സിന്ധു ജോയ് 
Kerala

'എന്റെ ഭര്‍ത്താവ് പാസ്റ്റര്‍ അല്ല; ഞങ്ങള്‍ അതിസമ്പന്നരല്ല, ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല'

അതുകൊണ്ട് സഹോ, തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം പിത്രുശൂന്യതയുമായി ഇനി ഈ വഴി വരരുത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എസ്എഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷ സിന്ധു ജോയ്. ചെഗുവേരയുടെ മുഖചിത്രമൊക്കെ വെച്ച് ഇടതുപക്ഷം എന്ന മുഖംമൂടി അണിഞ്ഞ് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും താന്‍ പോകുമെന്ന് സിന്ധു ജോയ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

'ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഇലക്ട്രിക് ലാത്തിയുടെയും ചൂരല്‍ ലാത്തിയുടെയും നൊമ്പരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഗ്രനേഡ് വീണ് തകര്‍ന്ന കാല്‍പ്പാദവും ജയിലില്‍ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എന്റെ ഒരു നേട്ടത്തിനും ആയിരുന്നുമില്ല. അതുകൊണ്ട് സഹോ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം പിതൃശൂന്യതയുമായി ഇനി ഈ വഴി വരരുത്' സിന്ധു ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിന്ധുവിന്റെ കുറിപ്പ്

നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫെയ്‌സ്ബുക്കിലെ ഈ കുറിപ്പ്.

രണ്ടു കാരണങ്ങളായിരുന്നു അതിന് പിന്നില്‍. ബ്രിട്ടീഷ് സിവില്‍ സര്‍വീസിലെ ഓഫീസര്‍ എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടാനുള്ള പരിമിതി ആയിരുന്നു പ്രധാനകാരണം. വര്‍ഗീയമായും രാഷ്ട്രീയമായും പരസ്പരം പാഴ് വാക്കെറിഞ്ഞ് ആത്മരതിയടയുന്ന മുഖമില്ലാത്ത ഒരുകൂട്ടരുടെ ലാവണമായി സോഷ്യല്‍ മീഡിയ താഴ്ന്നടിഞ്ഞു പോയതാണ് രണ്ടാമത്തെ കാരണം.

പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് ഓലിയിടുന്ന കുറുക്കന്മാരെപോലെ, പകല്‍ വെളിച്ചത്തില്‍ മുഖം കാണിക്കാത്ത ചില സൃഗാലസന്തതികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും എന്റെ പേരു പറഞ്ഞ് ഇടയ്ക്കിടെ അപശബ്ദം കേള്‍പ്പിക്കും. ആദിത്യനെന്നും റഫീഖ് എന്നും ചില പെണ്‍പേരുകളിലും ഇത്തരം വേതാളങ്ങളുടെ പ്രൊഫൈല്‍ അവതാരങ്ങള്‍. ഇവരോടൊക്കെ പ്രതികരിക്കണോ എന്ന് ചോദിച്ചേക്കാം; ക്ഷമയ്ക്കുമില്ലേ ഒരു പരിധിയൊക്കെ?

സഖാവ് ചെ ഗുവേരയുടെ മുഖചിത്രമൊക്കെ വച്ചാണ് കഴിഞ്ഞദിവസങ്ങളിലൊന്നില്‍ ഇത്തരമൊരു വ്യാജന്റെ അരങ്ങേറ്റം. ഇടതുപക്ഷം എന്ന മുഖംമൂടി അണിഞ്ഞാണ് ആ അഴിഞ്ഞാട്ടമെന്നതാണ് സങ്കടകരം. ബോധപൂര്‍വം ചിലകേന്ദ്രങ്ങളില്‍ രൂപപ്പെടുന്ന ചില നെറികെട്ട ഇടപെടലുകളാണ് ഇതെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ എന്റെ ഈ പ്രതികരണം.

എന്നെ പരിചയപ്പെടുത്താന്‍ അയാള്‍ ഉപയോഗിച്ച വിശേഷണങ്ങള്‍ അപാരം! 'സ്വയം നഷ്ടപ്പെടുത്തി മേല്‍വിലാസം ഇല്ലാതെ പോയവള്‍, ആരും ശ്രദ്ധിക്കപ്പെടാതെ ഭൂലോകത്തിന്റെ ഏതോ കോണില്‍ കഴിയുന്നവള്‍', അങ്ങനെയങ്ങനെ...എന്റെ പ്രിയപ്പെട്ട സുഹൃത്തും എഴുത്തുകാരിയുമായ കബനി ആണ് ഇതെന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

ഒരു പൊട്ടിചിരിയില്‍ പ്രതികരണം അവസാനിപ്പിക്കാനാണ് ആദ്യം ഞാന്‍ ആലോചിച്ചത്.

മുഖം നഷ്ടപ്പെട്ട ചില വികലജന്മങ്ങള്‍ ആ പോസ്റ്റിനടിയില്‍ കമന്റിട്ടും അര്‍മാദിക്കുന്നത് കണ്ടു; വസ്തുതാവിരുദ്ധവും അപകീര്‍ത്തികരവുമായ കമന്റുകള്‍. ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഒരുമ്പെടുന്നവരോട് ഒന്നേ പറയാനുള്ളൂ; നിയമത്തിന്റെ ഏതറ്റം വരെയും ഞാന്‍ പോകും. പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുന്ന ഒരു സ്ത്രീയോട് പുലര്‍ത്തേണ്ട മാന്യത നിങ്ങള്‍ കാണിക്കുന്നില്ല. അത് നിയമവിരുദ്ധവുമാണ്. എന്റെ ഫോട്ടോ ദുരുപയോഗിച്ചത് പോലും ശിക്ഷാര്‍ഹമായ കുറ്റം തന്നെ. ഇപ്പോഴും ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരിരക്ഷ എനിക്കുണ്ട്.

ഇനി, ആദിത്യന്മാരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍. ഞാന്‍ എട്ടര വര്‍ഷം മുന്‍പ് അതിസമ്പന്നനായ ഒരു 'പാസ്റ്ററെ' കല്യാണം കഴിച്ച് അമേരിക്കയില്‍ കുടിയേറി എന്നതാണ് ഒരു കഥ. വിവാഹസമയത്ത് ഏതോ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ഒറ്റവരി വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ആ നരേറ്റീവ്. ഒന്നാമത്, എന്റെ ഭര്‍ത്താവ് പാസ്റ്റര്‍ അല്ല; കത്തോലിക്ക സഭയിലെ ഒരു സാധാരണ വിശ്വാസി മാത്രം. രണ്ടാമത്, ഞങ്ങള്‍ അതിസമ്പന്നരല്ല, മറിച്ച്, തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാര്‍. അമേരിക്കയും ബ്രിട്ടനും പോലും തിരിച്ചറിയാത്ത കൂശ്മാണ്ടങ്ങളാണൊ ഇങ്ങനെ കമന്റ് ഇടുന്നത്? ആയിരക്കണക്കിന് മലയാളികള്‍ക്കിടയിലാണ് ഞങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നത്; ആരോടെങ്കിലും ഒന്ന് ചോദിച്ചാല്‍ പോരെ?

ഞാന്‍ പാര്‍ട്ടി വിടാനുണ്ടായ കാരണങ്ങള്‍ പലതുണ്ട്; ഇതിനു മുന്‍പ് പലയിടത്തായി അത് സൂചിപ്പിച്ചിട്ടുമുണ്ട്. ആ ചുവടുമാറ്റത്തിലെ നൈതികതയുടെ പ്രശ്‌നം അപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കുറച്ചേറെ കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. അത്, ഇപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുടെ ഏടുകളില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുഖവും വ്യക്തിത്വവുമില്ലാത്ത ഇത്തരം ആദിത്യന്മാരോടാണ്: ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല, ഇലക്ട്രിക് ലാത്തിയുടെയും ചൂരല്‍ ലാത്തിയുടെയും നൊമ്പരപ്പാടും നീയൊന്നും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഗ്രനേഡ് വീണ് തകര്‍ന്ന കാല്പാദവും ജയിലില്‍ കഴിഞ്ഞ ആഴ്ചവട്ടങ്ങളും സ്വകാര്യമായ എന്റെ ഒരു നേട്ടത്തിനും ആയിരുന്നുമില്ല.

അതുകൊണ്ട് സഹോ, തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം പിത്രുശൂന്യതയുമായി ഇനി ഈ വഴി വരരുത്.

Former SFI state president Sindhu Joy reacted strongly against cyber attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റര്‍ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; 57 കാരന്‍ അറസ്റ്റില്‍

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT