തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ 'ട്രോളി' മന്ത്രി വീണാ ജോര്‍ജ്. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗര്‍ഭസ്ഥാവസ്ഥയിലുള്ള ശിശു മുതല്‍, ഒരമ്മയുടെ ഉദരത്തില്‍ ശിശു ഉരുവാകുന്നതു മുതല്‍ ആദ്യത്തെ ആയിരം ദിവസത്തെ പരിചരണത്തിനായി സര്‍ക്കാര്‍ പ്രത്യേക പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണെന്ന്' ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞു മുതല്‍ ആ കുഞ്ഞിന് രണ്ടു വയസ്സാകുന്നതു വരെ, അതിനുശേഷം ആ കുഞ്ഞ് മൂന്നു വയസ്സുമുതല്‍ അംഗന്‍വാടിയിലേക്കെത്തുമ്പോള്‍ പോഷകാഹാരം നല്‍കിയ സര്‍ക്കാര്‍ പരിചരണം ഉറപ്പാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ശിശു മരണ നിരക്കുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ എം വിജിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ആരോഗ്യമന്ത്രി രാഹുലിനെ ട്രോളിയത്. ഭരണപക്ഷ അംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ച് മന്ത്രിയെ അഭിനന്ദിച്ചു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന രാഹുലിന്‍റെ ഓഡിയോ സംഭാഷണം പുറത്തുവന്നതു വിവാദമായ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ ട്രോള്‍.
ശിശു മരണ നിരക്കില്‍ അമേരിക്കന്‍ ഐക്യനാടുകളേക്കാള്‍ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ 5.6 ആണ്. നമ്മുടേത് അഞ്ചാണ്. ചരിത്രത്തില്‍ വലിയ അഭിമാനകരമായ നേട്ടമാണിതെന്ന് കാണുന്നു. അതിലെല്ലാവരോടും അകമഴിഞ്ഞ നന്ദി അറിയിക്കുകയാണ്. ശിശു മരണ നിരക്ക് കുറയ്ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും വലിയ തോതിലുള്ള ഇടപെടലാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യരംഗം മോശമാണെന്ന് വരുത്തിതീര്‍ക്കുവാന്‍ ശ്രമം നടക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 25 ലക്ഷത്തിലേറെ ആളുകള്‍ക്ക് സൗജന്യം ചികിത്സ നല്‍കിയിട്ടുണ്ട്. നാലു വര്‍ഷത്തിനിടെ 7708 കോടി രൂപ സൗജന്യ ചികിത്സയ്ക്കായി നല്‍കിയിട്ടുണ്ട്. സൗജന്യ മരുന്നിനായി 650 മുതല്‍ 700 കോടി രൂപ വരെയാണ് കെഎംസിഎല്ലിന് നല്‍കുന്നത്. ഒമ്പതു വര്‍ഷം മുമ്പ് 12 ഡയാലിസിസ് സെന്ററുകളാണ് ഉണ്ടായിരുന്നത്. ഇന്ന് താലൂക്ക് ആശുപത്രി തലം മുതല്‍ 112 ആശുപത്രികളില്‍ ഡയാലിസിസ് സെന്ററുകള്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates