തിരുവനന്തപുരം: കെ ഫോൺ കരാറിൽ സർക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി പരാമർശം. ബെൽ കൺസോർഷ്യത്തിനു പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി പർച്ചേസ്, സിവിസി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് സിഎജി കണ്ടെത്തൽ. വ്യവസ്ഥകൾ മറികടന്നു നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതിൽ സിഎജി സർക്കാരിനോടു വിശദീകരണം തേടി.
2018ലാണ് സിഎജി ഓഡിറ്റിനു ആധാരമായ സംഭവം. പലിശയിനത്തിലാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചത്. കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാറായത്.
1531 കോടിക്കാണ് ടെൻഡർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കണ്ടെത്തൽ. ഇക്കാര്യത്തിലാണ് സിഎജി സർക്കാരിനോടു വ്യക്തത തേടിയിരിക്കുന്നത്.
സ്റ്റോർ പർച്ചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെടുന്നതാണ്. എന്നാൽ ബെല്ലിനു നൽകിയ കരാറിൽ പലിശ ഒഴിവാക്കിയിരുന്നു.
പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ വ്യവസ്ഥ. കെ ഫോണിന്റെ ടെൻഡറിൽ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ചു പറയുന്നില്ല.
അഡ്വാൻസ് നൽകുന്നുണ്ടെങ്കിൽ നിലവിലെ എസ്ബിഐ നിരക്കിലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കാൻ കെഎസ്ഇബി ഫിനാൻസ് അഡ്വൈസർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ബെല്ലുമായുണ്ടാക്കിയ കരാർ പലിശരഹിതമായിരുന്നു. ഇതോടെ പലിശയിനത്തിൽ മാത്രം സർക്കാരിനു ലഭിക്കേണ്ട 36,35,57,844 കോടിയാണ് നഷ്ടമായതെന്നു സിഎജി ചൂണ്ടിക്കാട്ടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates