Jose K Mani ഫയൽ
Kerala

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നു?; ജോസ് കെ മാണിയുടെ പ്രസ്താവനയില്‍ ചര്‍ച്ചകള്‍ സജീവം

രാഹുല്‍ ഗാന്ധിയുമായും കെ സി വേണുഗോപാലുമായും ജോസ് കെ മാണി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി

അഭിലാഷ് ചന്ദ്രന്‍

കോട്ടയം: ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നു. വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രസ്താവന എല്‍ഡിഎഫുമായി ബന്ധം വേര്‍പെടുത്താനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ജോസ് കെ മാണിയുടെ പ്രസ്താവന ഇതിനോടകം രാഷ്ട്രീയ വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇടതുപക്ഷ സഖ്യത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികള്‍ പാര്‍ട്ടി അന്വേഷിക്കുന്നതായാണ് സൂചന. സഖ്യമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ജോസ് കെ മാണി ഇതിനകം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും ജോസ് കെ മാണി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലാണ് ജോസ് കെ മാണി രാഹുലിനെയും വേണുഗോപാലിനെയും കണ്ടതെന്നും, അതില്‍ രാഷ്ട്രീയമായി ഒന്നുമില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മാറുന്നത് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഒരു പാര്‍ട്ടി നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം അ്ണികളില്‍ ബഹുഭൂരിപക്ഷത്തിനും യുഡിഎഫ് അനുകൂല ചായ്‌വ് ആണുള്ളതെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായി അറിയാം. മധ്യ തിരുവിതാംകൂറില്‍ യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള വഴികള്‍ കോണ്‍ഗ്രസ് സജീവമായി അന്വേഷിക്കുന്നുണ്ട്.

നിര്‍ണായകമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, ക്രിസ്ത്യന്‍ വോട്ടുകള്‍ ഭിന്നിച്ചു പോകുന്നത് ഫലപ്രദമായി തടയാനാകുമെന്നും, അത് യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ ശക്തിയാണ് എന്നതില്‍ സംശയമില്ല. അവരുടെ വരവ് യുഡിഎഫിനുള്ള ക്രിസ്ത്യന്‍ പിന്തുണ കൂടുതല്‍ ശക്തമാക്കും. ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്. ചെയര്‍മാന്‍ ജോസ് കെ മാണിക്ക് രാജ്യസഭാംഗത്വം നല്‍കിയത് ഉള്‍പ്പെടെ, പാര്‍ട്ടിയുടെ മിക്ക ആവശ്യങ്ങളും എല്‍ഡിഎഫ് അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മതിയായ കാരണങ്ങളില്ലാതെ ഇടതുമുന്നണി വിടുന്നത് കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ഇതു കണക്കിലെടുത്താണ് വന്യജീവി ശല്യവും തെരുവുനായ വിഷയവും ഉയര്‍ത്തി എല്‍ഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

'വന്യജീവികളും തെരുവ് നായകളും ഉയര്‍ത്തുന്ന ഭീഷണി മൂലം സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ആളുകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നില്ല. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും പുതിയ നിയമനിര്‍മ്മാണം നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്'. ജോസ് കെ മാണി പറഞ്ഞു.

ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വളരെപ്പെട്ടെന്നു തന്നെ നിയമം പാസ്സാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ, മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെയും തെരുവ് നായ്ക്കളുടെ ശല്യത്തിന്റെയും വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണം. പേവിഷബാധ സ്ഥിരീകരിച്ചാല്‍, ആ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയരാക്കണം. പക്ഷിപ്പനിയോ പന്നിപ്പനിയോ പൊട്ടിപ്പുറപ്പെട്ടാല്‍, ആ പ്രദേശത്തെ എല്ലാ പക്ഷികളെയും പന്നികളെയും കൊന്നൊടുക്കും. പേവിഷബാധയുള്ള നായ്ക്കളുടെ കാര്യത്തിലും ഈ മാതൃക സ്വീകരിക്കാവുന്നതാണ്. ജോസ് കെ മാണി പറഞ്ഞു.

Amid growing speculation on the Kerala Congress (M) re-joining the UDF, the party chairman Jose K Mani’s recent call to convene an urgent assembly session to address issues surrounding the escalating man-animal conflicts in the state is being interpreted as a strategic manoeuvre to part ways with the LDF.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT