കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്ക് 12 വര്‍ഷം തടവ്. ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ ടിപി ബിജു, എം വിപിന്‍, വൈശാഖ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മറ്റുള്ള 16 പ്രതികളെ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ പ്രശാന്ത് ആണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷയിന്‍ മേലുള്ള വാദം മറ്റന്നാള്‍ നടക്കും.
കൊലപാതക കേസില്‍ പത്തുവര്‍ഷത്തിനുശേഷമാണ് കോടതി വിധി പറഞ്ഞത്. പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ് വിധി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമായിരുന്നില്ലെന്ന് വിലയിരുത്തിയ കോടതി സംശയത്തിന്റെ ആനുകൂല്യത്തിലാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. നടന്നത് ക്രൂരമായ കൊലപാതകമാണെന്നും കുറ്റക്കാരായ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി. 2016 ജൂലൈ 11ന് രാത്രിയാണ് വീടിന്റെ മുന്നില്‍വച്ചായിരുന്നു ഡിവൈഎഫ്ഐ നേതാവും സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സിവി ധനരാജ് കൊല്ലപ്പെട്ടത്. വിധി കേള്‍ക്കാന്‍ ധന്‍രാജിന്റെ ഭാര്യയും കുടുംബവും എഎന്‍ ഷംസീര്‍ ഉള്‍പ്പടെയുള്ള നേതാക്കളും കോടതിയില്‍ എത്തിയിരുന്നു.
ബൈക്കുകളിലായി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിറകു വശത്തുവെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
ആദ്യ മൂന്നു പ്രതികളായ ടിപി ബിജു, വിപിന്‍ എം, വൈശാഖ് എം എന്നിവര്‍ ചേര്‍ന്നാണ് ധനരാജിനെ വെട്ടി കൊലപ്പെടുത്തുന്നത്. ഇതില്‍ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ അനൂപും പത്താം പ്രതി കെ മനൂപും സഹോദരന്മാരാണ്. ഒമ്പതാം പ്രതി പി രാജേഷ് കുമാറിന്റെ സഹോദരനാണ് പതിനെട്ടാം പ്രതി രമേശന്‍. കേസിലെ പതിനാറാം പ്രതി തിരുവനന്തപുരം സ്വദേശിയായ കണ്ണന്‍ എന്ന അജീഷ് ആര്‍എസ്എസ് ജില്ലാ പ്രമുഖനായിരുന്നു.
കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടു. ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപട്ടികയിലെ മൂന്നു പേര്‍ കോടതിയില്‍ എത്തിയില്ല. ധനരാജനെ കൊലപ്പെടുത്താന്‍ രണ്ടിടത്തായി ഗൂഢാലോചന നടന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. 127 രേഖകള്‍, വസ്ത്രങ്ങള്‍ ആയുധം, വാഹനം ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates