കൊച്ചി: അയ്യപ്പ ഭക്തന്മാര്‍ പമ്പാ നദിയില്‍ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി. ഇത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തില്‍ വ്യാപക പ്രചാരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുളിക്കാനിറങ്ങുന്ന തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് പമ്പാ നദി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ബസിലും ബസ് സ്റ്റാന്റിലും വസ്ത്രമടമുള്ളവ ഉപേക്ഷിക്കുന്നത് വിലക്കുന്ന ശബ്ദ സന്ദേശം കേള്‍പ്പിക്കണം. തുണികള്‍ ഉപേക്ഷിക്കുന്നത് മാത്രമല്ല, പ്ലാസ്റ്റിക്കും ഷാംപൂ കവറുകളും നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുതെന്നും കൃത്രിമ കുങ്കുമം ഉപയോഗിക്കരുത് തുടങ്ങിയ സന്ദേശം വിവിധ ഭാഗങ്ങളില്‍ കേള്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. സന്ദേശമടങ്ങിയ ഓഡിയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്നും കോടതി പറഞ്ഞു.
എരുമേലി വലിയ തോട്ടില്‍ വസ്ത്രങ്ങളും മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതും തടയണം. പമ്പയില്‍ 50 മീറ്റര്‍ ഇടവിട്ട് വസ്ത്രം നിക്ഷേപിക്കാന്‍ വാട്ടര്‍പ്രൂഫ് ബിന്നുകളും ക്യാമറകളും വേണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates