ഇന്ത്യയുടെ സമുദ്രവ്യാപാര രംഗത്തെ നാഴികക്കല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് തീരമണഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ട്രയല്‍ റണ്ണിന്റെ ഭാഗമായി ആയിരത്തിലധികം കണ്ടെയ്‌നറുകള്‍ ഉള്ള മദര്‍ഷിപ്പാണ് തുറമുഖ തീരത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങള്‍.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2015ലാണ് നിര്‍മാണം ആരംഭിച്ചത്. അദാനി ഗ്രൂപ്പ് പദ്ധതിയുടെ വികസനത്തിനായി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎല്‍) എന്ന പേരില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖത്തിന്റെ വികസനത്തിനും പ്രവര്‍ത്തനത്തിനുമായി 2015 ഓഗസ്റ്റ് 17 ന് കേരള സര്‍ക്കാര്‍ എവിപിപിഎല്ലുമായി കണ്‍സെഷന്‍ കരാറില്‍ ഏര്‍പ്പെട്ടു. ഡിസംബര്‍ 5ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 867 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന് ആകെയുള്ള നിക്ഷേപം. ഇതിൽ 5595 കോടി സംസ്ഥാന സർക്കാരും 818 കോടി കേന്ദ്ര സർക്കാരും ബാക്കി അദാനി ഗ്രൂപ്പുമാണ് വഹിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണാവശ്യങ്ങള്‍ക്കുള്ള 100 മീറ്റര്‍ ഉയരമുള്ള 3 അത്യാധുനിക ക്രെയിനുകള്‍ വഹിച്ചുള്ള ആദ്യ കപ്പല്‍ 'ഷെന്‍ ഹുവ 15 ' 2023 ഒക്ടോബര്‍ 15 നു വിഴിഞ്ഞം തുറമുഖത്തെത്തിയതായിരുന്നു നിര്‍മാണ ഘട്ടത്തിലെ ആദ്യ ചുവടുവെപ്പ്. രാജ്യത്തെ തുറമുഖങ്ങളില്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വലിയ ഷിപ്പ് ടു ഫോര്‍ ക്രെയിനുമായാണ് കപ്പല്‍ എത്തിയത്. അന്താരാഷ്ട്ര കപ്പലുകളെ ഉള്‍ക്കൊള്ളുന്നതിനും തുറമുഖം വഴിയുള്ള വ്യാപാരം സുഗമമാക്കുന്നതിനും ആവശ്യമായ ബെര്‍ത്തുകള്‍, ഡോക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇതോടെ നിര്‍മിക്കപ്പെട്ടു.
രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചത് വികസന വഴിയിലെ മറ്റൊരു നേട്ടമാണ്. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന്റെ സെക്ഷന്‍ 7 എ അംഗീകാരം ലഭിച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. ബോര്‍ഡിന്റെ പന്ത്രണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അംഗീകാരം ലഭിച്ചത്. ഓഫീസ് സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍, കംമ്പ്യൂട്ടര്‍ സംവിധാനം, മികച്ച സെര്‍വര്‍ റൂം ഫെസിലറ്റി, തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ അംഗീകാരം.
കസ്റ്റംസ് അംഗീകാരം ലഭിച്ചതോടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാന്‍ വിഴിഞ്ഞം ഒരുങ്ങിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കയറ്റുമതി-ഇറക്കുമതി വര്‍ദ്ധിക്കുന്നതിലൂടെ കേരളത്തിലെ വ്യവസായ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞം തുറമുഖത്തില്‍ ആദ്യഘട്ടത്തില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യണമെന്നതാണ് ലക്ഷ്യം. തുടര്‍ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇത് 50 ലക്ഷം വരെ ഉയര്‍ത്തുക എന്നതാണ് പ്രതീക്ഷ. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കു നീക്കം നടക്കുന്നതിലൂടെ കേരളത്തിന് മികച്ച രീതിയിലുള്ള തൊഴില്‍ സാദ്ധ്യതകളും വരുമാന വര്‍ദ്ധനവും ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.
മെഴ്‌സ്‌കിൽ നിന്നുള്ള ആദ്യത്തെ കണ്ടെയ്‌നർ കപ്പല്‍. 800 മീറ്റർ കണ്ടെയ്‌നർ ബെർത്തിൽ ട്രയൽ റണ്ണിന്റെ ഭാഗമായാണ് ആദ്യ കപ്പൽ എത്തിയത്. 8000-9000 ടിഇയു (ഇരുപത് അടിക്ക് തുല്യമായ യൂണിറ്റ്) ശേഷിയുള്ള ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നുള്ള എംവി സാൻ ഫെർണാണ്ടോ എന്ന കപ്പൽ ഏകദേശം 2000 കണ്ടെയ്നറുകൾ ഇറക്കുകയും 400 കണ്ടെയ്നറുകൾ വീണ്ടും ക്രമീകരിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates