തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും പൂനെ എൻ.ഐ.വി.യുടെയും മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പി.സി.ആർ. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്.
സാമ്പിളുകൾ എടുക്കുന്നതെങ്ങനെ?
എൻ. 95 മാസ്‌ക്, ഫേസ്ഷീൽഡ്, ഡബിൾ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ, സിഎസ്എഫ്, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുന്നു. തുടക്ക സമയത്ത് രോഗലക്ഷണങ്ങൾ പലരിലും കാണാത്തതിനാൽ നിപ വൈറസിന്റെ പ്രാരംഭ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും രോഗബാധിതരായ ആളുകൾക്കിടയിൽ അതിജീവന സാധ്യത വർധിപ്പിക്കുന്നതിനും മറ്റ് ആളുകളിലേക്ക് പകരുന്നത് തടയുന്നതിനും രോഗ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നേരത്തെയുള്ള പരിശോധന നിർണായകമാണ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളില്ലാത്ത ഒരാളുടെ പരിശോധനാഫലം നെഗറ്റീവായാലും, അദ്ദേഹം സമ്പർക്കപ്പട്ടികയിലുൾപ്പെട്ട ആളായാൽ നിപയുടെ ഇൻകുബേഷൻ പരിധിയായ 21 ദിവസം ഐസൊലേഷനിൽ കഴിയണം.
ലാബിലേക്ക് അയക്കുന്നതെങ്ങനെ?
സംശയിക്കപ്പെടുന്നയാളുടെ സാമ്പിളുകളുടെ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകൽ, സംഭരണം, സംസ്‌കരണം എന്നിവയിൽ മതിയായ ബയോ സേഫ്റ്റി മുൻകരുതലുകൾ സ്വീകരിക്കണം. ക്ലിനിക്കൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയ സാമ്പിളുകൾ സുരക്ഷിതമായി ട്രിപ്പിൾ കണ്ടെയ്‌നർ പാക്കിംഗ് നടത്തുന്നു. ഇത് കോൾഡ് ചെയിനിൽ 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ സുരക്ഷിതമായി ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് മുൻകൂർ അറിയിപ്പോടെ കൊണ്ടുപോകണം.
നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ?
നിപ വൈറസിനെ കണ്ടെത്താൻ പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) പരിശോധനയാണ് നടത്തുന്നത്. എൻ.ഐ.വി. പൂനെയിൽ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളിൽ നിന്ന് ആർ.എൻ.എ.യെ വേർതിരിക്കുന്നു. ഇതിൽ നിപ വൈറസ് ജീൻ കണ്ടെത്തിയാൽ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതൽ 4 മണിക്കൂറാണ് സമയമെടുക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates