കൊച്ചി: ഇന്ത്യന്‍ വനിതകള്‍ നഗ്നരായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. മൃതശരീരം അങ്ങനെ കണ്ടെത്തുന്നതു തന്നെ കൊലപാതക സൂചനയാണെന്നും ജസ്റ്റിസ് പിബി സുരേഷ്‌കുമാറും സി പ്രദീപ്കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
പയ്യന്നൂരിലെ ലോഡ്ജില്‍ അഴീക്കല്‍ പുളിക്കല്‍ വീട്ടില്‍ ഷമ്മികുമാറിന്റെ ഭാര്യ രമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചാണ് ഉത്തരവ്. യുവതിയെ മദ്യം നല്‍കി മയക്കിയശേഷം ഭര്‍ത്താവ് ഷാളില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെയും വിചാരണക്കോടതിയുടെയും കണ്ടെത്തല്‍. ഷമ്മികുമാറിനും മൂന്നാം പ്രതിയായ അമ്മ പത്മാവതിക്കുമെതിരായ ഗാര്‍ഹിക പീഡനക്കുറ്റം ഒഴിവാക്കി അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നല്‍കിയ അപ്പീലിലാണ് നടപടി.
ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ലോഡ്ജിലെത്തിയ യുവതിയെ 2010 ജനുവരി 22നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം മിക്കവാറും നഗ്‌നമായിരുന്നു. യുവാവും കുഞ്ഞും അപ്രത്യക്ഷരായതടക്കം സംശയാസ്പദമായ മറ്റ് സാഹചര്യങ്ങളുമുണ്ടായി. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദവും തള്ളാനാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഒരു വനിതയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്റെ പരാമര്‍ശം കോടതി ഗൗരവത്തിലെടുത്തു.ഒരു ഇന്ത്യന്‍ സ്ത്രീയും അല്പവസ്ത്രധാരിയായി കടലില്‍ച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ഹൈക്കോടതി പരിഗണിച്ചു.
യുഎഇയില്‍ ജോലിചെയ്തിരുന്ന പ്രതിക്ക് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസില്‍ പറയുന്നത് . സ്ത്രീധനത്തിനായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി യുവതി പരാതി നല്‍കിയതിലും വിരോധമുണ്ടായിരുന്നു. കൊലപാതകത്തിന് ഏതാനുംദിവസംമുമ്പ് ആരുമറിയാതെ നാട്ടിലെത്തിയ ഷമ്മികുമാര്‍ ഭാര്യയെയും ഇളയമകളെയും ലോഡ്ജില്‍ എത്തിച്ചാണ് കൃത്യം നടത്തിയത്. കുഞ്ഞിനെ രാത്രിയില്‍ ഭാര്യയുടെ വീട്ടുമുറ്റത്ത് കൊണ്ടുവച്ച് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates