കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും. ഇവര്‍ കോണ്‍ഗ്രസിലേക്കെന്നാണ് അറിയുന്നത്. അഭിപ്രായവ്യത്യാസമുള്ളവര്‍ തമ്മില്‍ ആശയവിനിമയം നടത്തി. ഉച്ചയ്ക്ക് ശേഷം ഇവര്‍ മാധ്യമങ്ങളെ കാണും. എന്നാല്‍ എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാര്‍ട്ടി നേതാവ് സാബു എം ജേക്കബ് പറയുന്നത്.
സംഘടനാ ചുമതലയുള്ളവര്‍ ഉള്‍പ്പടെയാണ് എന്‍ഡിഎ പ്രവേശനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടത്തുന്നത്. ഇതാദ്യമാണ് ഇത്തരത്തിലൊരു രാഷ്ട്രീയ പ്രതിസന്ധി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതുവരെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. കിഴക്കമ്പലം പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പടെ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണ് എന്‍ഡിഎ പ്രവേശനത്തില്‍ അതൃപ്തി ഉള്ളവര്‍ പറയുന്നത്. ഇവര്‍ക്ക് പരമാവധി പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ട്വന്റി20യിലെ അസംതൃപ്തരെ ഒപ്പം നിര്‍ത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ട്വന്റി20യിലെ ഒരുവിഭാഗം കോണ്‍ഗ്രസിലെത്തുന്നതോടെ കുന്നത്തുനാട് നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
അതേസമയം, യാതൊരു ഉപാധികളോടെയുമല്ല എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു. വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ട്വന്റി20യെ ഉന്മൂലനം ചെയ്യാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. ട്വന്റി20യെ തോല്‍പ്പിക്കാന്‍ 25പാര്‍ട്ടികളുടെ മുന്നണിയുണ്ടാക്കി സ്വന്തം ചിഹ്നം ഉപേക്ഷിച്ചാണ് അവര്‍ മത്സരിച്ചത്. മുഖ്യമന്ത്രി പിണറായിക്കൊപ്പമുണ്ടായ കാലത്ത് ഗുണമുണ്ടായത് അദ്ദേഹത്തിന് തന്നെയാണ്. 12 തവണ എല്ലാ ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിച്ചിട്ടും ഒരുരൂപയുടെ ക്രമക്കേട് പോലും തനിക്കെതിരെ കണ്ടെത്തിയിട്ടില്ല. എന്‍ഡിഎയില്‍ സീറ്റ് കിട്ടിയില്ലെങ്കിലും പ്രയാസമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സീറ്റ് കിട്ടാനുമല്ല എന്‍ഡിഎയില്‍ ചേര്‍ന്നത്. കേരളത്തെ രക്ഷപ്പെടുത്തുക മാത്രമാണ് ഉദ്ദേശ്യമെന്നും സാബു ജേക്കബ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates