കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ അന്വേഷണം വേണം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ ഒഴിഞ്ഞു നിൽക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപം ഉണ്ടായിട്ടില്ല. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതിൽ മുഖ്യമന്ത്രിക്കു വീഴ്ച്ചയുണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു.
യു കെ കുമാരൻ, ബി രാജീവൻ, എം എൻ കാരശ്ശേരി, കൽപ്പറ്റ നാരായണൻ , അപ്പുക്കുട്ടൻ വള്ളിക്കുന്ന്, സാവിത്രി രാജീവൻ, കെ സി ഉമേഷ്ബാബു , വി എസ് അനിൽകുമാർ, സി ആർ നീലകണ്ഠൻ, ഉമർ തറമേൽ, സിദ്ധാർത്ഥൻ പരുത്തിക്കാട്, ആർടിസ്റ്റ് ചന്ദ്രശേഖരൻ , ആസാദ്, കെ കെ സുരേന്ദ്രൻ, പി ഇ ഉഷ, ഡി പ്രദീപ്കുമാർ, കെ എസ് ഹരിഹരൻ, ശാലിനി വി എസ്, എൻ പി ചെക്കുട്ടി, വി കെ സുരേഷ്, എം സുരേഷ്ബാബു, ജ്യോതി നാരായണൻ, ജലജ മാധവൻ, എൻ വി ബാലകൃഷ്ണൻ, ദീപക് നാരായണൻ, രവി പാലൂർ, വേണുഗോപാലൻ കുനിയിൽ, ജോസഫ് സി മാത്യു എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
സംയുക്ത പ്രസ്താവനയുടെ പൂര്‍ണരൂപം
ഇൻകംടാക്സ് ഇന്ററിംഗ് സെറ്റിൽമെന്റ് ബോർഡിന്റെ സി എം ആർ എല്ലിനെതിരായ വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും അദ്ദേഹത്തിന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ തൈക്കണ്ടിയിലിനെക്കുറിച്ചും നടത്തിയ പരാമർശവും കണ്ടെത്തലും ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപം ഉണ്ടായിട്ടില്ല. വെറും ആരോപണമല്ല, ഇൻകം ടാക്സ് റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിൽ തെളിഞ്ഞ കാര്യങ്ങളാണ് ബോർഡിന്റെ വിധിയിൽ കാണുന്നത്.
ഭരണഘടനാപദവിയിൽ ഇരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതിൽ മുഖ്യമന്ത്രിക്കു വീഴ്ച്ചയുണ്ടായി എന്നു വ്യക്തം. അതു ബോധപൂർവ്വമായ കുറ്റകൃത്യമായിരുന്നു എന്നു കരുതാൻ കേരളീയ ജനാധിപത്യ ബോധത്തിനു കനത്ത ഞെട്ടലോടെ മാത്രമേ സാധിക്കൂ. അതിനാൽ, ഉചിതമായ അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കണം. ഉന്നത നീതിപീഠത്തിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. അതു നിർവ്വഹിക്കുംവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ ഒഴിഞ്ഞു നിൽക്കണം. ജനാധിപത്യ ധാർമ്മികതയും നീതിബോധവും അത് ആവശ്യപ്പെടുന്നുണ്ട്.
വിഷയം മാദ്ധ്യമങ്ങളിൽ ചർച്ചയായതിനു ശേഷം ഒരുതരത്തിലുള്ള വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ ദീർഘമായ മൗനം കുറ്റകരമായേ കാണാൻപറ്റൂ. പൗരസമൂഹത്തോടു മുഖ്യമന്ത്രിക്കും സർക്കാറിനുമുള്ള ബാദ്ധ്യത നിറവേറ്റപ്പെടുന്നില്ല. ഇന്ററിംഗ് ബോർഡിന്റെ റിപ്പോർട്ടിൽ ചില പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പേരുകളും പരാമർശിക്കുന്നുണ്ട്. അവർ കോഴ കൈപ്പറ്റിയതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാറിനു ബാദ്ധ്യതയുണ്ട്. താൻ വീണുകിടക്കുന്ന,അഴിമതിയുടെ കയത്തിൽതന്നെ പ്രതിപക്ഷവും വീണു കാണുന്നതിന്റെ ആനന്ദത്തിലാവണം മുഖ്യമന്ത്രി. അതിനാൽ വലിയ എതിർപ്പുകൂടാതെ പ്രശ്നം മറവിയിൽ ലയിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടാവണം. എന്നാൽ നീതിബോധമുള്ള ഒരാൾക്കും അതിനു കൂട്ടുനിൽക്കാൻ കഴിയില്ല. ആവശ്യമായ അന്വേഷണം കൂടിയേ കഴിയൂ. അതുണ്ടാവണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates