കൊച്ചി: സേ പരീക്ഷക്ക് ഫീസടക്കണമെന്ന പട്ടികവർഗ വകുപ്പിന്റെ സർക്കുലറിൽ വലഞ്ഞ് ആദിവാസി വിദ്യാർഥികൾ. കോവിഡ് മൂലമുള്ള സാമ്പത്തിക പരാധീനത കാരണം എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് ഫീസടക്കാനുള്ള തുകപോലും കണ്ടെത്താൻ കഴിയില്ല. പരീക്ഷഫീസ് ഇനത്തിൽ ഒരു പേപ്പറിന് 175 രൂപ നിരക്കിലും ഇംപ്രൂവ്മെൻറ് 500 രൂപ നിരക്കിലുമാണ് അടക്കേണ്ടത്.
ജൂലൈ 30നാണ് പട്ടികവർഗ ഓഫിസർമാർക്ക് ഡയറക്ടർ സേ പരീക്ഷ സംബന്ധിച്ച നിർദേശം നൽകിയത്. ഹയർ സെക്കൻഡറി ഫലം വന്നതിനുശേഷം ഇംപ്രൂവ് ചെയ്യുന്ന വിദ്യാർഥികൾക്കുള്ള സേ പരീക്ഷക്ക് ജൂലൈ 31ന് അപേക്ഷ സമർപ്പിക്കണമെന്നും പരീക്ഷ ഈ മാസം 11ന് നടത്താനുമാണ് വിജ്ഞാപനം. പരീക്ഷയിൽ വിജയിക്കാത്ത കുട്ടികളുടെ വിശദാംശങ്ങൾ പ്രമോട്ടർമാർ വഴി കണ്ടെത്തി അവസാന തിയതിക്ക് മുമ്പ് സ്കൂളിൽ അപേക്ഷയും ഫോട്ടോയും എത്തിക്കണം. സ്കൂളിൽ നേരിട്ട് എത്താനാകാത്ത സാഹചര്യത്തിൽ സ്കൂൾ അധികൃതരെ ബന്ധപ്പെട്ട് സേ പരീക്ഷ എഴുതുന്ന കുട്ടിയുടെ വിവരം അറിയിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ജോയൻറ് ഡയറക്ടർ വാണി ദാസാണ് ഉത്തരവിട്ടത്.
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ 5375 ആദിവാസി വിദ്യാർഥികളിൽ 3530 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 1845 കുട്ടികൾക്ക് സേ പരീക്ഷയെഴുതണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates