തിരുവനന്തപുരം: കേരളത്തിന്റെ സമരസൂര്യന്‍ വി എസ് അച്യുതാനന്ദന്റെ ഓര്‍മ്മകള്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, കേരള ജനതയ്ക്കാകെ ജാജ്വല്യമാനമായ ഒരേടാണ്. ജനഹൃദയങ്ങളില്‍ മാത്രമല്ല ശാസ്ത്ര ലോകത്തും വി എസിന്റെ പേര് അമരത്വമാകുകയാണ്. പ്രകൃതിക്ക് വേണ്ടി നിലകൊണ്ട ഭരണാധികാരി, അതേ പ്രകൃതിയിലെ ഒരു പൂവിന്റെ പേരില്‍ കൂടി അറിയപ്പെടും.
പുതുതായി കണ്ടെത്തിയ കാശിത്തുമ്പകളില്‍ ഒന്നിനാണ് വി എസിന്റെ പേര് ഗവേഷകര്‍ നല്‍കിയത്. പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തിയ മൂന്ന് ഇനങ്ങളില്‍ ഒന്നിനായിരുന്നു ഇമ്പേഷ്യന്‍സ് അച്യുതാനന്ദനി എന്ന പേരിട്ടത്. 2021 ല്‍ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ഫൈറ്റോകീസില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ സസ്യത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നത്.
പശ്ചിമഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാൻ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി എസ് കാണിച്ച ഇച്ഛാശക്തിക്കുള്ള ആദരവായാണ് മലയാളി ഗവേഷകർ തങ്ങൾ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. വെള്ളയിൽ ക്രീം നിറം കലർന്ന ഇതളുകളും പൂവിനകത്ത് മഞ്ഞ പൊട്ടുമുള്ള അതിമനോഹരമായ ഒരു കുഞ്ഞൻ ചെടിയാണിത്. തിരുവനന്തപുരം ജില്ലയിലെ കല്ലാർ വനമേഖലയിൽ, സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്ററിലധികം ഉയരത്തിലുള്ള നീർച്ചോലകൾക്കരികിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ. വി.എസ്. അനിൽകുമാർ, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാൻ്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം.ജി. ഗോവിന്ദ്, പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി.സുരേഷ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാർമക്കോളജി ആൻഡ് എക്സ്പിരിമെൻ്റൽ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ.കെ. വിഷ്ണു എന്നിവർ ചേർന്നാണ് കണ്ടെത്തൽ നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates