തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ മുഴുവന്‍ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ആണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും ഇടതുപക്ഷത്ത് നിന്ന് എംഎ ബേബി അടക്കമുള്ള നേതാക്കളും സമരത്തില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ചില്‍ ലീഗ് എംപിമാര്‍ പങ്കെടുക്കാത്തത് ശ്രദ്ധയില്‍പ്പെടുത്തി വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് സിപിഎം നേതാവ് കെ ടി ജലീല്‍.'
ഒരുപാര്‍ട്ടിയേയും അതിന്റെ നേതാക്കളെയും എംപിമാരെയും മാത്രം കഷായത്തില്‍ ചേര്‍ക്കാന്‍ പോലും അവിടെയെവിടെയും കാണാനില്ല. മുസ്ലിംലീഗ് എന്ന പാര്‍ട്ടി 'മയ്യത്തായോ'? സാദിഖലി തങ്ങളേ, ഗ്യാനേഷ് കുമാറിനെതിരെ ലീഗ് സമരം നടത്തേണ്ടത് മലപ്പുറത്തല്ല, അങ്ങ് ഡല്‍ഹിയിലാണ്. രാജ്യം സമരച്ചൂടില്‍ തിളച്ച് മറിയുമ്പോള്‍ ലീഗിന്റെ ജനപ്രതിനിധികള്‍ കുളത്തിലേക്ക് ഉന്തിയിട്ട് കളിക്കുന്ന തിരക്കിലാണല്ലോ?'- കെ ടി ജലീല്‍ കുറിച്ചു.
'മുസ്ലിംലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഞാനീനാട്ടുകാരനേ അല്ലെന്ന മട്ടില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുകയാണ്. ഏത് അടുപ്പിലാണ് ലീഗ് എംപിമാരും നേതാക്കളും ഒളിച്ചിരിക്കുന്നത്. അവരെ അവിടെ നിന്ന് പുകച്ച് പുറത്തു ചാടിക്കാന്‍ ലീഗു പ്രവര്‍ത്തകരേ, ഉടന്‍ രംഗത്തു വരിക. ഇവരെ ഇങ്ങനെ വിട്ടാല്‍ EDയാണ് 'പടച്ചോന്‍' എന്നു പറയാനും മടിക്കില്ല. ലീഗിന്റെ ധൈര്യം കാണിക്കേണ്ടത് വാതിലടച്ച് മലപ്പുറത്തല്ല.'- കെ ടി ജലീല്‍ ഓര്‍മ്മിപ്പിച്ചു.
കുറിപ്പ്:
ലീഗ് എംപിമാരും നേതാക്കളും എത് അടുപ്പിലാണ്?
രാജ്യം രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പോര്‍മുഖത്താണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ മുഴുവന്‍ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോരാട്ടത്തിന്റെ മുന്നിലുണ്ട്. ഇടതുപക്ഷ നേതാക്കള്‍ എം.എ ബേബിയുടെ നേതൃത്വത്തില്‍ കൈമെയ് മറന്ന് സമരഭൂമിയില്‍ സജീവമാണ്. ഇടതു എംപിമാര്‍ ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തില്‍ തീപന്തങ്ങളായി തലസ്ഥാനത്തെ സമരഭൂമിയില്‍ ആളിക്കത്തുകയാണ്. ഇന്ത്യ സഖ്യത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഡി.എം.കെയുടെയും ആം ആദ്മിയുടെയും എം.പിമാരും ശക്തമായ സാന്നിദ്ധ്യമറിയിച്ച് പോര്‍ക്കളത്തിലുണ്ട്.
ഒരുപാര്‍ട്ടിയേയും അതിന്റെ നേതാക്കളെയും എംപിമാരെയും മാത്രം കഷായത്തില്‍ ചേര്‍ക്കാന്‍ പോലും അവിടെയെവിടെയും കാണാനില്ല. മുസ്ലിംലീഗ് എന്ന പാര്‍ട്ടി 'മയ്യത്തായോ'? സാദിഖലി തങ്ങളേ, ഗ്യാനേഷ് കുമാറിനെതിരെ ലീഗ് സമരം നടത്തേണ്ടത് മലപ്പുറത്തല്ല, അങ്ങ് ഡല്‍ഹിയിലാണ്. രാജ്യം സമരച്ചൂടില്‍ തിളച്ച് മറിയുമ്പോള്‍ ലീഗിന്റെ ജനപ്രതിനിധികള്‍ കുളത്തിലേക്ക് ഉന്തിയിട്ട് കളിക്കുന്ന തിരക്കിലാണല്ലോ? നാട് സമരാഗ്‌നിയില്‍ ജ്വലിക്കുമ്പോള്‍ 'ലാവിഷായി' ജീവിച്ച് പരിചയിച്ച ലീഗിന്റെ മന്ത്രിമാര്‍ കോടികള്‍ വിലപിടിപ്പുള്ള ആരാന്റെ റൈഞ്ചറോവര്‍ കാറുകളില്‍ പാറിപ്പറക്കുന്ന തിരക്കിലല്ലേ? ലീഗിന്റെ മകന്‍മന്ത്രി വിദേശത്ത് കറങ്ങി നടക്കുന്നു. മുസ്ലിംലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഞാനീനാട്ടുകാരനേ അല്ലെന്ന മട്ടില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുകയാണ്.
ഏത് അടുപ്പിലാണ് ലീഗ് എം.പിമാരും നേതാക്കളും ഒളിച്ചിരിക്കുന്നത്. അവരെ അവിടെ നിന്ന് പുകച്ച് പുറത്തു ചാടിക്കാന്‍ ലീഗു പ്രവര്‍ത്തകരേ, ഉടന്‍ രംഗത്തു വരിക. ഇവരെ ഇങ്ങനെ വിട്ടാല്‍ EDയാണ് 'പടച്ചോന്‍' എന്നു പറയാനും മടിക്കില്ല. ലീഗിന്റെ ധൈര്യം കാണിക്കേണ്ടത് വാതിലടച്ച് മലപ്പുറത്തല്ല. നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും മൂക്കിന് താഴെ ഡല്‍ഹിയിലാണ്. അങ്ങോട്ട് പോകാതിരിക്കാന്‍ ലീഗിന്റെ കൈകാലുകള്‍ സംഘ്പരിവാര്‍ ഏതെങ്കിലും 'കുറ്റിയില്‍' കെട്ടിയിട്ടുണ്ടെങ്കില്‍ ആ 'ബന്ധനം' പൊട്ടിച്ചെറിയാന്‍ യഥാര്‍ത്ഥ ലീഗു പ്രവര്‍ത്തകര്‍ തയ്യാറാവണം. ലീഗ് എംപിമാരെ ഡല്‍ഹിയിലേക്ക് ഓടിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates