Chinnakkanal Encroachment 
Kerala

ചിന്നക്കനാൽ ആനയിറങ്കൽ വൃഷ്ടിപ്രദേശത്തെ വൻ വനംഭൂമി കയ്യേറ്റം ഒഴിപ്പിച്ചു; ആനത്താരകൾ തടഞ്ഞ് സ്ഥാപിച്ച കൂറ്റൻ കമ്പിവേലികൾ വനംവകുപ്പ് മുറിച്ചുമാറ്റി

വനപാലകരെ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങാതെ നടപടി. 18 ഓളം കാട്ടാനകളുടെ സഞ്ചാരം തടഞ്ഞതാണ് ജനവാസമേഖലയിലെ ആനയിറക്കത്തിന് കാരണമെന്ന് കണ്ടെത്തൽ.

Author : സമകാലിക മലയാളം ഡെസ്ക്

ദേവികുളം: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപകമായി നടന്ന വൻ വനംഭൂമി കയ്യേറ്റം വനംവകുപ്പ് സംഘം സന്നാഹങ്ങളോടെ എത്തി ഒഴിപ്പിച്ചു. കെ.എസ്.ഇ.ബി.യുടെ ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തടക്കം നടന്ന കൈയേറ്റമാണ് ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ശക്തമായ നടപടിയിലൂടെ തിരിച്ചുപിടിച്ചത്. കാട്ടാനകളുടെ പ്രധാന താവളമായ ഈ പ്രദേശത്ത് ആനകളെ പ്രതിരോധിക്കാൻ കയ്യേറ്റക്കാർ മരങ്ങളിൽ ഡ്രിൽ ചെയ്ത് സ്ഥാപിച്ച വൻ കമ്പിവടങ്ങളും മുള്ളുവേലികളും വനംവകുപ്പ് പ്രത്യേക കട്ടറുകൾ ഉപയോഗിച്ച് മുറിച്ചുമാറ്റി. പ്രദേശത്ത് ഏക്കർ കണക്കിന് വനഭൂമി വെട്ടിത്തെളിച്ച് പുതിയ ഏലം കൃഷി ഇറക്കാനുള്ള കയ്യേറ്റക്കാരുടെ ശ്രമമാണ് ഇതോടെ വനംവകുപ്പ് പൂർണ്ണമായും തകർത്തത്.

ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 34/1 ൽ ഉൾപ്പെടുന്ന ചിന്നക്കനാൽ അണ്ടർ റിസർവ്വ് വനഭൂമിയിലാണ് വനപാലകർ വൻ സന്നാഹങ്ങളോടെ എത്തി കയ്യേറ്റം പൂർണ്ണമായും ഒഴിപ്പിച്ചത്. ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏകദേശം ഒന്നര ഹെക്ടറോളം (മൂന്നര ഏക്കറിലധികം) വരുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമിയാണ് കയ്യേറ്റക്കാരുടെ പിടിയിൽ നിന്നും പൂർണ്ണമായി മോചിപ്പിച്ചത്. വനഭൂമി കയ്യേറിയതിനൊപ്പം തന്നെ കെഎസ്ഇബിയുടെ ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും വ്യാപകമായ കയ്യേറ്റമാണ് നടന്നിരിക്കുന്നത്. ഇവിടെ അതീവ രഹസ്യമായി കാടുവെട്ടിത്തെളിച്ച് വലിയ തോതിൽ ഏലം കൃഷി ചെയ്യുകയായിരുന്നു ഇവർ. ഇതിനുപുറമേ, വൃഷ്ടിപ്രദേശത്ത് പുതുതായി വീണ്ടും ഏക്കർ കണക്കിന് സ്ഥലം വെട്ടിത്തെളിച്ച് കൃഷിയിറക്കാനുള്ള ഒരുക്കങ്ങളും കയ്യേറ്റക്കാർ പൂർത്തിയാക്കിയിരുന്നു.

ഏകദേശം 18 ഓളം കാട്ടാനകൾ സ്ഥിരമായി തമ്പടിക്കുന്നതും സഞ്ചരിക്കുന്നതുമായ പ്രധാന ആനത്താരയാണിത്. എന്നാൽ ആനകൾ തങ്ങൾ നിയമവിരുദ്ധമായി നിർമ്മിച്ച കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാൻ കയ്യേറ്റക്കാർ വൻ മരങ്ങളിൽ ഡ്രില്ലിംഗ് നടത്തി 2 ഇഞ്ചോളം കനമുള്ള കൂറ്റൻ കമ്പിവടങ്ങളും മുള്ളുവേലികളും ഉപയോഗിച്ച് ശക്തമായ പ്രതിരോധം തീർത്തിരിക്കുകയായിരുന്നു. ജെസിബി.ഉപയോഗിച്ച് വലിച്ചാൽ പോലും പൊട്ടാത്ത രീതിയിലുള്ള വടങ്ങളാണ് ആനകളെ തടയാൻ ഇവിടെ സ്ഥാപിച്ചിരുന്നത്. മുൻപ് ആനകളെ ഓടിക്കാൻ വനംവകുപ്പിന്റെ ആർആർടി ശ്രമിച്ചെങ്കിലും ഈ കമ്പിവേലികൾ കാരണം ആനകൾക്ക് ഉൾക്കാട്ടിലേക്ക് പിൻവാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഈ തടസ്സങ്ങളാണ് കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങാനാകാതെ നിരന്തരമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങാനും തോട്ടം മേഖലകളിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകാനും പ്രധാന കാരണമായതെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.

ഒഴിപ്പിക്കൽ നടപടിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും ചില പ്രദേശവാസികൾ ആയുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ വനംവകുപ്പ് ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുകയും കൃഷിയിറക്കിയ ഏലത്തട്ടുകൾ പൂർണ്ണമായും പിഴുതുമാറ്റുകയും ചെയ്തു. മുള്ളുവേലികൾ നീക്കം ചെയ്യുന്നത് പൂർണ്ണമാകാത്തതിനാൽ വരും ദിവസങ്ങളിലും ഈ പ്രദേശത്ത് നടപടികൾ തുടരും. സംഭവത്തിൽ 1986-ലെ കേരള വൃക്ഷ സംരക്ഷണ നിയമം, കേരള ഫോറസ്റ്റ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കയ്യേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. വനഭൂമി പൂർണ്ണമായി സംരക്ഷിക്കുന്നതിനൊപ്പം കെഎസ്ഇബിക്ക് ഇതുസംബന്ധിച്ച അടിയന്തര റിപ്പോർട്ട് നൽകും. വഴിതിരിച്ചുവിട്ട ആനത്താരകൾ പുനഃസ്ഥാപിക്കാൻ ഈ പ്രദേശത്ത് പുതിയ ഔട്ട്പോസ്റ്റും വനംവകുപ്പ് ഷെഡും ഉടൻ സ്ഥാപിക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.

The Forest Department, led by Devikulam Range Officer Arun Kumar, successfully evicted a massive encroachment spanning over three and a half acres in the ecologically sensitive Chinnakanal Under Reserve and Anayirankal Dam catchment area,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാദം പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം; ഹൈക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

'ചേട്ടാ ആ ഫോണ്‍ ഒന്ന് താഴ്ത്തി പിടിച്ചേ'; മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; മര്യാദ പഠിപ്പിച്ച് എസ്തര്‍

ആർത്തവ അവധി കൊടുക്കാൻ എന്തിനാണ് പേടി? 'സ്ത്രീകള്‍ക്ക് അനുകൂലമായി എന്തെങ്കിലും വന്നാൽ പാരവയ്ക്കാനുള്ള പ്രവണത സമൂഹത്തിനുണ്ട്'

പ്ലാസ്റ്റിക് കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്ക്; ആദ്യം 10, 20 രൂപ നോട്ടുകള്‍, ചെലവ് കുറയും, ഗുണങ്ങളേറെ

ഇന്ധന വിലവർദ്ധനവിനെതിരെ പാഷൻ പ്രോ ബൈക്ക് കത്തിച്ച് പ്രതിഷേധം - വിഡിയോ

SCROLL FOR NEXT