ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന കെഎസ്ഇബിയുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഡാമിൽ എത്തിയ യുവാവ് ഡാമിന്റെ 11 സ്ഥലങ്ങളിലായി താഴ് ഉപയോഗിച്ച് പൂട്ടുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഇതിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ താഴുകൾ കാണുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഇടുക്കി പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് മനസ്സിലായി. വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വിദേശത്തേക്ക് കടന്ന ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
അതിനിടെ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. എന്തു കൊണ്ടാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. അണക്കെട്ടിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് അണക്കെട്ടിൽ സുരക്ഷ വർദ്ധിപ്പിച്ചതായി ഇടുക്കി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates