കൊച്ചി : തുടര്‍ഭരണം ലക്ഷ്യമിട്ട് നിയമസഭ തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന സിപിഎം ഇക്കുറി പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പില്‍. നിലവിലെ മന്ത്രിസഭയിലെ കരുത്തരായ അഞ്ചു മന്ത്രിമാര്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ലെന്നാണ് സൂചന. ഇ പി ജയരാജന്‍, എ കെ ബാലന്‍, തോമസ് ഐസക്ക്, ജി സുധാകരന്‍, ടിപി രാമകൃഷ്ണന്‍ എന്നിവരാകും മല്‍സരരംഗത്തുനിന്നും മാറുക.
ഇവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആരെന്നത് കൂടി നോക്കിയായിരിക്കും തോമസ് ഐസക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ആലപ്പുഴ കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
മുന്‍ എംപി മനോജ് കുരിശിങ്കലിനെ വീണ്ടും കളത്തിലിറക്കി ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങാന്‍ സിപിഎം തീരുമാനിച്ചത്. തോമസ് ഐസക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍ പി പി ചിത്തരഞ്ജന്‍ മുതല്‍ എം എ ബേബി വരെ പരിഗണിക്കപ്പെട്ടേക്കാം. യെച്ചൂരിയുമായി അടുപ്പമുള്ള ബേബിയെ മത്സരിപ്പിക്കുന്നതിലൂടെ ദേശീയ നേതൃത്വവുമായി കൂടുതല്‍ സമരസപ്പെടാനാകുമെന്നാണ് പിണറായിയുടെ വിലയിരുത്തല്‍.
ബേബി മുമ്പ് മല്‍സരിച്ച കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഇപ്പോഴത്തെ എംഎല്‍എ. മേഴ്‌സിക്കുട്ടിയമ്മ ഇവിടെ വീണ്ടും മല്‍സരിച്ചേക്കും. മേഴ്‌സിക്കുട്ടിയമ്മ മല്‍സരരംഗത്തില്ലെങ്കില്‍ മാത്രമേ മറ്റു പേരുകള്‍ പരിഗണിക്കൂ. എങ്കില്‍ എംഎ ബേബി മുതല്‍ ചിന്ത ജെറോം വരെ പരിഗണിക്കപ്പെട്ടേക്കും. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ മല്‍സരിക്കാന്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് അതിയായ താല്‍പ്പര്യമുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിജയരാഘവന് സിപിഎം കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതായാണ് സൂചന. പി ബി അംഗം കോടിയേരി ബാലകൃഷ്ണനും പ്രചാരണത്തില്‍ കേന്ദ്രീകരിക്കും. ഇപി ജയരാജന്‍ മാറുന്നതോടെ, മട്ടന്നൂരില്‍ ശൈലജ ടീച്ചര്‍ മല്‍സരിച്ചേക്കും. കൂത്തുപറമ്പ് കെപി മോഹനന് നല്‍കുന്നതിനുള്ള തടസ്സവും ഇതുവഴി പരിഹരിക്കപ്പെടും.
കണ്ണൂരില്‍ ഏറെ ജനപിന്തുണയുള്ള പി ജയരാജനും നിയമസഭയിലേക്ക് മല്‍സരിച്ചേക്കും. ലോക്‌സഭയിലേക്ക് മല്‍സരിപ്പിക്കുന്നതിന് വേണ്ടി പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ച ജയരാജന്‍, തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പൊതുരംഗത്തു നിന്നും ഒതുക്കപ്പെട്ടുവെന്ന ആക്ഷേപം ശക്തമാണ്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എ എ റഹീമും മത്സരിച്ചേക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates