Idukki Double Murder Man Suspected of Killing Parents Was Addicted to Drugs 
Kerala

‘മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ പറഞ്ഞു’; ഇരട്ടക്കൊലപാതകത്തിൽ മകന്റെ വിചിത്രമൊഴി

മരണം ഉറപ്പാക്കുന്നതിനായി ഇരുവരുടെയും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചതായാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയിലാണ് മാതാപിതാക്കളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും അജീഷ് കൊലപ്പെടുത്തിയത് . സംഭവത്തിൽ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞതായാണ് അജീഷ് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം രക്തത്തിൽ കുളിച്ച നിലയിൽ കൈയിൽ കൊന്തയുമായാണ് പ്രതിയെ നാട്ടുകാർ കണ്ടെത്തിയത്. വത്സമ്മയുടെ കഴുത്തിലും വയറിലും ആന്റണിയുടെ നെഞ്ചിലും വയറിലും മാരകമായി കുത്തേറ്റിരുന്നു. മരണം ഉറപ്പാക്കുന്നതിനായി ഇരുവരുടെയും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചതായാണ് വിവരം.

കൃത്യം നടത്തിയതിന് ശേഷം മൃതദേഹങ്ങളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിനും വൈദികനും അയച്ചു കൊടുത്തു. കൊലപാതകത്തിന് പിന്നാലെ മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയച്ചെന്ന് അജീഷ് പറഞ്ഞതായും നാട്ടുകാർ പറയുന്നു. അജീഷ് ലഹരിക്ക് അടിമയായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി അജീഷിന് വൈരാഗ്യമുണ്ടായിരുന്നതായും വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെനും പ്രദേശവാസികൾ പറയുന്നു.

മാതാവ് വത്സമ്മയെയാണ് അജീഷ് ആദ്യം ആക്രമിച്ചത്. വത്സമ്മയുടെ കഴുത്തിലാണ് പ്രതി കുത്തിയത്. ഈ സമയത്ത് വത്സമ്മയുടെ ഭർത്താവ് ആന്റണി വീട്ടിലുണ്ടായിരുന്നില്ല. വൈകുന്നേരം കവലയിലേക്ക് പോയ ആന്റണി തിരികെ വീട്ടിലെത്തിയപ്പോഴേക്കും വത്സമ്മ കൊല്ലപ്പെട്ടിരുന്നു. വീട്ടിൽ വസ്ത്രം മാറുന്നതിനിടെയാണ് ആന്റണിക്ക് നേരെ മകന്റെ ആക്രമണമുണ്ടായത്.

തെളിവെടുപ്പിനായി പ്രതിയെ വീട്ടിലെത്തിച്ചപ്പോൾ അജീഷ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നാണ് വിവരം. അമ്മ എവിടെയെന്നും ഇതെല്ലാം കള്ളമാണെന്നും തനിക്ക് കിട്ടിയ പണിയാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് തെളിവെടുപ്പിനിടെ പ്രതി പറഞ്ഞത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി വീട്ടിലെ സോഫയിൽനിന്ന് പൊലീസ് കണ്ടെത്തി.

ഏകദേശം മൂന്നാഴ്ച മുമ്പ് കത്തി വാങ്ങിയതായും സൂചനയുണ്ട്. കൊലപാതകത്തിൽ കൊല്ലപ്പെട്ട ആന്റണിയുടെയും വത്സമ്മയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കും. ആന്റണിയുടെയും വത്സമ്മയുടെയും സംസ്കാരം ഞായറാഴ്ച നടക്കും.

Idukki Double Murder Man Suspected of Killing Parents Was Addicted to Drugs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അച്ഛനാരെന്ന് അമ്മയോട് ചോദിക്കണം'; വിജയ്‌യോട് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍, വിവാദം

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാംപ്യന്മാർ

ഇന്തോനേഷ്യയിലെ ഭൂചലനം; 38 പേര്‍ മരിച്ചു, ജാഗ്രത നിർദേശം

മുഖ്യമന്ത്രിക്ക് വിമര്‍ശനം, ഒരുകോടി യുവാക്കള്‍ക്ക് എഐ പരിശീലനം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ₹4,500 ബോണസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കെസിഎൽ സീസൺ-3: ടീം ലോഞ്ച് തിങ്കളാഴ്ച്ച; ആവേശം പകരാൻ സഞ്ജുവെത്തും