കൊച്ചി: ആഴക്കടലില്‍ വെച്ച് കപ്പലില്‍ നിന്നും 25,000 കോടി വിലമതിക്കുന്ന 2,500 കിലോ മെത്തഫിറ്റമിനുമായി ഇന്ത്യന്‍ നേവി പിടികൂടിയ ഇറാന്‍ പൗരന്‍ സുബൈറിനെ വെറുതെ വിട്ടു. പ്രതി കുറ്റക്കാരനല്ലെന്ന് എറണാകുളം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍ വിധി പറഞ്ഞു.
ഇയാളെ ഇന്ത്യന്‍ നേവി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരിന്നു ഈ കേസ്. പാകിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടുള്ള ലഹരി കേസ് ആയിരിന്നു ഇത്. പ്രതിയെ പാകിസ്ഥാന്‍ പൗരന്‍ എന്ന സംശയത്തിലാണ് നേവിയും എന്‍സിബിയും കൂടി പിടിച്ചതെങ്കിലും ഇറാന്‍ പൗരന്‍ ആണെന്ന പ്രതിയുടെ വാദവും തെളിവുകളും കോടതി അംഗീകരിക്കുകയായിരുന്നു.
കപ്പലില്‍ പ്രതിയെ കൂടാതെ അഞ്ചു പേര്‍ ഉണ്ടായിരുന്നു എന്നും കപ്പലില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളെ കുറിച്ചു യാതൊരു വിധ അറിവും ഉണ്ടായിരുന്നില്ലെന്നുമുള്ള പ്രതിയുടെ വാദം വിശ്വസനീയമാണെന്ന് വിലയിരുത്തിക്കൊണ്ടാണ്
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍ പ്രതിയെ വെറുതെ വിട്ടത്. കപ്പലില്‍ സഞ്ചരിച്ചിരുന്ന മുഴുവന്‍ പേരുടെയും പേരും മറ്റ് വിവരങ്ങളും നേവി ഉദ്യോഗസ്ഥരും എന്‍സിബി ഉദ്യോഗസ്ഥരും മറച്ചുവെച്ചതായി കോടതി നിരീക്ഷിച്ചു.
ഈ കേസില്‍ പ്രതിയെ തന്നെ പ്രതിഭാഗം സാക്ഷിയായി വിസ്തരിക്കുക എന്ന അപൂര്‍വമായ നടപടിക്രമത്തിനും കോടതി സാക്ഷിയായി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിന്‍ സ്റ്റാന്‍ലി മാഹിന്‍ ഹംസ എന്നിവര്‍ ആണ് ഹാജരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates