Kerala

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നില്ല സവിതയ്ക്ക്. എന്നാല്‍ ഇന്ന് മക്കളും പ്രായമായ അമ്മയും അടങ്ങുന്ന സവിതയുടെ കുടുംബത്തിന് വീടെന്ന സുരക്ഷിതത്വം നല്‍കാന്‍ കഴിഞ്ഞത് സ്‌നേഹത്തിന്റെ മാത്രം ഫലമാണ്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂരിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പലപ്പോഴും ഭയമുണ്ടാക്കുന്ന വാര്‍ത്തകളാണ് ഓര്‍മയിലുണ്ടാവുക. കണ്ണൂരിലെ രാഷ്ട്രീയവും പാര്‍ട്ടി ഗ്രാമങ്ങളും ഒക്കെ എന്നും ചര്‍ച്ചയാകാറുമുണ്ട്. എന്തുവന്നാലും തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ കൊടിയുയര്‍ത്തിപ്പിടിക്കാനും പാര്‍ട്ടിക്കായി പോരാടാനും ഇഷ്ടപ്പെടുന്നവരാണ് കണ്ണൂരുകാര്‍ എന്നാണ് പൊതുവെ പറയാറ്. ബോംബുകളുടേയും വടിവാളുകളുടേയും ചോര മണക്കുന്ന കഥകളും വാര്‍ത്തകളും ഉണ്ടാകുന്നതും അങ്ങനെയാണ്. എന്നാല്‍ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ല. കൊടിയുടെ നിറഭേദങ്ങളില്ലാതെ എല്ലാ പാര്‍ട്ടിക്കാരും ഒരുമിച്ച് കൈകോര്‍ക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. കതിരൂര്‍ ഡയമണ്ട് മുക്കിലെ സവിതയുടെ ജീവിതം അത്തരം ഒരു ഒത്തൊരുമക്ക് ഉദാഹരണമാണ്.

രാഷ്ട്രീയ അക്രമങ്ങളുടെയും ബോംബുകളുടെയും ചോരപുരണ്ട കഥകള്‍ മാത്രമല്ല മനുഷ്യ സ്‌നേഹത്തിന്റെ നീരുറവയും ഉണ്ടെന്ന് തെളിയിക്കുകയാണ് ഡയമണ്ട് മുക്കിലെ സവിതയുടെ ജീവിതം. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നില്ല സവിതയ്ക്ക്. എന്നാല്‍ ഇന്ന് മക്കളും പ്രായമായ അമ്മയും അടങ്ങുന്ന സവിതയുടെ കുടുംബത്തിന് വീടെന്ന സുരക്ഷിതത്വം നല്‍കാന്‍ കഴിഞ്ഞത് സ്‌നേഹത്തിന്റെ മാത്രം ഫലമാണ്. ഒറ്റമുറി ഷെഡ്ഡായിരുന്നു സവിതയുടേത്. സിപിഎമ്മും ബിജെപിയും ലീഗും കോണ്‍ഗ്രസും ഒക്കെ പാര്‍ട്ടിക്കതീതമായി ഒരുമിച്ച് ചേര്‍ന്നാണ് സവിതയ്ക്ക് വീട് നിര്‍മിച്ച് നല്‍കിയത്.

ഏഴുവര്‍ഷം മുമ്പാണ് ഓട്ടോറിക്ഷാ ഡ്രൈവറായ സവിതയുടെ ഭര്‍ത്താവ് പ്രദീപന്റെ മരണം. ജീവിതത്തിലെ തിരിച്ചടിയില്‍ രണ്ട് ചെറിയ മക്കളോടൊപ്പം എന്തു ചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടിയെങ്കിലും തളര്‍ന്നിരിക്കാന്‍ തയ്യാറായിരുന്നില്ല സവിത. ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തി. സ്വന്തമായി വീടെന്ന ആഗ്രഹം ഉള്ളിലുണ്ടായെങ്കിലും എങ്ങനെ എന്നത് ചോദ്യമായിരുന്നു. അങ്ങനെയാണ് ഭര്‍ത്താവിന്റെ സ്ഥലത്ത് നാട്ടുകാര്‍ പാര്‍ട്ടി നോക്കാതെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് വീട് നിര്‍മിച്ച് നല്‍കിയത്.

ജനകീയ കമ്മിറ്റിയുണ്ടാക്കുകയും തുടര്‍ന്ന് നിരവധിപ്പേരുടെ സഹായവും എത്തി. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ വീടിന്റെ കോണ്‍ക്രീറ്റ് പണിയേറ്റെടുത്തു. സിപിഎം നിയന്ത്രണത്തിലുളള കൃഷ്ണപിളള സാംസ്‌കാരിക കേന്ദ്രം തറയില്‍ വിരിക്കാനുളള ടൈല്‍സ് സ്‌പോണ്‍സര്‍ ചെയ്തു. നാട്ടുകാരനായ വി പി സമദ് ചുമര് തേക്കാനുളള പണം നല്‍കി. ഇലക്ട്രിക്കല്‍ വയര്‍മെന്‍ അസോസിയേഷന്‍ സൗജന്യമായി വയറിങും പഌബിങും ചെയ്തു നല്‍കി. കോണ്‍ഗ്രസുകാരും ലീഗുകാരും സഹായങ്ങള്‍ ചെയ്തു. കതിരൂര്‍ സര്‍വീസ് സഹകരണബാങ്കും കെ എസ്ഇബിയും തങ്ങള്‍ക്കാവുന്ന വിധമുളള സഹകരണങ്ങള്‍ ചെയ്തു. ഇതോടെ എട്ടുമാസം കൊണ്ടു എട്ടുലക്ഷം രൂപ ചിലവില്‍ രണ്ടു ബെഡ് റൂമും അടുക്കളയും സെന്‍ട്രല്‍ ഹാളുമെല്ലാമുളള കോണ്‍ക്രീറ്റ് വീടൊരുങ്ങി. തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി പ്രദീപ് നിവാസെന്നാണ് സവിത വീടിന് പേരിട്ടത്. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗംഭീരമായ സദ്യയൊക്കെയായി ഉത്‌സവാന്തരീക്ഷത്തിലാണ് നാട്ടുകാരും പാര്‍ട്ടിക്കാരും ചേര്‍ന്ന് സവിതയുടെ ഗൃഹപ്രവേശനം നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT