മുഖ്യമന്ത്രി വി ഡി സതീശന് രാഷ്ട്രീയ പക്വതയില്ലെന്ന് ബിജെപി ഉപാധ്യക്ഷനും മുന്‍ പിഎസ്‌സി ചെയര്‍മാനുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിക്ക് എല്‍ഡിഎഫ് കൊടുക്കാത്ത സംരക്ഷണമാണ് പിണറായി വിജയന് യുഡിഎഫ് നല്‍കുന്നത്. ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണ്. പിണറായിയുടെ കുടുംബവും രാഹുല്‍ഗാന്ധിയുടെ കുടുംബവും അഴിമതി കേസില്‍ കുറ്റക്കാരാണ്. രണ്ട് കുടുംബവും യോജിപ്പിലാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറണം എന്ന് പിണറായിയോട് പറയാന്‍ യുഡിഎഫില്‍ ആരുമില്ലാതായി. കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആസൂത്രണബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട് പിഎസ്‌സിയില്‍ അഴിമതി നടന്നിട്ടുണ്ട്. പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടെപ്പെട്ടെന്നും ചെയര്‍മാന്‍ മറുപടി പറയണമെന്നും കെ എസ് രാധാകൃഷ്ണന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
കോണ്‍ഗ്രസ് ഭരണത്തില്‍ കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, പിഎസ്‌സി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ താങ്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് ബിജെപിയിലേക്ക് വന്നു. ഇപ്പോഴും കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഒരുപക്ഷേ, എംഎല്‍എയോ മന്ത്രിയോ ആകേണ്ട ആളായിരുന്നില്ലേ...?
അധികാരത്തോട് എനിക്ക് ഭ്രമമില്ല. ബിജെപിയില്‍ സംതൃപ്തനാണ്. രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും കീഴില്‍ തുടരാന്‍ സാധിക്കില്ല എന്ന ഘട്ടത്തിലാണ് പാര്‍ട്ടി വിടുന്നത്. അവര്‍ക്ക് രണ്ടു പേര്‍ക്കും ഇന്ത്യ എന്താണെന്ന് അറിയില്ല. നേതൃപാടവമില്ല. കണ്ടില്ലേ, കോണ്‍ഗ്രസിന്റെ ഇന്നത്തെ ഗതി. കഴിവോ വിദ്യാഭ്യാസമോ ഇല്ലാത്ത ഇവരാണോ ഇന്ത്യയെ നയിക്കേണ്ടത്. താന്‍ കോണ്‍ഗ്രസില്‍ നില്‍ക്കുകയാണെങ്കില്‍ ഇവര്‍ പറയുന്നത് കേള്‍ക്കേണ്ടി വരും ഇല്ലെങ്കില്‍ നില്‍ക്കാന്‍ കഴിയില്ല എന്ന് എന്റെ അടുത്ത സുഹൃത്തുക്കളായ ബെന്നി ബെഹനാനും പിടി തോമസും പറഞ്ഞിരുന്നു. അങ്ങിനെയാണ് കോണ്‍ഗ്രസ് വിടുന്നത്. രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടുള്ള ആളാണ് ഞാന്‍.
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ഭരണം എങ്ങിനെ...?
മുഖ്യമന്ത്രിക്ക് പക്വതയില്ല. വേറെ പ്രശ്‌നമൊന്നുമില്ല. ഒരു ഉദാഹരണം പറഞ്ഞു തരാം. എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും സുരക്ഷ പിണറായി വിജയന് കിട്ടുമായിരുന്നില്ല. എത്ര ഉദാരമായിട്ട് എത്ര ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പിണറായി വിജയന് കൊടുത്തത്. മാസപ്പടി കേസില്‍ പിണറായിയ്ക്ക് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം നല്‍കിയത് രാഹുല്‍ ഗാന്ധിയാണ്. പിണറായിയുടെ കുടുംബം കുറ്റക്കാരാണ്, രാഹുല്‍ഗാന്ധിയുടെയും. ഇവിടെ മാസപ്പടിയാണെങ്കില്‍ അവിടെ നാഷണല്‍ ഹെറാള്‍ഡ് കേസാണ്.
രണ്ട് കുറ്റവാളികളുടെ കുടുംബവും യോജിപ്പിലാണ്. ലോകത്ത് ആദ്യമായിട്ട് നികുതി കൊടുത്ത് കൈക്കൂലി വാങ്ങിച്ചവര്‍ പിണറായിയും കുടുംബവും ആണ്. ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടും പിണറായിയെ സംരക്ഷിക്കാനല്ലേ സതീശനും രമേശും ശ്രമിക്കുന്നത്. നിയമസഭയുടെ അന്തഃസ്സും ആഭിജാത്യവും സംരക്ഷിക്കാന്‍ കൈക്കൂലി കേസില്‍ പ്രതിയായ ഒരാള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണ്ടേ...? അതൊക്കെ പോകട്ടേ, പിണറായി മാറണമെന്ന് പറയാന്‍ യുഡിഎഫില്‍ ആരെങ്കിലും ഉണ്ടോ...?
മാസപ്പടി കേസില്‍ പുറത്തുവന്ന ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി മുരളീധരന്റെ പേരും ഉണ്ട്...!!
വി മുരളീധരന്റെ പേരില്ല, മുരളീധരന്റെ പേരുണ്ട്. അന്വേഷിക്കട്ടെന്നേ.. മാസപ്പടി വാങ്ങിയ ലിസ്റ്റില്‍ ബിജെപി നേതാക്കളുടെ പേരുണ്ടെങ്കില്‍ അതും പുറത്തുവരട്ടേ.... യുഡിഎഫും എല്‍ഡിഎഫുമല്ലേ അന്വേഷണം വേണ്ട എന്നു പറയുന്നത്. ഞങ്ങള്‍ അന്വേഷിക്കട്ടേ എന്നല്ലേ പറയുന്നത്.
പിണറായിയും സതീശനും അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയം കളിക്കുകയാണെന്നാണോ പറഞ്ഞുവരുന്നത്...?
അവര്‍ രണ്ടല്ല. ഒന്നാണ്... അനിയന്‍ ബാവയും ചേട്ടന്‍ ബാവയുമാണ്. ഉമ്മന്‍ ചാണ്ടിക്ക് എല്‍ഡിഎഫ് കൊടുക്കാത്ത സംരക്ഷണം പിണറായി വിജയന് യുഡിഎഫ് കൊടുക്കുന്നത് എന്തിനാണ് എന്നാണ് ചോദ്യം... ഇത് അവരുടെ എംഎല്‍എ മാത്യു കുഴല്‍നാടന്‍ തന്നെയല്ലേ ചോദിച്ചത്... ആ ചോദ്യത്തിന് മറുപടി നല്‍കണ്ടേ...? പിണറായിക്ക് വേണ്ടി നിയമവും നടപടിക്രമങ്ങളും ലംഘിക്കുകയാണ് സതീശനും രമേശും ചേര്‍ന്ന്. അഞ്ച് ലക്ഷം രൂപ സതീശനും കൈക്കൂലി വാങ്ങിയതായി കര്‍ത്തയുടെ ഡയറിയില്‍ ഉണ്ട്. അതില്‍ രമേശിന്റെ പേരുണ്ട്, കുഞ്ഞാലിക്കുട്ടിയുടെ പേരുണ്ട്. അന്വേഷണം നടന്നാല്‍ സര്‍ക്കാര്‍ തന്നെ പ്രതിസന്ധിയില്‍ ആകും. ആ ഒരു ഭയം ഉണ്ട്... അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലും പിണറായിയെ സംരക്ഷിക്കാനുള്ള തീരുമാനവും ഉണ്ടായത്.
ബിജെപിക്ക് എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ സാധിക്കാത്തത്...? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപിയുടെ വളര്‍ച്ച ദക്ഷിണേന്ത്യയില്‍ 20 ശതമാനം പോലും എത്തുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ശബരിമല സ്ത്രീപ്രവേശനം പോലെ സെന്‍സേഷണലായ വിഷയങ്ങളുണ്ടായിട്ടും അതൊന്നും വോട്ടായി മാറാത്തത്് എന്തുകൊണ്ടാണ്...?
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു വലിയ മുന്നേറ്റം ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നത് വസ്തുതയാണ്. വിശ്വസ്തരും ശക്തരുമായ സഖ്യകക്ഷികളെ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ ബിജെപിക്ക് ഇവിടങ്ങളില്‍ കഴിയുന്നില്ല. കര്‍ണാടകയില്‍ ബിജെപി ശക്തമാണ്. പക്ഷേ, കേരളം ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വളര്‍ച്ച മന്ദഗതിയില്‍ തന്നെയാണ്. കേരളത്തിന്റെ കാര്യം തന്നെ എടുക്കാം. ഇവിടെ ഭൂരിഭാഗം ഹിന്ദു വോട്ടുകളും ഇടതിനാണ് കിട്ടിക്കൊണ്ടിരുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ യുഡിഎഫിനും... എല്‍ഡിഎഫ് ഭരണത്തില്‍ വരുമ്പോഴാണ് ഹിന്ദുക്കള്‍ കൂടുതലായും അധികാരത്തില്‍ വരുന്നത്. അതുപോലെ മുസ്ലീമും ക്രിസ്ത്യനും യുഡിഎഫ് ഭരിക്കുമ്പോഴും അധികാരത്തില്‍ ഉണ്ടാകും...
ബിജെപിയുടെ വോട്ട് ബാങ്ക് എന്നു പറയുന്നത് ഹിന്ദുക്കളാണെന്നതില്‍ സംശയമൊന്നും വേണ്ട. ബാക്കിയുള്ളവര്‍ അങ്ങിനെ വോട്ടു ചെയ്യാറുമില്ല. ക്രിസ്ത്യന്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപി വലിയ നീക്കങ്ങള്‍ നടത്തി നോക്കിയെങ്കിലും പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ല എന്നത് വസ്തുതയാണ്. അതിനെക്കുറിച്ച് തര്‍ക്കിച്ചിട്ടോ വ്യാഖ്യാനം നടത്തിയിട്ടോ കാര്യമില്ല. എന്നാല്‍ മാറ്റം സംഭവിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പരാജയമാണെന്നുള്ള ബോധം ഹിന്ദുക്കളില്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും ആ വോട്ടുകള്‍ ബിജെപിയിലേക്ക് എത്തും. ബിജെപി കേരളത്തില്‍ എന്തായാലും അധികാരത്തില്‍ വരും.. അതിന് എത്ര സമയമെടുക്കും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
കേരളത്തില്‍ നേതാക്കന്മാര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും അധികാരമോഹവും ബിജെപിക്ക് തിരിച്ചടിയായില്ലേ..?
എവിടെയാണ് ഗ്രൂപ്പും അധികാരവടംവലിയും ഇല്ലാത്തത്്... കോണ്‍ഗ്രസിലില്ലേ, സിപിഎമ്മിലില്ലേ... അതൊക്കെ ആ സ്പിരിറ്റില്‍ കണ്ടാല്‍ മതി. ഒരു വീട്ടില്‍ തന്നെ പല അഭിപ്രായങ്ങള്‍ ഉണ്ടാകാറില്ലേ...? അങ്ങിനെ കണ്ടാല്‍ പോരെ. മറ്റു പാര്‍ട്ടിയില്‍ ഇല്ലാത്തവിധം ഐക്യം ബിജെപിയില്‍ ഉണ്ട്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നെങ്കില്‍ മൂന്ന് സീറ്റ് നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ലേ... ഇന്ന്, കേരളത്തിലെ ഏറ്റവും ശക്തയായ വനിതാ നേതാവ് ആരാണെന്ന് ചോദിച്ചാല്‍ അത് ശോഭാ സുരേന്ദ്രന്‍ അല്ലേ...? ഗ്രൂപ്പ് കളിയൊന്നും ബിജെപിയില്‍ ഇല്ല. നരേന്ദ്രമോദിയും അമിത്ഷായുമാണ് ഈ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നത്... ദുര്‍ബലമല്ല ബിജെപി.
പിഎസ്‌സിയുടെ മുന്‍ ചെയര്‍മാന്‍ ആയിരുന്നു താങ്കള്‍. അന്നൊന്നുമില്ലാത്ത തരത്തില്‍ അഴിമതിയും ക്രമക്കേടും അന്വേഷണവും നേരിടുകയാണ് പിഎസ്‌സി
പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അതില്‍ ഞാന്‍ ദുഃഖിതനാണ്. ഇത്രയ്ക്ക് വിശ്വാസ്യത ഉണ്ടായിരുന്ന പിഎസ്‌സി ലോകത്ത് ഉണ്ടായിരുന്നില്ല. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ പ്ലാനിംഗ് ബോര്‍ഡിന്റെ ഡയറക്ടര്‍വരെയുള്ള പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്ന അതോറിറ്റിയാണ്. 16 ലക്ഷം പേരാണ് എല്‍ഡിക്ലര്‍ക്ക് പരീക്ഷ മാത്രം എഴുതാനെത്തുന്നത്. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ മൂല്യ നിര്‍ണയത്തില്‍ അത്രയും മാര്‍ക്കിന്റെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു എന്നു പറയുമ്പോള്‍ അഴിമതി നടന്നു എന്നത് വ്യക്തമാണ്. അന്വേഷണം നേരിട്ടേ പറ്റൂ.. ചെയര്‍മാന്‍ ഉത്തരം പറയണം... ഈ ഒരു പരീക്ഷ മാത്രമല്ല, പാര്‍ട്ടി നിയമനങ്ങള്‍ പോലും വഴിവിട്ട് ഉണ്ടായിട്ടുണ്ടോ എന്നു ഞാന്‍ സംശയിക്കുകയാണ്. മനുഷ്യനെതിരെ ചെയ്യുന്ന വലിയ കുറ്റകൃത്യമാണിത്. പിഎസ്‌സിയെ തകര്‍ക്കാന്‍ പാടില്ല.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭ സമരങ്ങളാണ് നടക്കുന്നത്. സിജെപിക്കൊപ്പം ഇന്ത്യ സഖ്യം കൂടി സമരമുഖത്ത് സജീവമായതോടെ രാജിയിലേക്കല്ലേ കാര്യങ്ങള്‍ പോകുന്നത്...?
ഗ്യാനേഷ് കുമാര്‍ രാജി വെക്കില്ല, അദ്ദേഹത്തെ മാറ്റുകയുമില്ല. ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നതാണ് പ്രധാന ആരോപണം. അതിന് തെളിവുണ്ടോ...? വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ അതത് ജില്ലയിലെ കളക്ടര്‍മാരെ ഇലക്ട്രല്‍ റോള്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. അവര്‍ക്ക് വോട്ടര്‍പട്ടികയില്‍ ക്രമക്കേടു നടന്നാല്‍ നടപടി എടുക്കാമല്ലോ, അതൊക്കെ പോകട്ടേ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നില്ലേ...? ഇത് അവിടെ തീരേണ്ട പ്രശ്‌നം മാത്രമാണ്. അതാണ് ഇത്ര വലിയ പ്രക്ഷോഭമാക്കി മാറ്റിയത്. നിയമപ്രശ്‌നം തെരുവിലല്ല തീര്‍ക്കേണ്ടത്.
ഇനി ഗ്യാനേഷ് കുമാറിനെ മാറ്റണം എന്നുണ്ടെങ്കില്‍ തന്നെ രാഷ്ട്രപതിക്ക് അദ്ദേഹത്തെ മാറ്റാന്‍ കഴിയില്ല. പാര്‍ലമെന്റ് ഇംപീച്ചുമെന്റ് പ്രോസസിലൂടെയേ മാറ്റാന്‍ കഴിയൂ. സുപ്രീംകോടതിക്ക് പോലും ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ല. അദ്ദേഹത്തിനെതിരെ ധനാപഹരണമോ, കുറ്റകൃത്യം ചെയ്തതായോ തെളിവുകള്‍ വേണം... അതുണ്ടോ...? വെറുതേ ജെന്‍സീ മൂവ്‌മെന്റെന്നൊക്കെ പറഞ്ഞ് തെരുവില്‍ പ്രഹസനം കാണിക്കുകയാ... കോണ്‍ഗ്രസ് തോല്‍ക്കുന്ന സംസ്ഥാനങ്ങളില്‍ എസ്‌ഐആറിനെ കുറ്റം പറയുക. അല്ലാത്തിടത്ത് കുഴപ്പം ഇല്ല.. ഇവിടെ കേരളത്തില്‍ കോണ്‍ഗ്രസ് അല്ലേ ഭരിക്കുന്നത്... ഇവിടെ വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിച്ചാണോ കോണ്‍ഗ്രസ് ജയിച്ചത്... എന്തുകൊണ്ട് തോല്‍ക്കുന്നു എന്നു കണ്ടെത്തി അതിനു പരിഹാരം കാണുന്നതിനു പകരം തെരുവില്‍ അല്ല നിയമപ്രശ്‌നം തീര്‍ക്കേണ്ടത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിണറായി വിജയനും ജന്തര്‍മന്തറില്‍ എത്തിയിരുന്നു. അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതൊക്കെ വലിയ വാര്‍ത്ത ആയിരുന്നു...
'വയ്യാത്ത ഏതോ ജീവി കയ്യാല കേറി എന്നു പറയില്ലേ....., എന്തൊരു വൃത്തികേടാ ഇവരീ കാണിക്കുന്നത്...' സമരത്തിന് പോയി കഴിഞ്ഞാല്‍ അറസ്റ്റു ചെയ്യപ്പെടുന്നവന്റെ രോഗ വിവരം അറിഞ്ഞിട്ട് അവന് മരുന്നു കരുതി വെക്കലാണോ പോലീസിന്റെ പണി... അല്ലല്ലോ... ഈ സമരത്തില്‍ സിപിഎം പങ്കെടുക്കുന്നത് തന്നെ പാര്‍ട്ടി ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് നാട്ടുകാരെ അറിയിക്കാന്‍ വേണ്ടിയാണ്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates