പുലിത്തോലും മാംസം ഉപയോഗിച്ച് പാകം ചെയ്ത ഇറച്ചിക്കറിയും 
Kerala

പുലിക്കായി കാത്തിരുന്നത് ഒരു മാസം, കുടുങ്ങിയാല്‍ കുതറുംതോറും മുറുകുന്ന 'കമ്പിക്കെണി'; പുലിത്തോലിന്റെ ചിത്രം വാട്‌സ്ആപ്പില്‍ അയച്ച് ലക്ഷങ്ങളുടെ കച്ചവടം ഉറപ്പിച്ചു 

ഇടുക്കി മാങ്കുളത്ത് കെണിയൊരുക്കി പിടിച്ച പുള്ളിപ്പുലിയുടെ മാംസം വീതിച്ചെടുത്ത് കറിവെച്ച് കഴിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

അടിമാലി: ഇടുക്കി മാങ്കുളത്ത് കെണിയൊരുക്കി പിടിച്ച പുള്ളിപ്പുലിയുടെ മാംസം വീതിച്ചെടുത്ത് കറിവെച്ച് കഴിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പറമ്പില്‍ പുള്ളിപ്പുലി വരാറുണ്ടെന്നു മനസ്സിലാക്കിയ ഒന്നാം പ്രതി വിനോദ് കെണിയൊരുക്കി കാത്തിരുന്നത് ഒരു മാസത്തോളമെന്ന് പൊലീസ് പറയുന്നു. പുള്ളിപ്പുലിയുടെ തോലും നഖങ്ങളും പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.

വിനോദിന്റെ സുഹൃത്തുക്കളായ കുര്യാക്കോസും ബിനുവുമാണ് കെണി ഉണ്ടാക്കാന്‍ സഹായിച്ചതെന്നും പൊലീസ് പറയുന്നു. കാട്ടുപന്നിയെ പിടികൂടാന്‍ വയ്ക്കുന്ന കമ്പിക്കെണിയുടെ വലിയ രൂപമാണു പുള്ളിപ്പുലിയെ കുടുക്കാന്‍ ഉപയോഗിച്ചത്. രണ്ടു മരങ്ങള്‍ക്കിടയില്‍ കട്ടി കൂടിയ നൂല്‍ക്കമ്പി വലിച്ചുകെട്ടിയാണു കെണി ഒരുക്കിയത്. പുലി കുടുങ്ങിയാല്‍ കുതറുംതോറും മുറുകുന്ന തരത്തിലായിരുന്നു ക്രമീകരണം.

പുള്ളിപ്പുലിയുടെ കഴുത്തില്‍ കമ്പി മുറുകി മുറിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കെണിയില്‍ കിടന്നു തന്നെ പുലി ചത്തു എന്നാണു നിഗമനം. പിന്നീട് പ്രതികളെത്തി പുലിയെ കശാപ്പു ചെയ്തു മാംസവും തോലും വേര്‍തിരിച്ചു വീതിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്തു കുറെ നാളായി പുലിയുടെ ശല്യമുണ്ടെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം പുലി പിടിച്ചെന്നു വനം വകുപ്പില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണു വിനോദിന്റെ കുടുംബത്തിന്റെ പ്രതികരണം. തുടര്‍ന്നാണു സ്വയം കെണി വയ്ക്കണ്ടിവന്നതെന്നും ഇവര്‍ പറയുന്നു.

ഒന്നാം പ്രതി വിനോദ് പുലിത്തോലും നഖവും പെരുമ്പാവൂര്‍ സ്വദേശിക്കു വില്‍ക്കാനാണു ശ്രമിച്ചത്. പുലിത്തോലിന്റെ ചിത്രം വാട്‌സാപ്പില്‍ അയച്ചുകൊടുത്താണു കച്ചവടം ഉറപ്പിച്ചത്. വിനോദ് 5 ലക്ഷം രൂപ ചോദിച്ചു. 25,000 തരാമെന്നു പെരുമ്പാവൂര്‍ സ്വദേശി സമ്മതിച്ചു. ഒടുവില്‍ 3 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു. വിനോദിന്റെ ഫോണില്‍ നിന്ന് ഇതുസംബന്ധിച്ച ചാറ്റ് മെസേജുകള്‍ കണ്ടെടുത്തു. പുലിത്തോല്‍ വാങ്ങാന്‍ തയാറായ പെരുമ്പാവൂര്‍ സ്വദേശിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.

വിനോദിന്റെ കൃഷിയിടത്തില്‍ നിന്നു കഴിഞ്ഞ 20ന് ആണ് പുള്ളിപ്പുലിയെ കുരുക്കിട്ടു പിടികൂടിയത്. മറ്റു 4 പേരും കൂടി പുലിയുടെ മാംസം വീതിച്ചെടുത്തു കറി വച്ചെന്നാണു കേസ്. വിനോദിനൊപ്പം അറസ്റ്റിലായ വി പി കുര്യാക്കോസ്, സി എസ് ബിനു, സലി കുഞ്ഞപ്പന്‍, വിന്‍സന്റ് എന്നിവരും റിമാന്‍ഡിലാണ്.പുലിത്തോല്‍ ഉണങ്ങാന്‍ വെയിലത്തു വച്ചതും വില്‍പനയ്ക്കു ശ്രമിച്ചതുമാണു സംഭവം വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടാന്‍ കാരണമായത്. തോല്‍ കേടു വരാതിരിക്കാന്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനപാലകര്‍ക്കു ലഭിച്ചു. വന്യജീവിസംരക്ഷണ നിയമം അനുസരിച്ചാണു പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം