കൊച്ചി: സംസ്ഥാനത്തെ ജനങ്ങള്‍ അഴിമതിയില്ലാത്ത കേരളം ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. അതിന് തെളിവാണ് ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയത്. കേരള ജനത അഴിമതി സ്വീകരിക്കാവുന്ന ഒരു തിന്മയായി അംഗീകരിച്ചുവെന്നാണ് ഇതു തെളിയിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ജേക്കബ് തോമസ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ വ്യക്തി എന്ന നിലയില്‍ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിച്ചു. അഴിമതി ഇല്ലാത്ത കേരളം തന്റെ സ്വപ്‌നമായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പു ഫലം ജനങ്ങള്‍ അഴിമതിയെ വലിയ പ്രശ്‌നമായി കാണുന്നില്ലെന്ന് തനിക്ക് മനസ്സിലാക്കിത്തന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ താന്‍ അത്തരമൊരു പകല്‍സ്വപ്‌നം കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഒഴിവു സമയം ചെടികള്‍ നടാനും സുന്ദരമായ പരിസ്ഥിതി സൃഷ്ടിക്കാനുമാണ് ഉപയോഗിക്കുന്നത്. കൂടാതെ മതങ്ങളെപ്പറ്റി വായിക്കാനും സമയം ചെലവിടുന്നതായി ജേക്കബ് തോമസ് പറഞ്ഞു.
തൊട്ടടുത്ത ദിവസം തന്നെ സ്ഥലംമാറ്റി
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതാണ് സര്‍വീസിനിടെ ഏറ്റവും കൂടുതല്‍ നടപടികള്‍ക്ക് കാരണമായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലോകായുക്തയില്‍ എഡിജിപി ആയിരിക്കെ ബിവറേജസ് കോര്‍പ്പറേഷനിലെ ഹോളോഗ്രാം പ്രിന്റിങ്ങില്‍ കൃത്രിമം നടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് റെയ്ഡിന് താന്‍ ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലംമാറ്റിയെന്ന് ജേക്കബ് തോമസ് പറഞ്ഞു.
ഫയര്‍ഫോഴ്‌സ് മേധാവിയായി 83 ദിവസമാണ് ആ കസേരയില്‍ ഇരുന്നത്. കെട്ടിടങ്ങളില്‍ ഫയര്‍ സേഫ്റ്റി റൂള്‍സ് കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കെട്ടിട നിര്‍മ്മാതാക്കള്‍ പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിച്ചു. അദ്ദേഹം തന്നെ വിളിച്ചു ചോദിച്ചു. ഫയര്‍ സേഫ്റ്റി റൂള്‍സ് കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യപ്പെട്ടത് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന് താന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാല്‍ മുന്‍കാലത്ത് ഇത്തരം പരാതികള്‍ ഉണ്ടായില്ലല്ലോ എന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോള്‍, ഈ നിയമം താന്‍ പുതുതായി ഉത്തരവിട്ടതല്ലെന്നും, 1962 മുതലുള്ള നിയമമാണെന്നും ചൂണ്ടിക്കാട്ടി. എന്തായാലും തൊട്ടു പിറ്റേന്ന് തന്നെ തന്നെ ആ പദവിയില്‍ നിന്നും മാറ്റി. ഉമ്മന്‍ചാണ്ടി മികച്ച ഉദ്ദേശശുദ്ധിയുള്ള ഭരണാധികാരിയാണ്. ആദ്യകാലത്ത് മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കിയത്. പാറ്റൂര്‍ ഭൂമി ഇടപാടില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് ബന്ധം വഷളായതെന്നും ജേക്കബ് തോമസ് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും അഴിമതിയില്‍ മുങ്ങിക്കുളിച്ചു
ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തന്റെ വ്യക്തിപരമായ അനുഭവത്തില്‍ ഇടതുപക്ഷവും യുഡിഎഫും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. മികച്ച ഭരണമാണ് നരേന്ദ്രമോദി വാഗ്ദാനം ചെയ്തത്. അഴിമതിക്കെതിരായ പോരാട്ടമെന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബിജെപി സഹായകമാകുമെന്ന് കരുതി. ഇതാണ് ബിജെപിയില്‍ ചേരാന്‍ കാരണം. ഭാരതീയതയെയും ഇന്ത്യന്‍ സംസ്‌കാരങ്ങളെയും ഉയര്‍ത്തിക്കാട്ടുന്നത് ബിജെപി മാത്രമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates