കൊല്ലം: ബിഹാറില്‍ ആര്‍ജെഡി നേതാവിനെ വെടിവെച്ചു കൊന്ന കൊടും കുറ്റവാളി കൊല്ലത്ത് പിടിയില്‍. ബിഹാര്‍ സീതാമാര്‍ഹി ടുംറ സ്വദേശി മുഹമ്മദ് അജാജിനെയാണ് ഈസ്റ്റ് പൊലീസും ബിഹാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ആര്‍ജെഡി നേതാവ് ബൈദ്യനാഥ് മഹതോയെ വെടിവെച്ചു കൊന്ന കേസിലാണ് അറസ്റ്റ്. ബിഹാറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളില്‍ പ്രതിയായ ഇയാളെ കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊല്ലം ആണ്ടാമുക്കത്ത് പ്രതി കുടുംബവുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാള്‍.
സെപ്റ്റംബര്‍ 12ന് സീതാമഠിയിലെ ദുംറയില്‍ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മഹ്‌തോയ്ക്കു വെടിയേറ്റത്. മുഖ്യപ്രതിയായ ത്രിഭുവനെ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു. 2016 മുതല്‍ കേരളത്തിലുള്ള അജാജ് കൊല്ലത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഇടയ്ക്കിടെ ബിഹാറിലെത്തി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ബിഹാര്‍ പൊലീസ് പറഞ്ഞു.
2020ല്‍ മോഷണശ്രമത്തിനിടെ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2012 മുതല്‍ വിവിധ കേസുകളില്‍ പ്രതിപ്പട്ടികയിലുണ്ട്. അജാജിനെ കണ്ടെത്തുന്നതിനായി ബിഹാര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തിലുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന് എസ്‌ഐ രാമായണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 10 ദിവസം മുന്‍പു കേരളത്തിലെത്തി . കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചാമക്കടയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. അജാജിനെ കോടതിയില്‍ ഹാജരാക്കി ബിഹാര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates