കെ സുധാകരന്റെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം 
Kerala

'ആഡംബരവും അലങ്കാരവും കണ്ടാല്‍ ആരും വിശ്വസിച്ചു പോകും ; തന്നെ കാണിച്ച് കച്ചവടം ഉറപ്പിച്ചോ എന്ന് സംശയം' : കെ സുധാകരന്‍

കേസില്‍പ്പെടുത്തി രാഷ്ട്രീയമായി തന്നെ നശിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ പണമിടപാടില്‍ പങ്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബിസിനസ് കാര്യങ്ങളില്‍ മോന്‍സന്റെ പങ്കാളിയോ മധ്യസ്ഥനോ ആയിട്ടില്ല. മോന്‍സനുമായി സാമ്പത്തിക ഇടപാടുമില്ല. ചികില്‍സയ്ക്കാണ് പോയത്. അവിടെ താമസിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. 

തനിക്ക് ജാഗ്രതക്കുറവ് സംഭവിച്ചിട്ടില്ല. ഒരുപാട് പേര്‍ പോയ സ്ഥലത്താണ് താനും പോയത്. പാതിരാ നേരത്തല്ല മോന്‍സന്റെ വീട്ടില്‍ പോയത്. ബെന്നി ബെഹനാന്‍ പറഞ്ഞതിനെക്കുറിച്ച് തന്നോടൊന്നും ചേദിക്കേണ്ട. ഡോക്ടറെ കാണാന്‍ പോകാന്‍ എന്ത് ജാഗ്രതയാണ് വേണ്ടതെന്നും കെ സുധാകരന്‍ ചോദിച്ചു. വ്യാജ ചികില്‍സ നടത്തിയതിന് മോന്‍സനെതിരെ നിയമനടപടി സ്വീകരിക്കും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സുധാകരന്‍ പറഞ്ഞു.

പരാതിക്കാരനായ ഷെമീറിനെ കണ്ടിട്ടില്ല. അതാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ മറ്റൊരു പരാതിക്കാരനായ അനൂപ് അഹമ്മദിനെ കണ്ടിട്ടുണ്ട്. ചാനലില്‍ കണ്ടപ്പോഴാണ് മുഖം ഓര്‍മ്മ വന്നത്. വൈകീട്ട് മൂന്നരമണിയ്ക്ക് താന്‍ ഇരിക്കുമ്പോഴാണ് അനൂപ് അവിടെ വന്നത്. താന്‍ സംസാരിച്ചുകഴിഞ്ഞ് എഴുന്നേറ്റപ്പോള്‍, താന്‍ ഇന്നയാളാണെന്നും സാറിനെ അറിയാമെന്നും അനൂപ് പറഞ്ഞു. ശരി എന്നു പറഞ്ഞ് കയ്യും കൊടുത്ത് താന്‍ ഇറങ്ങിപ്പോകുകയായിരുന്നു. 

ഇതല്ലാതെ അവരുമായുള്ള ഒരു സംഭാഷണത്തിലും താന്‍ പങ്കെടുത്തിട്ടില്ല. അനൂപ് പണം നല്‍കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ എംപി ഇവിടെയുണ്ട് വന്നോളൂ എന്ന് അനൂപ് പറയുന്നത് സത്യമാണെന്ന് ഇപ്പോള്‍ തോന്നുന്നു. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാന്‍ മോന്‍സന്‍ എടുത്ത നടപടിയായാണ് സംശയിക്കുന്നത്. താന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഒരു ഉറപ്പും നല്‍കിയിട്ടില്ല. താന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കില്‍ മൂന്നു കൊല്ലമായില്ലേ, ഇതുവരെ ഒരു ഫോണ്‍കോളിലൂടെയെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നും സുധാകരന്‍ പറഞ്ഞു. 

മോന്‍സന്‍ പറയുന്നതിന് താനെന്ത് പിഴച്ചുവെന്ന് സുധാകരന്‍ ചോദിച്ചു.  മന്ത്രിമാരുടെയും ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുടേയും പേരു വന്നതില്‍ എന്തേ അന്വേഷിക്കുന്നില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം അവിടെ പോയതില്‍ ആര്‍ക്കും പ്രശ്‌നമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോന്‍സന്റെ ആഡംബരവും അലങ്കാരവും കണ്ടാല്‍ ആരും വിശ്വസിച്ചു പോകും. ഡിജിപിയും ചീഫ് സെക്രട്ടറിയും വരെ വിശ്വസിച്ചു. 

മോന്‍സന് സംസ്ഥാന സര്‍ക്കാരാണ് സംരക്ഷണം നല്‍കിയത്. മോന്‍സന്റെ രണ്ടു വീടിന് പൊലീസ് പ്രൊട്ടക്ഷന്‍ നല്‍കിയത്. ഇതേക്കുറിച്ച് ആരും ചോദിക്കാത്തതെന്ത്. ഇക്കാര്യത്തില്‍ ത്‌നനെ മാത്രം കുറ്റപ്പെടുത്താനാണ് ചിലരുടെ ശ്രമം. കേസില്‍പ്പെടുത്തി രാഷ്ട്രീയമായി തന്നെ നശിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം വ്യക്തിഹത്യയുടെ രാഷ്ട്രീയം സ്വീകരിക്കുന്നത് ശരിയല്ല.

കോണ്‍ഗ്രസില്‍ വരുന്ന മാറ്റം സിപിഎമ്മിനെ പേടിപ്പിക്കുന്നുവെന്ന് കെ.സുധാകരന്‍. പിണറായിയുമായുള്ള ഫൈറ്റ് അവസാനിപ്പിച്ചതാണ്, വേണമെങ്കില്‍ തുടങ്ങാം.മോന്‍സനുമായി ബന്ധപ്പെട്ട് കേസില്‍ കുടുക്കി തന്നെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമം. പിണറായിയുമായുള്ള ഫൈറ്റ് അവസാനിപ്പിച്ചതാണ്, വേണമെങ്കില്‍ തുടങ്ങാമെന്നും കെ സുധാകരന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

SCROLL FOR NEXT