ചാനൽ ചർച്ചയിൽ ഉണ്ടായ വാക്കേറ്റം വിവാദമായതിന് പിന്നാലെ നേതാക്കളെയും അണികളെയും തിരുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ നികേഷ് കുമാറുമായുണ്ടായ തർക്കത്തെ പ്രതിപാദിച്ചായിരുന്നു കുറിപ്പ്. "അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല" എന്നാണ് ചർച്ചയ്ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളിൽ സുധാകരൻ പറഞ്ഞത്.
അഭിമുഖത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ ഇതിൽ നികേഷ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരിനാഥനും അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. തുടർന്നാണ് സംഭവത്തിൽ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.
കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിൻ്റെ മകൻ, അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും നമുക്ക് ഉണ്ട്.
ആ സംവാദത്തിൽ ഞാൻ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാൻ മറന്നു. അതിനെ ഒരു പ്രതികാരവാജ്ഞയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീർക്കുന്ന സംഭവമായി അതിനെ മാറ്റരുത്.
ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല.
അത് കൊണ്ട് എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ സ്നേഹപൂർവ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല.
ആ സംഭവം മനസ്സിൽ വെച്ച് ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരോട് ഞാൻ അപേക്ഷിക്കുന്നു, ദയവായി അത് ആവർത്തിക്കരുത്.
അതിൽ നിന്ന് പിന്തിരിയണം. എൻ്റെ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതൽ പിന്തിരിയണം.
ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോൾ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉൾകൊള്ളാനും നമുക്ക് സാധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates