റർ ഇനി നമ്മോടൊപ്പമില്ല. സർ ഗാർഫീൽഡ് സോബേഴ്‌സ് എന്ന ക്രിക്കറ്ററുടെ മഹത്വം വിവരിക്കാൻ വാക്കുകൾ പോര" മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ പറഞ്ഞു.
ഗാർഫീൽഡ് സോബേഴ്‌സ് എന്ന ക്രിക്കറ്ററെ വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാകില്ല. കുട്ടിക്കാലത്ത് ആദ്യമായി ബാറ്റോ പന്തോ കൈയിലെടുക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകണം എന്നായിരുന്നു ആഗ്രഹം. നിങ്ങൾ സമാധാനത്തോടെ വിശ്രമിക്കൂ സർ ഗാർഫീൽഡ്. നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടംകൈയൻ തകർപ്പൻ ബാറ്ററായിരുന്ന സോബേഴ്‌സിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ഇടംകൈ ഫാസ്റ്റ്-മീഡിയം, ഓർത്തഡോക്സ് സ്പിൻ, റിസ്റ്റ് സ്പിൻ എന്നീ മൂന്ന് ശൈലികളിലും മികവോടെ പന്തെറിയാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതോടൊപ്പം തന്നെ സോബേഴ്‌സ് അസാധാരണമായ ഫീൽഡറുമായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്ലോസ് ക്യാച്ചർമാരിൽ ഒരാളാണ് അദ്ദേഹം.
ഐസിസിയുടെ 'സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി' (ICC Men's Cricketer of the Year) രണ്ടുതവണ നേടിയ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സോബേഴ്‌സിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ് "ലോക ക്രിക്കറ്റിന് മഹാന്മാരിൽ ഒരാളെ നഷ്ടമായി. സമാധാനത്തോടെ വിശ്രമിക്കൂ, സർ ഗാർഫീൽഡ് സോബേഴ്‌സ്. നിങ്ങളുടെ ഓർമകൾ തലമുറകൾക്ക് പ്രചോദനമാകും," അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ ആണ് താരം കളിച്ചത്. 8,032 ടെസ്റ്റ് റൺസ് (ശരാശരി 57.78) നേടിയ അദ്ദേഹം 26 സെഞ്ച്വറികളും 30 അർധ സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. ബൗളിങ്ങിൽ 235 വിക്കറ്റുകൾ ആണ് താരത്തിന്റെ പേരിലുള്ളത്. 109 ക്യാച്ചുകൾ സ്വന്തമാക്കി ഫീൽഡിങിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates