കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭര്‍ത്താവിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും മാതൃസഹോദരിക്കെങ്ങനെ ആവശ്യം ഉന്നയിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എംബസിയും നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്കമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദേശത്താണ് മരണം സംഭവിച്ചത്. അവിടുത്തെ പൊലീസ് അന്വേഷണം നടത്തുന്നുണ്ടാകും. അപ്പോള്‍പ്പിന്നെ എങ്ങനെ ഇടപെടുമെന്നത് നോക്കട്ടെ എന്ന് കോടതി പറഞ്ഞു.
ഒന്നര വസയുകാരി മകള്‍ വൈഭവിയുടേയും വിപഞ്ചികയുടേയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ബന്ധുവാണ് കോടതിയെ സമീപിച്ചത്. ഇരുവരുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വിപഞ്ചികയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് ഹര്‍ജി നല്‍കിയത്. മകളുടെയും കൊച്ചുമകളുടെയും മരണവിവരമറിഞ്ഞ് മാതാവ് ഷൈലജ ഷാര്‍ജയിലാണ്. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരന്‍ വിനോദും ഷാര്‍ജയിലെത്തിയിട്ടുണ്ട്. വിപഞ്ചികയുടേയും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഷാര്‍ജയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹന്‍, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിപഞ്ചിക നിരന്തരം ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിന്റെ തെളിവുകളും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരുടേയും മരണത്തില്‍ സംശയമുണ്ടെന്നും, പഴുതടച്ച അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടും കാര്യമായ സഹകരണം ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൃത്യമായ അന്വേഷണം നടത്താനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും കോടതി ഇടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates