തൃശൂർ: മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകൾ ഉപയോഗിച്ചതാകാം ഫിറ്റ്നസ് പരിശീലകന്‍ മാധവിന്റെ മരണത്തിന് കാരണമെന്ന നിഗമനത്തിൽ പൊലീസ്. വിദേശനിർമിത മരുന്നുകളും സിറിഞ്ചും മാധവിന്റെ കിടപ്പുമുറിയിൽ നിന്നും പൊലീസിന് ലഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയധമനികളില്‍ ബ്ലോക്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചു.
ഇരുപത്തെട്ടുകാരനായ മാധവിനെ ഇന്നലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് സംഭവം. മണി - കുമാരി ദമ്പതികളുടെ മകനാണ് മരിച്ച മാധവ്. ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെന്‍ററില്‍ പരിശീലകനായി മാധവ് പോകാറുണ്ട്. ഇന്നലെ നാലരയായിട്ടും എഴുന്നേറ്റില്ല. മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
അമ്മ വാതിലില്‍ തട്ടിവിളിച്ചിട്ടും പ്രതികരണമില്ലെന്ന് കണ്ടതോടെ അയല്‍വാസിയുടെ സഹായത്തോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാധവിന്റെ മുഖം നീലനിറത്തിലായിരുന്നു. പാമ്പ് കടിയേറ്റിരുന്നോയെന്ന സംശയം ഉയര്‍ന്നെങ്കിലും ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലായിരുന്നു. കട്ടിലിന് താഴെയായി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ശരീരം.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടില്‍ അമ്മയും മാധവും മാത്രമാണ് താമസിച്ചിരുന്നത്. ജനുവരിയില്‍ നടക്കാനിരിക്കുന്ന മത്സരത്തിനായി കഠിന പരിശീലനം നടത്തിയിരുന്നു. ആരോഗ്യസംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്ന മാധവിന്റെ വിവാഹം അടുത്ത മാസം ഉറപ്പിക്കാനിരിക്കെ ആണ് മരണം സംഭവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates