പത്തനംതിട്ട: പരിപാടി തുടങ്ങി ആറ് മണിക്കൂറിന് ശേഷം അവസാനം കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്തു. ഗുരുവായൂര്‍ പോയതിനാലാണ് വൈകിയതെന്ന് മുരളീധരന്‍ പറഞ്ഞു. ദേശീയ പാര്‍ട്ടിയായതുംകൊണ്ട് കോണ്‍ഗ്രസിനകത്ത് അഭിപ്രായമുള്ളതുകൊണ്ടും പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസമുണ്ടാകും. അതുവിചാരിച്ച് അടുത്ത തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയത്തെ ഒരുശതമാനം പോലും ബാധിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
മന്ത്രി വാസവന്‍ രാജിവയ്ക്കണം. നിലവിലെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം. അതുവരെ സമരം തുടരുമെന്നും മുരളീധരന്‍ പറഞ്ഞു.
ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷിക്കുന്നവരില്‍ വിശ്വാസക്കുറവ് ഉണ്ടായിട്ടല്ല. ഇവരൊക്കെ പിണറായിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരാണ്. തനിക്ക് ഹിതകരമല്ലാത്ത റിപ്പോര്‍ട്ടാണ് കോടതിക്ക് നല്‍കുന്നതെങ്കില്‍ മുഖ്യമന്ത്രി ഇവരെ മറ്റൊരു കേസില്‍ ശിക്ഷിക്കും. അതുകൊണ്ട് തന്നെ ഈ ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി അന്വേഷണം നടത്താന്‍ ആവില്ല. സിബിഐയെയും വിശ്വാസമില്ല. മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആവിയായി പോയി. കോടതിയുടെ മേല്‍നോട്ടത്തില്‍ വേണംസിബിഐ അന്വേഷണം.
2017ല്‍ വന്ന ദേവസ്വം ബോര്‍ഡ് മുതല്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡ് വരെ അന്വേഷണം നടത്തണം. ആചാരലംഘനമാണ് വാസവന്റെ സ്ഥിരം പരിപാടി. ശബരിമലയില്‍ വാസവന്‍ തൊഴുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. അവിടെ പോയി കൈയും കെട്ടി നില്‍ക്കുകയാണ് ചെയ്യാറെന്നും മുരളീധരന്‍ പറഞ്ഞു.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് കെ. മുരളീധരന്‍ പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് വി.ഡി. സതീശന്‍ കെ. മുരളീധരനുമായി സംസാരിച്ചു. 22-ന് കെ.സി. വേണുഗോപാലും മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. തുടര്‍ന്നാണ് കെ. മുരളീധരന്‍ വിശ്വാസ സംഗമ സമാപനത്തില്‍ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates