കെടി ജലീല്‍/ ഫയല്‍ചിത്രം 
Kerala

'അഭയ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു; സത്യമല്ലെങ്കില്‍ നിയമ നടപടിക്ക് തയ്യാറാകണം': ലോകായുക്തയെ വെല്ലുവിളിച്ച് കെ ടി ജലീല്‍

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ ടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ന്യായാധിപന്‍ എന്ന നിലയില്‍ സിറിയക് ജോസഫ് അധികാരം ദുരുപയോഗം ചെയ്തു.  അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിനു വേണ്ടി സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ട്. കൊലപാതക കേസ് അട്ടിമറിക്കാനാണ് സിറിയക് ജോസഫ് ശ്രമിച്ചത്. ന്യായാധിപന്‍ എന്ന നിലയില്‍ ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ തല്‍സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടത്-അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കേ, കേസിലെ പ്രതികളുടെ നാര്‍ക്കോ അനാലിസിസിന്റെ വീഡിയോ ബെംഗലൂരുവിലെ ലാബില്‍ എത്തി സിറിയക് ജോസഫ് കണ്ടു എന്ന ആരോപണം ജലീല്‍ വീണ്ടും ഉന്നയിച്ചു.

'അതല്ലെങ്കില്‍ അദ്ദേഹത്തിന് എതിരായി മൊഴി നല്‍കിയ ലാബ് അസിസ്റ്റന്റ് ഡോ. എസ് മാലിനിക്ക് എതിരായും അത് രേഖപ്പെടുത്തി റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിച്ച സിബിഐയുടെ അന്നത്തെ ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍ക്ക് എതിരായും അത് ജനങ്ങളോട് വെളിപ്പെടുത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരായും ഈ സ്റ്റേറ്റ്‌മെന്റുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സംസാരിക്കുന്ന എനിക്കെതിരായും നടപടിക്ക് അദ്ദേഹം തയ്യാറാകണം'- ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'ഈ രണ്ടില്‍ ഏതെങ്കിലും ഒന്ന് ചെയ്യാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. വളരെ ഗുരുതരമായിട്ടുള്ള വിഷയമാണ് അഭയ കേസിന്റെ വിധിക്ക് ശേഷം പുറത്തുവരുന്നത്. 91-ാം സാക്ഷിയായിട്ടുള്ള ഡോ. മാലിനിയെ സിബിഐ കോടതി വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഫാ. കോട്ടൂര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതില്‍ സിറിയക് ജോസഫ് കഴിഞ്ഞ 13 വര്‍ഷമായി ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. മൗനം കൊണ്ട് ഓട്ടയടക്കാം എന്നാണ് അദ്ദേഹം വിചാരിക്കുന്നത്. അഭയ കേസിലെ ഒന്നാം പ്രതിക്ക് താനുമായി കുടുംബ ബന്ധമുണ്ടോയെന്ന് സിറിയക് ജോസഫ് വ്യക്തമാക്കണം. പ്രതികളുടെ നാര്‍ക്കോ അനാലിസിസ് നടത്തിയ ലാബില്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നോയെന്ന് വ്യക്തമാക്കണം.'- ജലീല്‍ പറഞ്ഞു. 

'തനിക്കെതിരായ വിധി താന്‍ അംഗീകരിച്ചിട്ടുണ്ട്. അത് അടഞ്ഞ അധ്യായമാണ്. ഒരാളെ നിയമിക്കുമ്പോള്‍ ചൂഴ്ന്നു നോക്കാന്‍ പറ്റില്ല. സിറിയക് ജോസഫിനെ കുറിച്ചുള്ള ആരോപണങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നത് ഇപ്പോഴാണ്.' എന്തുകൊണ്ട് വിഷയം നേരത്തെ ഉന്നയിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായി ജലില്‍ പറഞ്ഞു. 

താന്‍ സ്വതന്ത്ര എംഎല്‍എയാണ്. ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് പറയാനുള്ള അവകാശമുണ്ട്. അത് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് സിപിഎം നിലപാടിനെ കുറിച്ചുള്ള ചോദ്യത്തില്‍ അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT