കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ File Photo
Kerala

'ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല'; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തിപ്പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്ന് കാന്തപുരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മലപ്പുറം: സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തിപ്പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്ന് കാന്തപുരം പറഞ്ഞു. ആരുടെയും അഭിപ്രായ പ്രകാരമോ ഇഷ്ടമനുസരിച്ചോ അല്ല പണ്ഡിതന്മാര്‍ മതകാര്യങ്ങള്‍ പറയുന്നത്. സമസ്ത പണ്ഡിതന്മാര്‍ക്ക് ഒരിക്കല്‍ പറഞ്ഞ കാര്യം തിരുത്തിപ്പറയേണ്ടി വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറത്ത് നടന്ന പരിപാടിയിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.

മരിക്കുന്നതുവരെ ജമാഅത്തിനു വേണ്ടി പറയാനും പറഞ്ഞാല്‍ അതുകേട്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നല്‍കിത്തരുമാറാകട്ടെ. അത് മുടക്കിക്കളയാനോ തിരുത്തിപ്പറയാനോ ഇവിടെ ഒരാള്‍ക്കും സാധ്യമല്ല. ഒരിക്കല്‍ പറഞ്ഞാല്‍ വ്യക്തികള്‍ക്കോ പാര്‍ട്ടികള്‍ക്കോ വേണ്ടി തിരുത്തിപ്പറയുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ വളരെയധികം ആലോചിച്ച്, ഗ്രന്ഥങ്ങള്‍ പരിശോധിച്ചാണ് ഒരു വിധി പറയുന്നത്. അത് മാറ്റിപ്പറയില്ല -കാന്തപുരം പറഞ്ഞു.

കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തില്‍ സംസാരിക്കവെ, സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വേദികള്‍ പങ്കിടുന്നതില്‍ നിന്ന് വിലക്കി സമസ്ത സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.

കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കാന്തപുരത്തിന്റെ നിലപാടില്‍ യോജിപ്പില്ലെന്നും മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം നല്‍കാറുണ്ടെന്നും പ്രതികരിച്ചിരുന്നു. ഇന്ന് കാന്തപുരവുമായി കോഴിക്കോട്ട് കൂടിക്കാഴ്ച നടക്കുന്ന പശ്ചാത്തലത്തിലാണ് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ആവശ്യമെങ്കില്‍ തന്റെ നിലപാട് കാന്തപുരത്തിന്റെ മുഖത്തുനോക്കി പറയുമെന്നും അന്‍വര്‍ ഇബ്രാഹിം വ്യക്തമാക്കിയിരുന്നു.

'അദ്ദേഹം ഖുറാനും പ്രവാചകന്റെ ചര്യകളും മനസ്സിലാക്കുന്നതില്‍ സംഭാവനകള്‍ നല്‍കിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ്. പ്രവാചകന്‍ പല കാര്യങ്ങളിലും മികച്ച അധ്യാപനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും പങ്കുവെക്കണമെന്ന് നിര്‍ബന്ധമില്ല' -അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. കാന്തപുരം നടത്തുന്ന നഴ്സിങ് കോളജ് പോലുള്ള സ്ഥാപനങ്ങളെക്കുറിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുകയും, അത്തരം കോളജുകളിലെ വിദ്യാര്‍ഥിനികള്‍ ആശുപത്രികളില്‍ ജോലി ചെയ്യുമല്ലോ എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

'മൊത്തത്തിലുള്ള പശ്ചാത്തലം നോക്കുമ്പോള്‍ എനിക്ക് വലിയ ആശങ്കയൊന്നുമില്ല. എന്നാല്‍ പരസ്യമായി എന്നോട് ചോദിച്ചാല്‍, അദ്ദേഹം നേരിട്ട് ചോദിച്ചാല്‍ പോലും ഞാന്‍ പറയും, മലേഷ്യയില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഞങ്ങളുടെ സര്‍വകലാശാലകളില്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് പഠിക്കുന്നത്. എന്റെ ഭാര്യ ഒരു മെഡിക്കല്‍ ഡോക്ടറാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എന്റെ എല്ലാ മക്കള്‍ക്കും പഠിക്കാനും സ്വാതന്ത്ര്യം നേടാനുമുള്ള എല്ലാ അവസരങ്ങളും നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാ പണ്ഡിതന്മാരുടെയും എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കണമെന്നില്ല. അതുപോലെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും നിലപാടുകളോടും യോജിക്കണമെന്നില്ല' -അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകീട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന അന്‍വര്‍ ഇബ്രാഹിം, രാത്രി 7.30 മുതല്‍ 9.30 വരെ മര്‍കസില്‍ സന്ദര്‍ശനം നടത്തും. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ 'എക്‌സലന്‍സ് അവാര്‍ഡ്' മര്‍കസില്‍ നടക്കുന്ന ചടങ്ങില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ദേഹത്തിന് സമ്മാനിക്കും. തുടര്‍ന്ന് മടവൂര്‍ സിഎം മഖാമിലെത്തുന്ന അദ്ദേഹം അവിടെ 20 മിനിറ്റ് ചെലവഴിച്ച ശേഷം രാത്രി പത്തോടെ താമസസ്ഥലത്തേക്ക് മടങ്ങും.

Kanthapuram Refuses to Revoke Women's Freedom Stance Amid Controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ മാന്ത്രിക വടിയില്ല'; പോംവഴി സ്വയം നിയന്ത്രണമെന്ന് കെഎസ്ഇബി എംഡി

നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !

​ഗ്യുമാറെസ് 'സ്റ്റണ്ണർ'... 'സ്റ്റേഡിയം ഓഫ് ലൈറ്റിൽ' ​​ഗണ്ണേഴ്സിന്റെ ​ഗർജ്ജനം...!!!

RCF: പൊതുമേഖലാ സ്ഥാപനത്തിൽ 326 ഒഴിവ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമക്കാർക്ക് അവസരം !

'9/11 ആക്രമണത്തിന് മുന്‍പ് ബിന്‍ ലാദന്‍ ഇന്ത്യയും ലക്ഷ്യമിട്ടിരുന്നു'; സിഐഎ രേഖകള്‍ പുറത്ത്