Chief Minister VD Satheesan File Photo
Kerala

'വൈദ്യുതി പ്രതിസന്ധിയെ സുവര്‍ണാവസരമായി കാണുന്നു'; ഒക്ടോബറില്‍ പുതിയ നയം വരുമെന്ന് മുഖ്യമന്ത്രി

'ആവശ്യമായ വൈദ്യുതിയുടെ 15% മാത്രമേ കേരളം ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തടസ്സമായി കാണുന്നില്ലെന്നും, മറിച്ച് സമഗ്രമായ വൈദ്യുതി നയവും ഊര്‍ജ്ജ മാനേജ്മെന്റ് സിസ്റ്റവും രൂപീകരിക്കുന്നതിനുള്ള സുവര്‍ണാവസരമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. ശനിയാഴ്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 'കോര്‍ റിന്യൂ എക്‌സ്‌പോ & എനര്‍ജി കോണ്‍ക്ലേവ് 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബറില്‍ സര്‍ക്കാര്‍ പുതിയ വൈദ്യുതി നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 4,445 മെഗാവാട്ടില്‍ നിന്ന് വൈദ്യുതി ഉപഭോഗം 920 മെഗാവാട്ട് വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ആവശ്യമായ വൈദ്യുതിയുടെ 15% മാത്രമേ കേരളം ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. നിലവില്‍ ഏകദേശം 13,000 കോടി രൂപയായിരിക്കുന്ന വൈദ്യുതി വാങ്ങല്‍ ചെലവ് ഈ വര്‍ഷം 16,000 കോടി രൂപ കവിയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജലവൈദ്യുത പദ്ധതികളെ മാത്രം അമിതമായി ആശ്രയിക്കുന്ന സ്ഥിതി, സൈലന്റ് വാലി, നര്‍മ്മദ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പുനരധിവാസ ആശങ്കകള്‍, ജനസാന്ദ്രത കാരണം താപവൈദ്യുത പദ്ധതികള്‍ക്കുള്ള പരിമിതികള്‍, കൂടംകുളം, ചീമേനി എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ആണവോര്‍ജ പദ്ധതികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ എന്നിവ കേരളത്തെ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലേക്ക് നയിച്ച മുന്‍കാലങ്ങളിലെ വൈദ്യുതി വാങ്ങല്‍ കരാറുകളിലെയും നടപടിക്രമങ്ങളിലെയും വീഴ്ചകള്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസരണ നഷ്ടം 8 ശതമാനത്തില്‍ താഴെയായി കുറക്കാനും വൈദ്യുതി മോഷണം തടയാനും കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യുക, പുരപ്പുറ സൗരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കുക, കമ്മ്യൂണിറ്റി തലത്തിലുള്ള ബാറ്ററി സ്റ്റോറേജ് സിസ്റ്റങ്ങള്‍ നടപ്പിലാക്കുക, ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതും പമ്പ് സെറ്റുകള്‍ ഉപയോഗിക്കുന്നതും പകല്‍ സമയത്തേക്ക് മാറ്റുക, പമ്പ്ഡ്-സ്റ്റോറേജ് സിസ്റ്റങ്ങള്‍ അവതരിപ്പിക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.

കാലാവസ്ഥ വ്യതിയാനം കാരണം പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന എയര്‍കണ്ടീഷണറുകളുടെ ഉപയോഗവും, സെമികണ്ടക്ടര്‍, കൃത്രിമ ബുദ്ധി തുടങ്ങിയ വ്യവസായങ്ങളില്‍ നിന്നുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജ ആവശ്യകതയും പുതിയ വൈദ്യുതി നയത്തില്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സതീശന്‍ പറഞ്ഞു. സൗരോര്‍ജ്ജ മേഖലയെ കോവലം സേവനമായി കാണാതെ വ്യവസായമായി വളര്‍ത്തിയെടുക്കും. മേഖലയിലെ തടസ്സങ്ങള്‍ നീക്കി നിക്ഷേപകരെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Government will roll out a new power policy in October, says CM Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

വേണം 8ാം കിരീടം, ഒരു കണക്കും തീര്‍ക്കാനുണ്ട്! ഇന്ത്യ- ശ്രീലങ്ക വനിതാ എഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ശബരിമല മാതൃകയിലുള്ള വെര്‍ച്വല്‍ ക്യൂ അയോധ്യയുടെ പരിഗണനയില്‍; തീര്‍ത്ഥാടക തിരക്ക് കുറയ്ക്കാന്‍ നീക്കം

നികുതി വരുമാനത്തില്‍ കുതിപ്പ്, ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് സമാപനം, റിബാകിന വനിതാ ചാംപ്യൻ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എലേന റിബാകിന യുഎസ് ഓപ്പൺ വനിതാ ചാംപ്യൻ; സബലേങ്കയുടെ ഹാട്രിക്ക് മോഹം തകർത്തു