Is circumcision scientific or a primitive custom? Is it obligatory in Islam? Gemini AI
Kerala

ചേലാകർമ്മം ശാസ്ത്രീയമോ പ്രാകൃത ആചാരമോ? ഇസ്ലാമിൽ നിർബന്ധമാണോ

കോഴിക്കോട് കാക്കൂരിൽ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞതോടെ ചേലാക‍ർമ്മം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും അല്ലാതെയും വീണ്ടും ചർച്ച ഉയർന്നു. ഇസ്ലാമിക നിയമപ്രകാരം നിർബന്ധിതമായി ചേലാകർമ്മം നടത്തേണ്ടുതുണ്ടോ എന്നതാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന്. ഇത് ശാസ്ത്രീയമാണോ അല്ലയോ എന്നത് മറ്റൊന്ന്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് കാക്കൂരില്‍ സുന്നത്ത് കര്‍മ്മത്തിനിടെ (circumcision) അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേളന്നൂര്‍ സ്വദേശി ഇംതിയാസിന്റെ രണ്ടുമാസം പ്രായമുള്ള മകന്‍ എമിന്‍ ആദമാണ് മരിച്ചത്. ജൂലൈ ആറിന് കോപ്പറേറ്റീവ് ക്ലിനിക്കില്ലായിരുന്നു സംഭവം . കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തോടെ ചേലാക‍ർമ്മം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും അല്ലാതെയും വീണ്ടും ചർച്ച ഉയർന്നു. ഇസ്ലാമിക നിയമപ്രകാരം നിർബന്ധിതമായി ചേലാകർമ്മം നടത്തേണ്ടുതുണ്ടോ എന്നതാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന്.

ഇസ്ലാം മതവിശ്വാസികൾ 15 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് ചെയ്യേണ്ട ഒരു ക‍ർമ്മമാണിതെന്ന് വിസ്ഡം സംസ്ഥാന സെക്രട്ടറി അബ്ദുൾ മാലിക് സലഫി സമകാലിക മലയാളത്തോട് പറഞ്ഞു. ചേലാ ക‍ർമ്മത്തെ കുറിച്ച് ഹദീസ് ബുഖാരി 5889 ൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾ നിസ്കാരം ശീലിച്ചു തുടങ്ങുന്നത് സാധാരണ​ഗതിയിൽ ഏഴ് വയസ്സ് ആകുമ്പോഴാണ് അതുകൊണ്ട് പലരും അതിന് മുമ്പ് തന്നെ ചേലാകർമ്മം (circumcision) ചെയ്യുന്നുണ്ട്. കുഞ്ഞായിരിക്കുമ്പോൾ ചെയ്യുന്നതിലെ പ്രധാനകാരണങ്ങളിലൊന്ന് അധികം ഓടുകയോ ചാടുകയോ ഒന്നും ചെയ്യാത്തതിനാൽ പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. പൊതുവിൽ എല്ലാവരും ഇപ്പോൾ ആശുപത്രികളിലാണ് ചേലാകർമ്മം ചെയ്യുന്നത്. അത് ശാസ്ത്രീയമായ കാര്യമാണെന്നും മുസ്ലിങ്ങൾ നിർബന്ധമായും ചെയ്യേണ്ടതാമെന്നും അബ്ദുൽ മാലിക് സലഫി പറഞ്ഞു.

അബ്ദുൽ മാലിക് സലഫി വിസ്ഡം സംസ്ഥാന സെക്രട്ടറി

എന്നാൽ,ഒരാൾ മുസ്ലീം ആകണമെങ്കിൽ ചേലാകർമ്മം നിർബന്ധമല്ലെന്ന് കോളമിസ്റ്റും ഗ്രന്ഥകാരനുമായ മുജീബ് റഹ്മാൻ കിനാലൂർ അഭിപ്രായപ്പെട്ടു. ചേലാകർമം സംബന്ധിച്ച്‌ ഖുർആനിൽ കൽപ്പനയില്ല. ഹദീസുകളിലാണ് ചേലാകർമം ചെയ്യാൻ നിർദേശിക്കുന്നത്‌. ചേലാകർമം 'സുന്നത്ത്‌' അഥവാ ഐച്ഛിക കർമം ആയാണ് പരിഗണിക്കുന്നത്‌. ഇസ്ലാമിക കർമശാസ്ത്ര പ്രകാരം ഉപേക്ഷിച്ചാൽ തെറ്റില്ലാത്തതും അനുഷ്ഠിച്ചാൽ അഭികാമ്യവുമായ പ്രവർത്തനങ്ങളാണ് 'സുന്നത്ത്‌'.

മതപരമായി നിർബന്ധമല്ലെങ്കിൽ കൂടി മുസ്ലിം സമൂഹം, വളരെ പ്രാധാന്യത്തോടെയാണ് ചേലാകർമത്തെ കാണുന്നത്‌. ചേലാകർമം ചെയ്യാത്ത പുരുഷന്മാർ മുസ്ലിംകളല്ലെന്ന ധാരണ പരക്കെയുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ല. മതാനുഷ്ഠാനം എന്നതിനേക്കാൾ പരമ്പരാഗത സമ്പ്രദായവും സാമൂഹിക ആചാരവുമായി ഇത്‌ മാറിയിട്ടുണ്ട്‌.

കേരളത്തിൽ മുസ്ലിംകൾക്കിടയിൽ ചേലാകർമ്മം പണ്ട്‌ മുതൽക്കേ നിലവിലുണ്ട്‌. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകത്ത്‌ എല്ലായിടങ്ങളിലും ഈ ആചാരം നിലവിലുണ്ട്‌. സുന്നികളും ശിആ വിശ്വാസികളും ചേലാകർമ്മം ചെയ്യുന്നു. ശരീര ശുചിത്വം മത കർമങ്ങൾ അനുഷ്ഠിക്കാനുള്ള മുന്നുപാധിയാണ്. ശുദ്ധിത്വത്തിന്റെ ഭാഗമായി ചേലാകർമത്തെ കാണുന്നവരുണ്ട്‌.

ചില രാജ്യങ്ങളിൾ മുസ്ലിം സ്ത്രീകളും ചേലാകർമം (FGM) ചെയ്യുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലാണിത്‌ കൂടുതലും. സ്ത്രീകളുടെ ചേലാകർമ്മം സംബന്ധിച്ച്‌ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്‌. ചില ഹദീസുകളിൽ അത്‌ നിർദേശിക്കുന്നുണ്ടെങ്കിലും അത്‌ സുന്നത്തല്ല എന്നാണ് ഭൂരിഭാഗം കർമശാസ്ത്ര പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്‌. ഗോത്രപ്രമായ സാംസ്കാരികാചാരമാണതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്‌.

മുജീബ് റഹ്മാൻ കിനാലൂർ

മലയാള സാഹിത്യത്തിൽ, കേരളത്തിൽ പഴയ കാലത്ത്‌ നടന്നിരുന്ന സുന്നത്ത്‌ കല്യാണങ്ങളെ കുറിച്ച്‌ പറയുന്നുണ്ട്‌. ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ ക്ഷണിച്ച്‌ സുന്നത്ത്‌ കർമം ആഘോഷമാക്കിയിരുന്നു പഴയ കാലത്ത്‌. സുന്നത്ത്‌ ചെയ്യുന്ന കുട്ടിക്ക്‌ പാരിതോഷികം കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു.

അക്കാലത്ത്‌ കുട്ടികൾ കുറച്ച് മുതിർന്നിട്ടായിരന്നു ചേലാകർമം ചെയ്തിരുന്നത്‌. പക്ഷേ, ഇപ്പോൾ പ്രസവം കഴിഞ്ഞ് വൈകാതെ തന്നെ ചെയ്യുന്നവരാണ് കൂടുതലും. കുട്ടികൾ അധികം വേദന അറിയാതിരിക്കുക എന്നതാകാം ഇതിന് കാരണം. ഇന്ന് സുന്നത്ത്‌ ആഘോഷങ്ങൾ ഇല്ലാതായി. വളരെ സ്വകാര്യമായാണ് സുന്നത്ത്‌ കർമങ്ങൾ നടക്കുന്നത്‌. എങ്കിലും മുസ്ലിം സമൂഹത്തിൽ ചേലാകർമം സാർവ്വത്രികമയി ഇന്നും നിലനിൽക്കുന്നു. മുജീബ് റഹ്മാൻ കിനാലൂർ പറഞ്ഞു.

ആരിഫ് ഹുസൈൻ

ചേലാകർമ്മം എന്നത് ഇസ്ലാമിൽ വിശ്വാപരമായിട്ടുള്ള ഒന്നാണെന്ന് നോൺ റിലീജ്യസ് സിറ്റിസൺ ഇന്ത്യയുടെ പ്രസിഡ​ന്റും എതീസ്റ്റ് അലൈൻസ് ഇ​ന്റർനാഷണൽ ദേശീയ റീജ്യൻ ഡയറക്ടറും എക്സ്മുസ്ലിംസ് ഓഫ് ഇന്ത്യ സ്ഥാപകനും ക്ലിനിക്കൽ റിസർച്ചറുമായ ആരിഫ് ഹുസൈൻ അഭിപ്രയാപ്പെട്ടു. സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്വാസപരമായ ആചാരമായിട്ടാണ് ഇത് നടത്തുന്നത്. ബോറാ കമ്മ്യൂണിറ്റിയിൽ സ്ത്രീകൾക്കും ചെയ്യുന്നുണ്ട്.

എന്നാൽ, ഇത് ചെയ്യുന്നത് വൃത്തിക്ക് വേണ്ടിയാണ്, ഭാവിയിൽ രോ​ഗം വരാതിരിക്കാൻ വേണ്ടിയാണ് എന്നൊന്നും പറയുന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. അതേസമയം പല പഠനങ്ങളും ഇത് ചെയ്യുന്നത് കൊണ്ടുള്ള ദോഷവശങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. മുടിയോ നഖമോ മുറിച്ചുകളയുന്നതുപോലെയല്ല ചേലാകർമ്മം ചെയ്യുമ്പോൾ സംഭവിക്കുന്നത്. ഇക്കാര്യങ്ങൾ ഓസ്ട്രേലിയ, കാനഡ, നെതർലാൻഡ് എന്നീ രാജ്യങ്ങളിലെ ശിശുആരോ​ഗ്യമേഖലയിലെ പഠനങ്ങൾ വെളിവാക്കുന്നുണ്ട്. ഇതൊരു ബാലാവകാശ വിഷയം ആയി കൂടി കണക്കാക്കേണ്ടതുണ്ടെന്നും. അദ്ദേഹം പറഞ്ഞു.

സർക്കാർ സ്കൂളുകളിൽ സൂംബാ പദ്ധതി നടപ്പാക്കാൻ ആലോചിച്ചപ്പോൾ അത് ശാസ്ത്രീയമായി ആരോ​ഗ്യത്തിന് നല്ലതാണെന്ന് തെളിയിച്ചില്ലെന്നും അടിച്ചേൽപ്പിക്കുന്നു എന്ന് പറഞ്ഞ് രം​ഗത്തിറങ്ങിയ മതസംഘടനകളും അതി​ന്റെ നേതാക്കളും ചേലാകർമ്മത്തി​ന്റെ കാര്യം വരുമ്പോൾ ഈ നിലപാട് മാറ്റുകയാണ്. കാരണം ഇതിന് ശാസ്ത്രീയ തെളിവുമില്ല അടിച്ചേൽപ്പിക്കുകയുമാണ് ആരിഫ് ഹുസൈൻ പറഞ്ഞു.

സ‍ർകംസിഷൻ (circumcision) അഥവാ ചേലാകർമ്മം എന്നത് ചില പ്രത്യേക ആരോ​ഗ്യ പ്രശ്നങ്ങൾ വരുന്ന സമയങ്ങളിൽ ചെയ്യാറുണ്ട് എന്നത് സത്യമാണ്. എന്നാൽ, ഇത് എല്ലാവർക്കും ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ​ഗുണപരമാണെന്ന് തോന്നുന്നില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

ചില ആരോ​ഗ്യ പ്രശ്നങ്ങൾ വരുമ്പോൾ ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഒട്ടേറെ രക്തക്കുഴലുകൾ ഉള്ളപ്രദേശത്താണ് ഇത് ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ അത് ഏറെ ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ്. ലിം​ഗാ​ഗ്രച‍ർമ്മം മാറാതിരിക്കുക, ശുചിത്വമില്ലായ്മ കൊണ്ടോ മറ്റോ സംഭവിക്കുന്ന ചർമ്മ രോ​ഗ​ങ്ങൾ തുടങ്ങി പ്രശ്നങ്ങൾ, മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ ശസ്ത്രക്രിയ വേണ്ടി വരും.

എന്നാൽ, ഇത്തരം ശസ്ത്രക്രിയകൾ വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണ്. രക്തകുഴലുകളും മറ്റും ഉള്ളതിനാൽ ഇത് ചെയ്യപ്പെടുന്ന ആളി​ന്റെ ആരോ​ഗ്യസ്ഥിതി പ്രഥമ പരി​ഗണനയായിരിക്കണം. കുട്ടികളായാലും മുതിർന്നവരായാലും. അതുപോലെ അനസ്തീസിയ നൽകുമ്പോഴും ആരോ​ഗ്യ സ്ഥിതി പരി​ഗണിക്കണം. മാത്രമല്ല, ഇത് മുറിച്ച് മാറ്റുന്നത് സംബന്ധിച്ച കൃത്യത വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ഇതിന് വിധേയനാകുന്ന വ്യക്തി ജീവിതകാലം മുഴുവൻ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും ഡോക്ടർമാർ പറയുന്നു.

The death of a two-month-old baby in Kakur, Kozhikode has sparked a debate on the issue of circumcision, both on and off social media. One of the main issues in the debate is whether circumcision should be compulsory under Islamic law. Whether it is scientific or not is the other

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT