hemachandran murder case സ്ക്രീൻഷോട്ട്
Kerala

ഹേമചന്ദ്രന്റെ മൃതദേഹം കത്തിക്കാനും പ്രതികള്‍ ശ്രമിച്ചു, പഞ്ചസാര വിതറി; തീ ആളിപ്പടര്‍ന്നപ്പോള്‍ ഭയന്ന് കെടുത്തി

തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുന്‍പ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. പഞ്ചസാരയും പ്രതികള്‍ മൃതദേഹത്തില്‍ വിതറി. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് മൂടിയിട്ടും ശരീരഭാഗങ്ങള്‍ കൂടുതല്‍ ദ്രവിക്കാതിരുന്നതെന്നാണ് നിഗമനം. ഗള്‍ഫിലുള്ള മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാനും മറ്റും പ്രതികള്‍ക്ക് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് പ്രതികളുടെ സുഹൃത്തിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ വെച്ചാണെന്നാണ് പുറത്തുവരുന്ന വിവരം. ആള്‍താമസമില്ലാത്തിനാലാണ് പ്രതികള്‍ ഈ വീട് തെരഞ്ഞെടുത്തത്. കോഴിക്കോട്ട് നിന്ന് തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനെ നേരെ എത്തിച്ചത് സുല്‍ത്താന്‍ ബത്തേരിയിലെ ഈ വീട്ടിലായിരുന്നു. പണം തിരികെ കിട്ടാനായി മര്‍ദ്ദിച്ചപ്പോഴാണ് ഹേമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്നും പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ബത്തേരി സ്വദേശികളായ മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ്‌കുമാര്‍(28), വെള്ളപ്പന പള്ളുവടി വീട്ടില്‍ ബി എസ് അജേഷ്(27) എന്നിവരെ കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് മോഷണക്കേസിലാണ് ഇവര്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ ഹേമചന്ദ്രന്റെ കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രനുമായി നൗഷാദ് ഏറെക്കാലം പണമിടപാട് നടത്തിയിരുന്നതായും ഇവര്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

പിടിയിലായ പ്രതികളുമായി എസിപി എ ഉമേഷ്, മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ പി കെ ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചേരമ്പാടി വനത്തില്‍ ചെന്ന് കഴിഞ്ഞദിവസം രാവിലെ 9 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. രണ്ടു വര്‍ഷത്തിലേറെയായി മായനാട്ടെ വാടകവീട്ടില്‍ താമസിച്ചിരുന്ന ഹേമചന്ദ്രന്‍ കരസേനയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. 2024 മാര്‍ച്ച് 20ന് വീട്ടില്‍ നിന്നു പുറത്തുപോയതാണ്.

പത്തു ദിവസം പിന്നിട്ടിട്ടും കാണാതായതിനെ തുടര്‍ന്നാണ് ഭാര്യ എന്‍എം സുബിഷ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. തുടക്കത്തില്‍ എസ്ഐ ടി കാസിം അന്വേഷിച്ച കേസില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും തുമ്പൊന്നും ലഭിച്ചില്ല. ഹേമചന്ദ്രന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തെളിവുകള്‍ ലഭിച്ചത്. ഹേമചന്ദ്രനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ പൊലീസിനു ലഭിച്ച സുപ്രധാന വിവരവും സംഭവത്തിന്റെ ചുരുളഴിക്കാന്‍ സഹായകരമായി. തുടര്‍ന്നാണ് ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാര്‍, അജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. മായനാട് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഹേമചന്ദ്രനെ ഫോണില്‍ സ്ത്രീ ശബ്ദത്തില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനടുത്തേക്ക് വിളിച്ചു വരുത്തിയതായും കാറില്‍ കയറ്റി ബത്തേരി,റിപ്പണ്‍, ചേരമ്പാടി എന്നിവിടങ്ങളില്‍ എത്തിച്ചതായും പിടിയിലായവര്‍ പറഞ്ഞതായും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT