തിരുവനന്തപുരം: താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായുള്ള നേതൃത്വത്തിന്റെ ബന്ധം മെച്ചപ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് രാജ്യത്തുടനീളമുള്ള 700 ഓളം ജില്ലാ കമ്മിറ്റികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള എല്ലാ ജില്ലകളിലും എഐസിസി നേതൃത്വ പരിശീലനം സംഘടിപ്പിക്കും. വ്യാഴാഴ്ച ഡല്‍ഹിയില്‍ ഡിസിസി പ്രസിഡന്റുമാരുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ അടക്കം എഐസിസിയുടെ ഉന്നത നേതൃത്വം നടത്തിയ ആദ്യ യോഗത്തിലാണ് ഈ പ്രഖ്യാപനം.
പുതിയ തീരുമാനം അനുസരിച്ച്, എഐസിസി എല്ലാ ഡിസിസികളുമായും നേരിട്ട് ബന്ധപ്പെടും. എല്ലാ സംസ്ഥാനങ്ങളിലുമുള്ള സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം കണക്കിലെടുത്ത് ദേശീയ നേതൃത്വം നേരിട്ട് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ, മധ്യനിര മാനേജർമാരുടെ ഇടപെടലുകളില്ലാതെ മെറിറ്റ് മാത്രം പരിഗണിച്ച് നിഷ്പക്ഷമായി തീരുമാനങ്ങള്‍ എടുക്കാന്‍ ഡിസിസി പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടു. ഡിസിസികളില്‍ പുതിയതും പഴയതുമായ നേതാക്കള്‍ ഉണ്ടാകും. നേതാക്കളുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് ഡിസിസികള്‍ വഴങ്ങരുതെന്നും ദേശീയ നേതൃത്വം നിര്‍ദേശിച്ചു.
അംഗങ്ങള്‍ക്ക് പറയാനുള്ളത് കേട്ടതിന് ശേഷം മാത്രമേ ഡിസിസി പ്രസിഡന്റുമാര്‍ തീരുമാനങ്ങളില്‍ എത്തിച്ചേരാവൂ. ഓരോ ഡിസിസിയിലും രാഷ്ട്രീയ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി നേതാക്കളുടെ ഒരു സംഘം രൂപീകരിക്കും.എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ദീപ ദാസ് മുന്‍ഷി, അജയ് മാക്കന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
താഴെത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഡിസിസികള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് എഐസിസി വിലയിരുത്തി. കമ്മിറ്റിയിലെ മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഡിസിസി പ്രസിഡന്റുമാര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി നേതാക്കളോട് പറഞ്ഞു.
ഓരോരുത്തരുടെയും സംഘടനാ ബലഹീനത കണ്ടെത്താനും അവ പരിഹരിക്കാന്‍ ബന്ധപ്പെട്ട നേതാക്കളോട് ആവശ്യപ്പെടാനും ഡിസിസി പ്രസിഡന്റുമാര്‍ ബൂത്ത് തലത്തിലേക്ക് ഇറങ്ങി ചെല്ലാനും യോഗം നിര്‍ദേശിച്ചു.ജനങ്ങളുമായി ഇടപഴകാനും അവരുടെ സ്പന്ദനം അറിയാനും ആഗ്രഹിക്കുന്നുവെങ്കില്‍, ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കെ സി വേണുഗോപാല്‍ ഡിസിസി പ്രസിഡന്റുമാരോട് പറഞ്ഞു.
പാര്‍ട്ടി സുസ്ഥിരവും ലക്ഷ്യബോധമുള്ളതുമായ ഒരു കാമ്പെയ്ന്‍ സംഘടിപ്പിക്കും. സൂക്ഷ്മ ആസൂത്രണവും നല്ല മാനേജ്മെന്റും ഉണ്ടായിരിക്കണം. സോഷ്യല്‍ മീഡിയ പേജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രൊഫഷണലായി പരിശീലനം ലഭിച്ച ഒരു ടീമിനെ ഡിസിസികള്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വാര്‍ഡ് കമ്മിറ്റിയും വാര്‍ഡുമായി ബന്ധപ്പെട്ട സാമൂഹിക ഡാറ്റ സൂക്ഷിക്കണം.'തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ സ്വാധീനം കണക്കാക്കാന്‍ കഴിയുന്ന തരത്തില്‍ വാര്‍ഡുകളുടെ സാമൂഹിക ഘടന മനസ്സിലാക്കുക എന്നതാണ് ലക്ഷ്യം'- യോഗത്തില്‍ പങ്കെടുത്ത ഒരു കോണ്‍ഗ്രസ് നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഡിസിസികളാണ് കോണ്‍ഗ്രസിന്റെ അടിത്തറയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഒരു കെട്ടിടത്തിന്റെ അടിത്തറ പോലെ, ശക്തമായ ഒരു ഡിസിസി അത്യാവശ്യമാണ്. ഇനി മുതല്‍, എഐസിസി നേരിട്ട് ഡിസിസികളുമായി ആശയവിനിമയം നടത്തും. ശക്തമായ ഒരു ഡിസിസി ഇല്ലാതെ, കോണ്‍ഗ്രസിന് അവരുടെ രാഷ്ട്രീയ എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിയില്ല,'- രാഹുല്‍ ഗാന്ധി പറഞ്ഞു.
'കോണ്‍ഗ്രസിന് ഒരു പ്രത്യയശാസ്ത്രമുണ്ടെങ്കിലും, രാജ്യത്തുടനീളമുള്ള 700 ഓളം ഡിസിസികള്‍ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിലും പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നതിലും പരാജയപ്പെട്ടതിനാല്‍ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടുവെന്ന് ഖാര്‍ഗെ പറഞ്ഞു. ആദ്യ ദിവസം, കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിസിസി പ്രസിഡന്റുമാര്‍ പങ്കെടുത്തു. യോഗം ശനിയാഴ്ച അവസാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates