AI facebook
Kerala

'അവര്‍ അഞ്ചു പേരും സുഖമായിരിക്കുന്നു'; വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ സര്‍ക്കാരിന്റെ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍

ദുരന്തത്തില്‍ ഏഴ് കുട്ടികള്‍ക്കാണ് അമ്മയെയും അച്ഛനെയും ഒന്നിച്ചു നഷ്ടപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട അഞ്ച് കുട്ടികള്‍ സര്‍ക്കാരിന്റെ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയ്ക്ക് കീഴില്‍. ദുരന്തത്തില്‍ ഏഴ് കുട്ടികള്‍ക്കാണ് അമ്മയെയും അച്ഛനെയും ഒന്നിച്ചു നഷ്ടപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ക്ക് 18 വയസ് പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തിയായി. ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ ഒരു വര്‍ഷത്തെ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലാണ്.

'അവര്‍ അഞ്ചു പേര്‍ക്കും സുഖമാണ്. 5 മുതല്‍ 16 വയസ് വരെയുള്ളവരാണ്. എല്ലാവരും സ്‌കൂളില്‍ പോകുന്നു. ചെറിയച്ഛന്റെയോ വലിയച്ഛന്റെയോ, അതുപോലുള്ള അടുത്ത ബന്ധുക്കളുടെയോ വീടുകളിലാണ് അവര്‍ കഴിയുന്നത്. ദുരന്തം സൃഷ്ടിച്ച നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിയാനുള്ള പ്രായം ആകാത്തത് ഒരു കണക്കിന് അവര്‍ക്ക് അനുഗ്രഹമായി. അവര്‍ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു വന്നിട്ടുണ്ട്,' വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് പറഞ്ഞു. ദുരന്തത്തില്‍ മതാപിതാക്കളെ നഷ്ടമായ അഞ്ചു പേരില്‍ മൂന്നും പെണ്‍കുട്ടികളാണ്. എല്ലാവരും സുരക്ഷിതരാണെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട് ജില്ലാ ഭരണകൂടത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

എല്ലാവരും അറിയാന്‍...അവര്‍ അഞ്ചു പേരും സുഖമായിരിക്കുന്നു

-മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച കുട്ടികള്‍ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയ്ക്ക് കീഴില്‍

കരള്‍ പിളരും വേദന നല്‍കിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരു വയസ്സാകുന്നു. നാട് ഇതുവരെ കാണാത്ത കനത്ത ആഘാതത്തിന്റെയും സങ്കടക്കടലിന്റെയും മുഖത്തു നിന്നും അതിജീവിതരും ബന്ധുക്കളും നാടും പതിയെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ ഉയരുന്ന പുതിയ വീടും പുതിയ ജീവിതവുമായി പുത്തന്‍ പ്രതീക്ഷകള്‍ തുന്നുകയാണ് അവര്‍.

ദുരന്തത്തില്‍ ഏഴ് കുട്ടികള്‍ക്കാണ് നേരം ഇരുട്ടിവെളുത്തപ്പോള്‍ അമ്മയെയും അച്ഛനെയും ഒന്നിച്ചു നഷ്ടപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ക്ക് 18 വയസ് പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക് ഇപ്പോള്‍ പ്രായപൂര്‍ത്തിയായി.

ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ ഒരു വര്‍ഷത്തെ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലാണ്. ഓരോ ആഴ്ച്ചയും ഫോണ്‍ വഴിയും ഓരോ മാസവും നേരിട്ടും അവരെ സന്ദര്‍ശിക്കുന്ന വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു, അവര്‍ അഞ്ചു പേരും സുഖമായിരിക്കുന്നു എന്ന്.

'അവര്‍ അഞ്ചു പേര്‍ക്കും സുഖമാണ്. 5 മുതല്‍ 16 വയസ് വരെയുള്ളവരാണ്. എല്ലാവരും സ്‌കൂളില്‍ പോകുന്നു. ചെറിയച്ഛന്റെയോ വലിയച്ഛന്റെയോ, അതുപോലുള്ള അടുത്ത ബന്ധുക്കളുടെയോ വീടുകളിലാണ് അവര്‍ കഴിയുന്നത്. ദുരന്തം സൃഷ്ടിച്ച നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിയാനുള്ള പ്രായം ആകാത്തത് ഒരു കണക്കിന് അവര്‍ക്ക് അനുഗ്രഹമായി. അവര്‍ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു വന്നിട്ടുണ്ട്,' വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് പറഞ്ഞു. അഞ്ചു പേരില്‍ മൂന്നും പെണ്‍കുട്ടികളാണ്.

ഇതില്‍ ഏറ്റവും പ്രായക്കുറവുള്ള, 5-വയസുകാരിയ്ക്ക് ബന്ധുവീട്ടില്‍ സന്തോഷമായത് അമ്മയുടെ സഹോദരി അടുത്തിടെ ജന്മം നല്‍കിയ കുഞ്ഞാണ്. ആ കുഞ്ഞിന്റെ നോട്ടത്തിലും ചിരിയിലും ശബ്ദങ്ങളിലും മുഴുകി അവള്‍ തന്റെ ദു:ഖങ്ങളെ മറികടന്നു. മറ്റൊരു 8-വയസുകാരിയുടെ ബന്ധുവീട്ടില്‍ മൂന്ന് കുട്ടികളുണ്ട്. അവരുടെ ലോകത്തിലെ കളിചിരി വിശേഷങ്ങളാണ് അവളുടെ ജീവിതത്തില്‍ നിറങ്ങള്‍ തിരികെ കൊണ്ടുവന്നത്.

പ്രായപൂര്‍ത്തിയായ രണ്ട് പേരില്‍ ഒരാളുടെ ഡിഗ്രി വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ചെലവുകളും സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജ് മാനേജ്‌മെന്റാണ് വഹിക്കുന്നത്. മറ്റൊരാള്‍ പ്ലസ് വണ്ണിന് കോഴിക്കോട് ജില്ലയിലാണ് പഠിക്കുന്നത്. നേരത്തെ ഡ്രോപ്പ് ഔട്ട് ആയ ഇയാള്‍ ദുരന്തത്തിന് ശേഷം പഠനം പുനരാരംഭിക്കുകയായിരുന്നു. ഈ വിദ്യാര്‍ത്ഥി ഒഴികെ എല്ലാവരും വയനാട്ടില്‍ തന്നെയാണ്.

വേറെ 11 കുട്ടികളുടെ അച്ഛനെയും 3 കുട്ടികളുടെ അമ്മയെയും ഉരുളെടുത്തു. അച്ഛനെ നഷ്ടപ്പെട്ടവര്‍ അമ്മയുടെ കൂടെയും അമ്മയെ നഷ്ടപ്പെട്ടവര്‍ അച്ഛന്റെ കൂടെയുമാണ് നിലവില്‍ കഴിയുന്നത്. ഇതില്‍ വെറും രണ്ട് മാസം പ്രായമുള്ള, അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞും ഉള്‍പ്പെടുന്നു. ഈ 14 പേരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഇവരുടെയും മാനസിക, ഉല്ലാസ, പഠന, പാഠ്യേതര കാര്യങ്ങളും കൃത്യമായി ശിശു സംരക്ഷണ യൂണിറ്റ് ശ്രദ്ധിച്ചുപോരുന്നു.

കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, പിറന്നാള്‍, വിഷു, പെരുന്നാള്‍ പോലുള്ള ആഘോഷ നാളുകള്‍ വരുമ്പോള്‍ അച്ഛനെയും അമ്മയെയും ഓര്‍ത്തു കുട്ടികള്‍ നൊമ്പരപ്പെടാറുണ്ടെന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഔട്ട്‌റീച്ച് വര്‍ക്കര്‍മാര്‍ പറയുന്നു.

കുട്ടികളില്‍ പലര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ പുതിയ വീടുകള്‍ ഉയരുകയാണ്. മറ്റ് സംഘടനകള്‍ വീട് ഉറപ്പ് നല്‍കിയ ചില കുട്ടികളാകട്ടെ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വാങ്ങിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇത് കുട്ടിയുടെയും ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും പേരില്‍ തുടങ്ങിയ ജോയിന്റ് അകൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരിക്കുകയാണ്. അതിന്റെ പലിശ അവര്‍ക്ക് ലഭിക്കുന്നുണ്ട്.

19 കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ പ്രതിമാസം 4000 രൂപ ലഭിക്കുന്നു. ഇതിന് പുറമെ മാതാപിതാക്കള്‍ ഇരുവരും നഷ്ടപ്പെട്ട ആറ് കുട്ടികള്‍ക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സര്‍ക്കാര്‍ മുഖാന്തിരം 31.24 ലക്ഷം രൂപയും കൈമാറി.

ദുരന്തവിവരം കുട്ടികളെ അറിയിക്കല്‍ ആയിരുന്നു ഏറ്റവും പ്രയാസം

അച്ഛനും അമ്മയും ഇനിയീ ഭൂമിയില്‍ ഇല്ല എന്ന, ലോകത്ത് ഒരു കുഞ്ഞും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്ത കുട്ടികളോട് എങ്ങിനെ പറയും എന്നതായിരുന്നു ഏറ്റവും പ്രയാസകരം എന്ന് കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു. 'ദുരന്തത്തില്‍ പരിക്കുപറ്റി കുട്ടി ആശുപത്രിയിലായിരുന്നു. മാസങ്ങള്‍ കഴിഞ്ഞു ഡിസ്ചാര്‍ജ് ആയി എന്റെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ എന്താണ് സ്വന്തം വീട്ടിലേക്ക് പോകാത്തത് എന്ന് ചോദിച്ചു. അച്ഛനും അമ്മയും അനുജനും എവിടെ എന്ന് ചോദിച്ചു. അവര്‍ മരണപ്പെട്ടു എന്ന വിവരം എങ്ങനെ അറിയിക്കും എന്നറിയാതെ ഞാന്‍ പൊട്ടിക്കരഞ്ഞു,' ഒരു ബന്ധു ഓര്‍ത്തെടുത്തു.

പലരും മരണ വിവരം അറിയിക്കാന്‍ ശിശു സംരക്ഷണ വിഭാഗത്തിന്റെ സഹായം തേടി. ഒടുവില്‍ വകുപ്പിന്റെ നിര്‍ദേശപ്രകാരം സമയമെടുത്ത് ഓരോ കാര്യവും കുട്ടികളെ പറഞ്ഞു മനസിലാക്കുകയായിരുന്നു. 'ദുരന്തത്തില്‍ വീട് ഒഴുകി പോയെന്ന് ആദ്യം പറഞ്ഞു. പിന്നെ ആഴ്ചകള്‍ക്ക് ശേഷം അയല്‍വീട്ടുകാരെ ഉരുള്‍ കൊണ്ടുപോയ കാര്യം പറഞ്ഞു. സമയമെടുത്ത് കുട്ടി അതിനോട് പൊരുത്തപ്പെട്ടു എന്ന് കണ്ടപ്പോഴാണ് അമ്മയുടെ കാര്യം പറഞ്ഞത്. അപ്പോഴേക്കും കുട്ടി വീട്ടിലെ മറ്റ് കുട്ടികളുമായി ഇടപെട്ട് പതുക്കെ സന്തോഷങ്ങളിലേക്ക് തിരികെ വന്നിരുന്നു,' മറ്റൊരു കുട്ടിയുടെ ബന്ധു വിശദീകരിച്ചു.

'എനിയ്ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം അറിയാം. ഞങ്ങള്‍ക്ക് വേണ്ടി, ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ഒരുപാട് ആളുകള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അവര്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. എല്ലാവരോടും പറയണം ഞങ്ങള്‍ക്ക് സുഖമാണെന്ന്. അവരോടോക്കെ നന്ദിയുണ്ടെന്ന്. നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഒരു പുതിയ ജീവിതം ഞങ്ങള്‍ സ്വപ്നം കാണുകയാണെന്ന്,' മാതാപിതാക്കളെ നഷ്ടപ്പെട്ട 15-വയസുകാരന്‍ പറഞ്ഞു.

Government's foster care scheme for children who lost their parents in the Wayanad disaster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ

SCROLL FOR NEXT