Guruvayur Kesavan 
Kerala

ഭക്തിയുടെയും വിനയത്തിന്റെയും പ്രതീകം; 'ഗജരാജന്‍' ഗുരുവായൂര്‍ കേശവന്റെ ഓര്‍മ്മദിനം ആചരിച്ചു

പുന്നത്തൂര്‍ ആനത്താവളത്തിലെ പിന്‍ഗാമികളായ ഗജവീരന്മാര്‍ പ്രണാമം അര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഭഗവാന്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി അമ്പത് വര്‍ഷത്തിലേറെ കാലം സേവനം അനുഷ്ഠിച്ച, 'ഗജരാജന്‍' ഗുരുവായൂര്‍ കേശവന്റെ ഓര്‍മ്മ ദിനം ആചരിച്ചു. പുന്നത്തൂര്‍ ആനത്താവളത്തിലെ പിന്‍ഗാമികളായ ഗജവീരന്മാര്‍ പ്രണാമം അര്‍പ്പിച്ചു. 1976 ഡിസംബര്‍ 2-ന്, അതീവ പുണ്യദിനമായ ഗുരുവായൂര്‍ ഏകാദശി ദിവസം, ഭഗവാന്റെ നടയ്ക്ക് അഭിമുഖമായി തുമ്പിക്കൈ ഉയര്‍ത്തി വണങ്ങി, ഉപവാസമനുഷ്ഠിച്ചുകൊണ്ട് കേശവന്‍ ദേഹത്യാഗം ചെയ്‌തെന്ന ഐതിഹ്യം ഭക്തര്‍ക്ക് ഇന്നും അത്ഭുതമാണ്.

മനുഷ്യരെപ്പോലെ തന്നെ പക്ഷിമൃഗാദികള്‍ക്കും ഭഗവാനോടുള്ള അചഞ്ചലമായ ഭക്തിയുടെ ഉത്തമ ഉദാഹരണമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഗജേന്ദ്രമോക്ഷം പോലുള്ള ഭാഗവത കഥകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഈ ആനയുടെ ജീവിതം ഒരു അത്ഭുത ഭക്തിഗാഥയായി നിലനില്‍ക്കുന്നു.

1922 ജനുവരി 4-നാണ് നിലമ്പൂര്‍ വലിയ തമ്പുരാന്‍ തന്റെ നേര്‍ച്ചയുടെ ഭാഗമായി, 10 വയസ്സുള്ള കേശവനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ഗുരുവായൂരപ്പന് വേണ്ടിയുള്ള 50 വര്‍ഷത്തെ സേവനത്തിന്റെ ബഹുമതിയായി 1973-ല്‍ ദേവസ്വം കേശവന് 'ഗജരാജന്‍' എന്ന അമൂല്യമായ പട്ടം നല്‍കി ആദരിച്ചു.

പ്രത്യേകതകള്‍: 10 അടിയില്‍ കൂടുതല്‍ ഉയരമുണ്ടായിരുന്ന കേശവന്‍, ശാന്തസ്വഭാവവും ഗാംഭീര്യവും തലയെടുപ്പും കൊണ്ട് ശ്രദ്ധേയനുമായിരുന്നു. ഭഗവാന്റെ തിടമ്പ് എടുക്കുന്ന വ്യക്തിക്ക് മുന്നില്‍ മാത്രമേ കേശവന്‍ മുന്‍കാല്‍ മടക്കി കൊടുക്കുകയുള്ളൂ എന്നതും, മറ്റുള്ളവര്‍ക്ക് പിന്നിലൂടെ കയറേണ്ടി വരുമായിരുന്നു എന്നുള്ളതും കേശവന്റെ ഭക്തിയുടെ തീവ്രത എടുത്തുകാട്ടുന്നു.

അനുസ്മരണ ചടങ്ങുകള്‍

ഗുരുവായൂര്‍ ദേവസ്വത്തിലെ മറ്റ് ആനകള്‍ കൂട്ടത്തോടെ കേശവന്റെ പ്രതിമയ്ക്ക് മുന്നില്‍ അണിനിരന്ന് ആദരവ് അര്‍പ്പിക്കുന്ന ചടങ്ങാണ് അനുസ്മരണ ദിനത്തിലെ പ്രധാന പരിപാടി. രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗജഘോഷയാത്ര ക്ഷേത്രവും രുദ്രതീര്‍ത്ഥവും പ്രദക്ഷിണം ചെയ്ത്, ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലുള്ള കേശവന്റെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് മുന്നിലെത്തി. നിലവിലെ പ്രമുഖ ആനകളില്‍ ഒന്നായ കൊമ്പന്‍, കേശവന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ച് പ്രണാമം രേഖപ്പെടുത്തി. തുടര്‍ന്ന് ആനയൂട്ടും നടന്നു.

കേശവന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഭക്തരും, ആനപ്രേമികളും, ദേവസ്വം അധികൃതരും പുഷ്പാഞ്ജലി അര്‍പ്പിച്ചു. ലോകത്ത് ഒരൊറ്റ ആനയ്ക്ക് വേണ്ടി വര്‍ഷം തോറും അനുസ്മരണ ചടങ്ങ് നടക്കുന്നത് ഒരുപക്ഷേ ഗുരുവായൂരില്‍ മാത്രമായിരിക്കും. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഓര്‍മ്മകള്‍, തലമുറകളായി ഭക്തിയുടെയും അര്‍പ്പണബോധത്തിന്റെയും മകുടോദാഹരണമായി നിലനില്‍ക്കുന്നു.

'Gajarajan' Guruvayur Kesavan's memorial day was observed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT