കൊച്ചി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വാദം കേട്ട് വിധി പറയാൻ മാറ്റിയതിനെ തുടർന്നാണ് ശിവശങ്കറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ വിട്ടത്. നാല് മണിക്കൂറോളം വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.
ഇഡിക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ശക്തമായ വാദങ്ങളാണ് ശിവശങ്കറിനെതിരെ നിരത്തിയത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതിനാലാണ് താൻ അറസ്റ്റിലായതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ശിവശങ്കർ.
ലോക്കറിലുള്ള പണം ശിവശങ്കറിന്റേതാണ്. സ്വപ്ന മുഖംമൂടി മാത്രമാണ്. എൻഐഎ കേസിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെങ്കിലും അന്വേഷണം പുരോഗമിക്കുന്തോറും പുതിയ പുതിയ വിവരങ്ങളാണ് ലഭിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മറ്റൊരു കേസിനെ ആശ്രയിച്ചല്ല കേസ് നിലനിൽക്കുകയെന്നും ഇഡി വാദിച്ചു.
കേസിലെ മുഖ്യ പ്രതി തന്നെ ശിവശങ്കർ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പറയുമ്പോൾ എങ്ങനെയാണ് അത് നിഷേധിക്കാൻ സാധിക്കുകയെന്ന് വാദത്തിനിടെ ജഡ്ജി ചോദിച്ചിരുന്നു.
നാല് മാസം കഴിഞ്ഞിട്ടും തനിക്കെതിരേ ഒരു തെളിവു പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടുകഥകൾ മെനയുകയാണെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നും വാട്സ്ആപ്പ് ചാറ്റുകൾ നുണക്കഥകളാണെന്നുമടക്കം കൂടുതൽ വാദങ്ങൾ ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
ഇക്കാര്യങ്ങൾ പരിഗണിച്ച് ശിവശങ്കറിന് കോടതി ജാമ്യം അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ജാമ്യം നൽകിയില്ലെങ്കിൽ 26 വരെ ശിവശങ്കർ ജയിലിൽ തുടരും.
അതേസമയം, ലൈഫ്മിഷൻ ക്രമക്കേടിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഇന്നു കോടതിയെ സമീപിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിക്കുക. കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിയ്ക്ക് സന്തോഷ് ഈപ്പൻ കമ്മീഷനായി നൽകിയ ഡോളറിന്റെ വിശദാംശങ്ങൾ ഇന്നു കൊച്ചിയിലെ ആക്സിസ് ബാങ്കിൽ നിന്നു വിജിലൻസ് ശേഖരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates